| Monday, 25th July 2016, 11:29 pm

മരുന്നടിയില്‍ കുടുങ്ങിയ ഇന്ത്യന്‍ താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒളിമ്പിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യന്‍ കായികലോകത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മുന്‍ നിര താരം മരുന്നടിക്ക് പിടിക്കപ്പെട്ടിരിക്കുന്നത്. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നര്‍സിങ് പഞ്ചം യാദവ്.നര്‍സിങ്ങില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ദേശീയ ഉത്തേജക വിരുദ്ധ സമിതിയായ നാഡ മരുന്നടിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു. ബോധപൂര്‍വ്വം ചെയ്തതല്ല, മറ്റാരോ ചതിച്ചതാണെന്നാണ് നര്‍സിങ്ങിന്റെ പ്രതികരണം. എന്തായാലും റിയോയിലേക്ക് യാത്ര തിരിക്കാമെന്നുള്ള നര്‍സിങ്ങിന്റെ സ്വപ്‌നങ്ങള്‍ ഏതാണ്ട് അവസാനിച്ച് കഴിഞ്ഞു. ഇനി ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഔദ്ദ്യേഗിക സ്ഥിരീകരണം കൂടി വന്നാല്‍ മതി.

കായിക ലോകത്തിന്റെ ശാപമാണ് മരുന്നടി അഥവാ ഡോപിങ്. നിരോധിച്ച മരുന്നുകളും മറ്റും ഉപയോഗിച്ച് കളിക്കളത്തിലെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെയാണ് മരുന്നടി എന്ന് പറയുന്നത്. എന്തൊക്കെ മുന്‍കരുതലുകളും നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായാലും മരുന്നടി നിര്‍ഭാദം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇതാദ്യമായല്ല ഒരിന്ത്യന്‍ താരം മരുന്നടിക്ക് പിടിക്കപ്പെടുന്നത്.നിരവധി താരങ്ങള്‍ ഇന്ത്യയില്‍ നിരോധിത മരുന്നുകള്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യയില്‍ ഉത്തേജകമരുന്നുപയോഗത്തിന് പിടിക്കപ്പെട്ട ചിലര്‍

2000ത്തില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ ഡിസ്‌കസ് ത്രോയില്‍ മെഡല്‍ നേടിയ സീമാ ആന്റില്‍ ഉത്തേജക മരുന്നുപയോത്തിന് പിടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സീമയ്ക്ക് ശക്തമായ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വാണിങ് നല്‍കി.

2005ല്‍ ഡിസ്‌കസ് ത്രോ താരങ്ങളായ അനില്‍ കുമാറും നീലം സിങും പിടിക്കപ്പെട്ടു. നിരോധിത മരുന്നായ നോറാഡ്രോസ്‌റ്റെറിയോണാണ് ഇരുവരും ഉപയോഗിച്ചത്. തുടര്‍ന്ന് രണ്ട് പേര്‍ക്കും രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

2010ല്‍ ഷോട്ട് പുട്ട് താരം സൗരഭ് വിജി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നു.

2011ല്‍ ആറ് വനിതാ അത്‌ലറ്റുകളെയാണ് മരുന്നുപയോഗത്തെ തുടര്‍ന്ന് നാഡ ഒരു വര്‍ഷത്തേക്ക് വിലക്കിയത്. അതിലുള്‍പ്പെട്ട് മന്‍ദീപ് കൗര്‍, സിനി ജോസ്,അശ്വനി അകുഞ്ചി എന്നിവര്‍ 2010ലെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ റിലേ ടീമിലെ അംഗങ്ങളായിരുന്നു. നിരോധിത മരുന്നായ അനാബോളിക് സ്റ്റിറോയിഡാണ് അശ്വനിയും സിനിയും മന്‍ദീപും ഉപയോഗിച്ചതായി നാഡയുടെ പരിശോധനയില്‍ തെളിഞ്ഞത്.

2011ല്‍ സ്പ്രിന്റര്‍ ജോന മൗമ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന രണ്ട് വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടി വന്നു.

2015ല്‍ ഇന്ത്യയുടെ കായികചരിത്രത്തിലെ തന്നെ ഏറ്റവു വലിയ മരുന്നടി സംഘമാണ് പിടിക്കപ്പെട്ടത്. ഇരുപത്തിയൊന്നോളം ഭാരദ്വോഹന താരങ്ങളാണ് പിടിക്കപ്പെട്ടത്. എല്ലാവരെയും സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ ഉത്തരവിറക്കി.

We use cookies to give you the best possible experience. Learn more