| Thursday, 11th April 2019, 11:13 am

രാഹുല്‍ഗാന്ധിയുടെ ഇന്റര്‍വ്യു വേണമെന്ന് ദൂരദര്‍ശന്‍; നടപടി മോദിയ്ക്കും ബി.ജെ.പിയ്ക്കും കൂടുതല്‍ സമയം അനുവദിക്കുന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തലിനെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഭിമുഖം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് ദൂരദര്‍ശന്റെ കത്ത്. ദൂരദര്‍ശനും രാജ്യസഭാ ടിവിക്കും വേണ്ടി സംയുക്ത അഭിമുഖത്തിനാണ് സമയം തേടിയത്. നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ദൂരദര്‍ശന്‍ കൂടുതല്‍ പ്രക്ഷേപണ സമയം നീക്കി വെക്കുന്നെന്ന കോണ്‍ഗ്രസിന്റെ പരാതി ശരിയാണെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ വെമ്പാട്ടിയാണ് രാഹുലിന് കത്ത് നല്‍കിയിരിക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ അവസരം നല്‍കുന്നതിന് വേണ്ടിയാണ് അഭിമുഖമെന്നും പറയുന്നു. ഏപ്രില്‍ 4ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവു രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സമയത്തിനും സൗകര്യത്തിനുമനുസരിച്ച് അഭിമുഖം എടുക്കാമെന്നുമാണ് പ്രസാര്‍ഭാരതി അറിയിച്ചിരിക്കുന്നത്.

ബി.ജെ.പി ദൂരദര്‍ശനെ ദുരുപയോഗം ചെയ്യുന്നതായി കാണിച്ച് ഏപ്രില്‍ 1ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 31ന് മോദിയുടെ ‘മേം ഭീ ചൗക്കീദാര്‍ ഹൂം’ പരിപാടി 81 മിനുട്ട് തത്സമയം സംപ്രേഷണം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

വിഷയത്തില്‍ ദൂരദര്‍ശന്റെ വിശദീകരണം മനസിലാക്കിയ ശേഷം വിവിധ പാര്‍ട്ടികള്‍ക്ക് എയര്‍ടൈം അനുവദിക്കുന്നത് സംബന്ധിച്ച് വിവേചനം നിലനില്‍ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

ഒരുപാര്‍ട്ടിയ്ക്ക് കൂടുതല്‍ എയര്‍ടൈം കൊടുക്കുന്നതില്‍ നിന്നും ഡി.ഡി ന്യൂസിനോട് പിന്മാറണമെന്ന് ആവശ്യപ്പെടണമെന്നും കമ്മീഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരുമാറ്റ ചട്ടം ലംഘിക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ പ്രത്യേക സമിതിക്ക് പ്രസാര്‍ ഭാരതി രൂപം നല്‍കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പ്രസാര്‍ ഭാരതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more