ന്യൂദല്‍ഹി: എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളോട് വെള്ളിയാഴ്ച രാത്രി 11:59നുള്ളില്‍ എ.ജി.ആര്‍ നികുതി അടക്കണമെന്ന് താക്കീത് ചെയ്ത് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം.
ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് ടെലികോം കമ്പനികളോട് കുടിശ്ശിക അടക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ആവശ്യപ്പെട്ടത്.
ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലേക്ക് അടക്കാനുള്ള എ.ജി.ആര്‍ കുടിശ്ശികയായ 1.47 ലക്ഷം കോടി രൂപ അടയ്ക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കമ്പനികള്‍ക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.
ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, ഐഡിയ -വോഡഫോണ്‍, എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റ ടെലി കമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്.
കമ്പനികള്‍ക്ക് മാര്‍ച്ച് 17ന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. കോടതി അലക്ഷ്യത്തിന് കേസെടുത്തതില്‍ ഏതെങ്കിലും വിധത്തിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ എന്ത് കൊണ്ട് കേസെടുത്തുകൂട എന്ന കാര്യം കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.