|

ലാലേട്ടന്റെ എന്‍ട്രിയാണ്; കാറും അദ്ദേഹത്തെ പോലെ ചെരിഞ്ഞ് വരികയാണ്, ഞങ്ങള്‍ ഞെട്ടി: സുജിത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫര്‍ സിനിമയെ കുറിച്ചും ചിത്രത്തിലെ മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ വളരെ അപ്രതീക്ഷിതമായി കിട്ടിയ ഒരു ഷോട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ സുജിത് വാസുദേവ്.

ആ ഒരു ഷോട്ട് ഒരിക്കലും പ്ലാന്‍ഡ് ആയിരുന്നില്ലെന്നും ഷൂട്ട് ചെയ്ത ശേഷമാണ് ആ സീനിന്റെ ഭംഗി മനസിലായതെന്നും സുജിത് പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂസിഫറിലെ ലാലേട്ടന്റെ എന്‍ട്രി സീനില്‍ ലാലേട്ടന്റെ തോളിന്റെ ചെരിവ് പോലെ തന്നെ ഫീല്‍ ചെയ്യിക്കാന്‍ വേണ്ടിയാണോ ആ കാറും ചെരിഞ്ഞ വളവിലൂടെ കൊണ്ടുവന്നത് എന്ന ചോദ്യത്തിനായിരുന്നു സുജിത്തിന്റെ മറുപടി.

കാണുന്നവര്‍ അങ്ങനെ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ലെന്നും പക്ഷേ ആ ഷോട്ട് ഒരിക്കലും പ്ലാന്‍ഡ് ആയിരുന്നില്ലെന്നും സുജിത് പറയുന്നു.

‘ നിങ്ങള്‍ക്ക് വേണമെങ്കില്‍ അങ്ങനെ ആലോചിക്കാം. അത് ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങളും ഇക്കാര്യം പറഞ്ഞിരുന്നു. നിങ്ങള്‍ അങ്ങനെ ആലോചിച്ചിട്ടുണ്ടെങ്കില്‍ അതാണ് ചില സമയത്ത് വരുന്ന ദൈവഭാഗ്യം എന്ന് പറയുന്നത്.

എമ്പുരാനിലും അങ്ങനെ ഒരു ഷോട്ട് കിട്ടണമെന്നുണ്ടായിരുന്നു പക്ഷേ ചെറിയ തോതിലേ കിട്ടിയുള്ളൂ. ലൂസിഫറിലെ ലാലേട്ടന്റെ എന്‍ട്രി സീന്‍ കനകക്കുന്ന് പാലസിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്.

കനകക്കുന്ന് പാലസിലേക്ക് ഒരു കാര്‍ കയറണമെങ്കില്‍ കാറിന് അങ്ങനെ ചെരിഞ്ഞേ വരാന്‍ പറ്റൂ. അതൊരു കാര്യം. കാര്‍ വരുമ്പോഴാണ് നമ്മള്‍ പറയുന്നത് വൗ ലാല്‍ സര്‍ വരുന്നത് പോലെ തന്നെ ഉണ്ടല്ലോ എന്ന്.

അതൊരു വളവും ചരിവുമായിട്ടുള്ള മാസ് എന്‍ട്രിയായിരുന്നു. ഞങ്ങള്‍ തന്നെ ഒന്നു ഞെട്ടി. പരിപാടി കൊളളാമല്ലോ എന്ന് പറഞ്ഞു. ലാല്‍ സാര്‍ വരുന്നത് പോലെ തന്നെ ആണല്ലോ എന്ന് ഞങ്ങള്‍ അപ്പോള്‍ തന്നെ പറഞ്ഞിരുന്നു.

ലക്ക് എന്നൊക്കെ പറയില്ലേ. ആ ലൊക്കേഷന്‍ വേറെ എവിടെയെങ്കിലും ആണെങ്കില്‍ ഈ വളവും ചരിവും ഒന്നും ഉണ്ടാവില്ലല്ലോ. അത് ഭയങ്കര ലക്ക് ഫാക്ടറല്ലേ. എന്തായാലും അതുപോലെ വേണമെന്ന് പറഞ്ഞ് ഒരു റോഡ് ഉണ്ടാക്കിച്ച് ചെയ്യിച്ചതല്ല ആ സീന്‍ ‘ സുജിത് വാസുദേവ് പറഞ്ഞു.

Content Highlight: DOP Sujith Vasudev about Lucifer Mohanlal Intro Scene