ന്യൂദല്‍ഹി: ദൂരദര്‍ശന്റെ ലോഗോ കാവി നിറത്തിലാക്കി പ്രസാർ ഭാരതി. ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം കൊണ്ടുവന്നത്.
നേരത്തെ മഞ്ഞ, നീല നിറത്തില്‍ ആയിരുന്നു ദൂരദര്‍ശന്റെ ലോഗോ. ലോഗോ മാത്രമാണ് മാറ്റിയതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയത് പോലെ തുടരുമെന്നും ഡി.ഡി ന്യൂസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞു. ലോഗോയ്ക്ക് പുറമേ ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവി നിറത്തിലാണ്.
ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളുമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ലോഗോയുടെ നിറം മാറ്റി ദൂരദര്‍ശന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതും വിവാദത്തിന് കാരണമായി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുമതി ലഭിച്ചില്ല.
Content Highlight: Doordarshan was also dipped in saffron; Prasad Bharti changed the color of the logo to saffron