മലയാളികള്‍ക്ക് എന്നും അഭിമാനമാണ് സന്തോഷ് തുണ്ടിയില്‍ എന്ന ഛായാഗ്രാഹകന്‍. ബോളിവുഡിലും മോളിവുഡിലും ഒരുപാട് ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍ കൂടിയാണ് അദ്ദേഹം.
കൃഷ് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഹൃതിക് റോഷനുണ്ടായ വലിയൊരു അപകടത്തെ കുറിച്ച് ക്ലബ് എഫ്.എംമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.
കൃഷ് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ഷോട്ടില്‍ ഹൃതിക് റോഷന്‍ ഒരു റൂഫില്‍ നിന്ന് വേറൊരു റൂഫിലേക് ചാടുന്ന രംഗമുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഏഴായിരം ടണ്‍ കപ്പാസിറ്റിയുള്ള കയറുപൊട്ടി ഹൃതിക് താഴേക്ക് വീഴുകയായിരുന്നെന്നും താഴെയുള്ള കടയുടെ ടാര്‍പ്പോളിനില്‍ തട്ടി നിന്നതുകൊണ്ടുമാത്രമാണ് ഹൃതിക് റോഷന്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നുമാണ് സന്തോഷ് തുണ്ടിയില്‍ വെളിപ്പെടുത്തിയിക്കുന്നത്.
‘സിംഗപ്പൂര്‍ സിറ്റിയിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. ഒരുപാട് കോംപ്ലിക്കേറ്റഡ് സീനുകള്‍ ഉണ്ടായിരുന്നു. അന്നൊരു ആക്‌സിഡന്റ് ഉണ്ടായി. ഇന്‍ഡസ്ട്രിയല്‍ കണ്‍സ്ട്രക്ഷന് ഉപയോഗിക്കുന്ന വലിയൊരു ക്രെയിനില്‍ റോപ്പ് കെട്ടി ഹൃതിക് ഒരു റൂഫില്‍ നിന്ന് വേറൊരു റൂഫിലേക് ചാടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്.
ഹൃതിക് ലൂപ്പ് ചെയ്തു പക്ഷെ ഞാന്‍ ക്യാമറയില്‍ കണ്ടില്ല. നോക്കുമ്പോള്‍ ആ റോപ് അങ്ങ് കട്ടായി. 7000 ടണ്‍ കപ്പാസിറ്റിയുള്ള കയറാണതെന്ന് ആക്ഷന്‍ ഡയറക്ടര്‍ പറഞ്ഞിരുന്നതാണ്. ബില്‍ഡിങ്ങിനു താഴെയുള്ള കടയുടെ ടാര്‍പ്പോളിനില്‍ തങ്ങിനിന്നതുകൊണ്ട് മാത്രമാണ് അന്ന് വലിയൊരു അപകടത്തില്‍ നിന്നും ഹൃതിക് രക്ഷപ്പെട്ടത്.’ സന്തോഷ് തുണ്ടിയില്‍ പറയുന്നു.
സിനിമയുടെ ഷൂട്ടിനുമുമ്പ് അസ്സിസ്റ്റന്‍സ് സീന്‍ റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ കയര്‍ റൂഫിലെ തകരത്തില്‍ ഉരഞ്ഞു ബ്രേക്ക് ആയിരുന്നുവെന്നും ഇത് കാണാതെ ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ കയറുപൊട്ടിയതുമാണ് അപകടത്തിന് കാരണമെന്നുമാണ് സന്തോഷ് തുണ്ടിയില്‍ പറയുന്നത്.
2006 ല്‍ ഹൃതിക് റോഷന്‍ കേന്ദ്ര കഥാപാത്രമായി വന്ന സൂപ്പര്‍ഹീറോ സിനിമയാണ് കൃഷ്. രാകേഷ് റോഷനാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും. സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ഇന്ത്യന്‍ സിനിമയുടെ ട്രെന്‍ഡ്സെറ്ററായി ചിത്രം മാറുകയും ചെയ്തു.