വാതിലുകള്‍ ഇപ്പോഴും തുറന്ന് കിടക്കുകയാണ്; ബംഗാളില്‍ ഇന്ത്യ സഖ്യം മത്സരിക്കാനുള്ള സാധ്യത തള്ളാതെ കോണ്‍ഗ്രസ്
India
വാതിലുകള്‍ ഇപ്പോഴും തുറന്ന് കിടക്കുകയാണ്; ബംഗാളില്‍ ഇന്ത്യ സഖ്യം മത്സരിക്കാനുള്ള സാധ്യത തള്ളാതെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 12:13 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും വാതിലുകള്‍ ഇപ്പോഴും തുറന്ന് കിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. പട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കിയത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍ഗണന നല്‍കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആണെന്നും അതിനാല്‍ അവര്‍ ഇന്ത്യ സഖ്യത്തിന്റെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

‘പശ്ചിമ ബംഗാളില്‍ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് മമത ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്, വാതിലുകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണ്. അവസാന തീരുമാനം എന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല’, ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബിഹാറില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ റാലിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ഐക്യം തുറന്ന് കാട്ടുന്ന റാലിയാണ് പട്‌നയില്‍ നടക്കാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തി വെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ഇത്തവണ വയനാട്ടില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. രാഹുല്‍ ഏത് സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ചര്‍ച്ചയിലാണെന്നും അദ്ദേഹം തന്നെയായിരിക്കും അത് തീരുമാനിക്കുകയെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

Contant Highlight: “Doors Still Open”: Congress As Trinamool Says It’ll Fight All Bengal Seats