ഉത്തേജകമരുന്ന് ഉപയോഗം: രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു
DSport
ഉത്തേജകമരുന്ന് ഉപയോഗം: രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2013, 12:26 pm

[]ന്യൂദല്‍ഹി: ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു.

ഉത്തേജ മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇന്ന് അര്‍ജുന അവാര്‍ഡ് സമ്മാനിക്കാനിരിക്കെയാണ്‌ രജ്ഞിത് മഹേശ്വരിയെ ഒഴിവാക്കാനുള്ള നീക്കം. []

കായിക മന്ത്രാലയം ഇതിനായി നീക്കം തുടങ്ങി. മുന്‍പ് രഞ്ജിത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ 3 മാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞിട്ടുണ്ടെന്നുമുള്ള വാര്‍ത്ത ഇന്നാണ് പുറത്ത് വരുന്നത്.

2008 ല്‍ കൊച്ചിയില്‍ നടന്ന നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് രഞ്ജിത് 3 മാസത്തേക്ക് വിലക്ക് നേരിട്ടിരുന്നത്.

അര്‍ജുന അവാര്‍ഡിന്റെ നിയമാവലിയനുസരിച്ച് ഉത്തേജകമരുന്ന് ഉപയോഗിച്ച് പിടിക്കപ്പെട്ട വ്യക്തിയെ ഒരു കാരണവശാലും അര്‍ജുന, ഖേല്‍ രത്‌ന തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കാന്‍ പാടില്ലെന്നാണ്.

ഈ സാഹചര്യത്തില്‍ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട രജ്ഞിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌ക്കാരം നല്‍കരുതെന്നാണ് കായികമന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

ഇക്കാര്യത്തില്‍ കായിക സെക്രട്ടറി പി.കെ ദേവ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇന്നാണ് രാഷ്ട്രപതിയില്‍ നിന്നും രജ്ജിത് അവാര്‍ഡ് സ്വീകരിക്കേണ്ടിയിരുന്നത്. ഇതിനായാണ് മാതാപിതാക്കളുമായി രജ്ജിത് ദല്‍ഹിയില്‍ എത്തിയിരുന്നു.

അതിനിടെ രഞ്ജിത്തിന്  ദല്‍ഹി കേരളാ ഹൗസില്‍ മുറി നിഷേധിച്ചത് വാര്‍ത്തയായിരുന്നു.സംസ്ഥാന പൊതുഭരണ വകുപ്പാണ് രജ്ജിത്തിന് കേരള ഹൗസില്‍ മുറി നിഷേധിച്ചത്.

മുറി അനുവദിക്കണമെന്ന് രജ്ജിത് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ സ്‌പോര്‍ട്്‌സ അതോറിറ്ററി ഒഫ് ഇന്ത്യയും (സായി) സ്‌പോര്‍ട്‌സ് കൗണ്‍സിലും രജ്ജിത്തിന് മുറി നല്‍കണമെന്ന്  ശിപാര്‍ശ നല്‍കിയിരുന്നു.

എന്നാല്‍ മുറി അനുവദിക്കാനാവില്ലെന്നായിരുന്നു സംസ്ഥാന പൊതുഭരണ വകുപ്പിന്റെ നിലപാട്.

അവഗണനയില്‍ ദു:ഖമുണ്ടെന്ന് രജ്ജിത്ത് പ്രതികരിച്ചു. സംഭവം വിവാദമായതോടെ രാത്രിയോടെ അധികൃതര്‍ രജ്ജിത്തിന് മുറി അനുവദിക്കുകയായിരുന്നു.