| Thursday, 5th April 2018, 4:55 pm

'അതു പൊളിച്ച്'; ഐ.പി.എല്ലിലെ പ്രധാന മത്സരങ്ങള്‍ ദൂരദര്‍ശനിലും; സംപ്രേക്ഷണം ചെയ്യുക ഈ മത്സരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ പതിപ്പായ ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണു തിരിതെളിയാന്‍ പോവുകയാണ്. ആദ്യ പത്ത് സീസണുകളില്‍ നിന്നു വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങളുമായാണ് ഐ.പി.എല്‍ ഈ സീസണ്‍ മുതല്‍ കാണികളിലേക്കെത്തുന്നത്. കഴിഞ്ഞ സീസണ്‍ വരെ കളിച്ച ടീമുകളില്‍ നിന്നു വ്യത്യസ്തമായി താരങ്ങളില്‍ ഭൂരിഭാഗവും പുത്തന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.

രണ്ടുവര്‍ഷത്തെ വിലക്കിനു ശേഷം മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും മടങ്ങിയെത്തുന്നെന്നതും ടൂര്‍ണ്ണമെന്റിനു കൊഴുപ്പേകുന്ന കാര്യമാണ്. എന്നാല്‍ ആരാധകര്‍ക്ക സന്തോഷമേകുന്ന മറ്റൊരു വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഐ.പി.എല്‍ പതിനൊന്നാം സീസണിലെ പ്രധാന മത്സരങ്ങള്‍ ഇത്തവണ ദൂരദര്‍ശനും സംപ്രേക്ഷണം ചെയ്യുമെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

ഐ.പി.എല്‍ ദൂരദര്‍ശനിലും സംപ്രേക്ഷണം ചെയ്യുകയാണെങ്കില്‍ മുഖ്യധാര ടെലിവിഷന്‍ ചാനലുകളുടെ ലഭ്യതയില്ലാത്തവര്‍ക്കും ഇത്തവണ ഐ.പി.എല്‍ കാണാന്‍ കഴിയും. സീസണിലും എല്ലാ മത്സരങ്ങളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യുകയില്ല. സീസണിലെ പ്രധാനപ്പെട്ട മത്സരങ്ങള്‍ മാത്രമാണ് ദൂരദര്‍ശന്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുക.


Also Read: ബി.എസ്.പിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുക ലക്ഷ്യം: യു.പിയില്‍ അംബേദ്കര്‍ ജയന്തി ഗംഭീരമായി ആഘോഷിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി


സീസണിലെ ഉദ്ഘാടന മത്സരവും ഉദ്ഘാടന ചടങ്ങുകള്‍ക്കും പുറമേ ഫൈനല്‍ മത്സരവും ചടങ്ങുകളുമാകും ദൂരദര്‍ശനിലൂടെ കാണാന്‍ കഴിയുക. ദൂരദര്‍ശന്‍(ഡിഡി) യിലാകും ഈ മത്സരങ്ങള്‍. ഇതിനു പുറമേ ക്വാളിഫയര്‍ മത്സരങ്ങളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉദ്ഘാടന മത്സരത്തിനു പുറമേ നാലു പ്ലേ ഓഫ് മത്സരവും ദൂരദര്‍ശനില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാളിഫയര്‍-1, എലിമിനേറ്റര്‍, ക്വാളിഫയര്‍-2, ഫൈനല്‍, ചെന്നൈയും മുംബൈയും തമ്മിലുള്ള ഉദ്ഘാടന മത്സര എന്നിവയും ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്‌തേക്കാം.

സ്റ്റാര്‍ ഇന്ത്യയിലാണ് ഇത്തവണ ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. വരുമാനം സ്റ്റാര്‍ ഇന്ത്യയും ദൂരദര്‍ശനും 50: 50 ആനുപാതികത്തില്‍ ഷെയര്‍ ചെയ്യണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐ.പി.എല്ലിന്റെ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യയാണ് സ്വന്തമാക്കിയിരിക്കുന്നത്. 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍. കഴിഞ്ഞവര്‍ഷം വരെ ഇത് സോണി പിക്‌ചേഴ്‌സിനായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more