| Friday, 15th May 2015, 10:33 am

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി സര്‍വ്വീസുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് മന്ത്രാലയം കത്ത് നല്‍കി. ഇതിനുള്ള സമ്മതപത്രം അയക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ഊബര്‍, ടാക്‌സിഫോര്‍ഷുവര്‍, ഓളകാബ്‌സ് തുടങ്ങിയ ദല്‍ഹിയിലെ പ്രമുഖ ടാക്‌സി സര്‍വ്വീസുകളുടെ വെബ്‌സൈറ്റുകളും ആപ്പുകളുമായിരിക്കും ബ്ലോക്ക് ചെയ്യപ്പെടുക. മുമ്പ് ഇവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ അടിസ്ഥാനമാക്കിയാണ് ദല്‍ഹി സര്‍ക്കാര്‍ ഇവരുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് അപേക്ഷ നല്‍കിയത്.

2000ലെ ഐ.ടി ആക്റ്റ് സെക്ഷന്‍ 69എയിലെയും 2009ലെ ഐ.ടി റൂള്‍സിലേയും അധികാരങ്ങള്‍ ഉപയോഗിച്ചാണ് ടെലികോം മന്ത്രാലയം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ദല്‍ഹി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പില്‍ രൂപീകരിച്ച പ്രത്യേക സമിതി പരിശോധിച്ചിരുന്നു. ഈ സമിതിയാണ് വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യുന്നതിനായുള്ള തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ഉത്തരവ് ഇറങ്ങിയിട്ടും ഈ ടാക്‌സി സര്‍വ്വീസുകളുടെ സേവനം ജനങ്ങള്‍ക്ക് ഇപ്പോഴും ലഭ്യമാണ്. സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഇന്ത്യയുടെ വിശദീകരണം. സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എച്ച്.ടി.ടി.പി.എസ് സൈറ്റുകള്‍ ഒഴിയകെയുള്ളവയ്ക്കാണ് തങ്ങള്‍ സമ്മതം നല്‍കിയതെന്ന്  അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് ഛരിയ പറഞ്ഞു.

എച്ച്.ടി.ടി.പി.എസ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു സമിതി മൂന്നോ നാലോ മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് ടെലികോം മന്ത്രാലയം സമ്മതിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് ടാക്‌സി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കത്തയച്ചത്. കഴിഞ്ഞ വര്‍ഷം ഒരു ഊബര്‍ ടാക്‌സി ഡ്രൈവര്‍ പീഡനക്കേസില്‍ കുറ്റക്കാരനായതിനെ തുടര്‍ന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടാക്‌സി സര്‍വ്വീസുകള്‍ ദല്‍ഹിയില്‍ നിരോധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more