| Saturday, 6th April 2024, 4:34 pm

എഡിറ്റിങ്ങിലാണ് ആ കാര്യം മനസിലായത്; മുഴുവന്‍ റീ ഷൂട്ട് ചെയ്യേണ്ടി വന്നു: ആടുജീവിതം സിനിമാറ്റോഗ്രാഫര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിലെ ഓരോ ഷോട്ടോകളും അതിഗംഭീരമായി പ്രേഷകരിലെത്തിച്ച സിനിമാറ്റോഗ്രാഫറാണ് സുനില്‍ കെ.എസ്. സിനിമ കാണുന്ന പ്രേക്ഷകരെ തന്നെ അമ്പരപ്പിക്കുന്ന രീതിയില്‍ ഓരോ സീനുകളും ഒരു പെയിന്റിങ് പോലെ വരച്ചിടാന്‍ സുനിലിന്റെ ക്യാമറക്കണ്ണുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഒരേ സമയം മരുഭൂമിയിലെ ഭീകരതയും സൗന്ദര്യവും മരുപ്പച്ചയും ആടുജീവിതം കാണിച്ചു തന്നു. എന്നാല്‍ മരുഭൂമിയിലെ ഷൂട്ടിങ്ങ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് സുനില്‍ പറയുന്നത്. പലപ്പോഴും വിചാരിച്ച രീതിയിലുള്ള ഒരു ഷോട്ട് കിട്ടുക പ്രയാസമാണെന്നും അതിന് വേണ്ടി വലിയ എഫേര്‍ട്ട് തന്നെ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.

ചില സീനുകള്‍ ഷൂട്ട് ചെയ്ത് സ്‌പോര്‍ട്ട് എഡിറ്റില്‍ കണ്ട ശേഷം വീണ്ടും റീ ഷൂട്ട് ചെയ്യേണ്ടി വന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുനില്‍ ദി ക്യൂ സ്റ്റുഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. റസൂല്‍ പൂക്കുട്ടി, എ.ആര്‍ റഹ്‌മാന്‍ തുടങ്ങിയവരെ പോലും ബ്ലെസി സാര്‍ വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്നും പെര്‍ഫക്ഷന് വേണ്ടി ഏതറ്റം വരെയും ബ്ലെസി സാര്‍ പോകുമെന്നും അദ്ദേഹത്തിന്റെ ആ വിഷനൊപ്പം എല്ലാവരും ഒരുമിച്ച് നിന്നെന്നും സുനില്‍ പറഞ്ഞു.

‘ ബ്ലെസി ചേട്ടന്റെ അത്ര അറിവുള്ള ഒരു ടെക്‌നീഷ്യനെ ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. അദ്ദേഹത്തിന് എല്ലാം അറിയാം. സൗണ്ട്, എഡിറ്റ് എന്നുവേണ്ട എല്ലാം അറിയാം. റസൂലൊക്കെ ശരിക്കും വെള്ളം കുടിച്ചിട്ടുണ്ട്. വീണ്ടും പൊളിച്ചുപണിത് പൊളിച്ചുപണിത് എത്ര തവണയാണെന്നറിയുമോ മാറ്റങ്ങള്‍ വരുത്തിയത്.

റഹ്‌മാന്‍ സാറിനെ കൊണ്ട് പോലും ചില സീനിലൊക്കെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ അഞ്ചാറ് തവണ മാറ്റിച്ചിട്ടുണ്ട്. അദ്ദേഹവും കണ്‍വിന്‍സ് ആയിരുന്നു. ഓക്കെ നമുക്ക് വേറെ ചെയ്തുനോക്കാമെന്ന് പറഞ്ഞ് താത്പര്യത്തോടെ ഒപ്പം നിന്നു. എഡിറ്റര്‍ അടക്കം പുള്ളിയുടെ വിഷനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഒപ്പം നിന്നു.

അതുപോലെ ചില സീനുകള്‍ മൊത്തമായും റീ ഷൂട്ട് ചെയ്യേണ്ട സാഹചര്യം വന്നിട്ടുണ്ട്. പറഞ്ഞാല്‍ സ്‌പോയിലര്‍ ആവും. അവസാനത്തേക്ക് വരുന്ന ഒരു ഭാഗത്ത് ഇവരുടെ എനര്‍ജി ലെവല്‍ ഭയങ്കര കൂടുതലായി നമുക്ക് ഫീല്‍ ചെയ്തു.

ആ ക്ഷീണം നമ്മള്‍ പ്രതീക്ഷിച്ചതുപോലെ വന്നില്ല. നമ്മള്‍ ഉദ്ദേശിച്ചതിലും എനര്‍ജി കൂടിപ്പോയി. ഒരു സീന്‍ അങ്ങനെ തന്നെ റീ ഷൂട്ട് ചെയ്യേണ്ടി വന്നു. ഏര്‍ളി മോണിങ് ഷൂട്ടായിരുന്നു അത്.

സ്‌പോര്‍ട് എഡിറ്റ് ലൈന്‍ അപ്പില്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത് ഫീല്‍ ചെയ്തു. പേസ് ഇച്ചിരി കൂടിപ്പോയെന്ന് തോന്നി. പിന്നെ പൈസയുടെ കാര്യത്തിലൊന്നും ഒരു നോട്ടവുമില്ലായിരുന്നു ഈ പടത്തില്‍. ബഡ്ജറ്റ് ഫിക്‌സ് ചെയ്തിട്ടുണ്ടോ എന്ന് തന്നെ അറിയില്ല. എല്ലാം ഓപ്പണ്‍ ആയിരുന്നു. അത്തരത്തില്‍ പല സീനുകളും റീ ഷൂട്ട് ചെയ്തിട്ടുണ്ട്,’ സുനില്‍ പറഞ്ഞു.

Content Highlight: DOP ks sunil about Reshoot scenes in Aadujeevitham

We use cookies to give you the best possible experience. Learn more