ന്യൂദല്‍ഹി: സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേര്‍ഡ് ബ്ലോക് നേതാവ് ജി. ദേവരാജന്‍ എന്നിവരുടെ പ്രസംഗങ്ങളില്‍ നിന്ന് ചില വാക്കുകളും പരാമര്‍ശങ്ങളും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ദൂരദര്‍ശന്‍. നേതാക്കളുടെ പ്രസംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പാണ് പ്രസംഗങ്ങളില്‍ നിന്ന് ചില വാക്കുകള്‍ നീക്കം ചെയ്യാന്‍ ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്.
യെച്ചൂരിയുടെ പ്രസംഗത്തില്‍ നിന്ന് ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം, ക്രൂരമായ നിയമങ്ങള്‍’ എന്ന പരാമര്‍ശമുള്‍പ്പടെയുള്ള വാക്കുകളും ജി. ദേവരാജന്റെ പ്രസംഗത്തില്‍ നിന്ന് ‘മുസ്‌ലിം’ എന്ന വാക്കും ഒഴിവാക്കാനാണ് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്. പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് എഴുതി നല്‍കണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം എഴുതി നല്‍കിയപ്പോഴാണ് പരാമര്‍ശവും വാക്കുകളും നീക്കം ചെയ്യാന്‍ ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ദൂരദര്‍ശന്റെ വിശദീകരണം. മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ മിക്ക നേതാക്കളുടെ പ്രസംഗങ്ങളും ഇത്തരത്തില്‍ തിരുത്തിയിട്ടുണ്ടെന്നും ഒരു പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ സീതാറാം യെച്ചൂരിയും ജി.ദേവരാജനും ദൂരദര്‍ശനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നടപടി വിചിത്രമാണെന്ന് യെച്ചൂരി പറഞ്ഞു. ‘പ്രസംഗത്തിന്റെ ഹിന്ദി പതിപ്പില്‍ ദൂരദര്‍ശന്‍ ഒരു തെറ്റും കണ്ടിട്ടില്ല. എന്നാല്‍ അത് ഇംഗ്ലീഷ് കോപ്പിയുടെ വിവര്‍ത്തനമായിരുന്നു. ദൂരദര്‍ശന്റെ നിര്‍ദേശ പ്രകാരം ഇംഗ്ലീഷ് കോപ്പി പരിഷ്‌കരിക്കേണ്ടി വന്നു,’ സീതാറാം യെച്ചൂരി പറഞ്ഞു.
മുസ്‌ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് ദൂരദര്‍ശന്‍ തന്നോട് പറഞ്ഞതെന്ന് ജി. ദേവരാജന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ തന്റെ പ്രസംഗത്തിലുണ്ടായിരുന്നു എന്നും, അത് തുറന്നുകാട്ടാന്‍ ഈ വാക്ക് ഉപയോഗിക്കേണ്ടതുണ്ടെന്നും പറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ദൂരദര്‍ശന്റെ നിര്‍ദേശ പ്രകാരം പരിഷ്‌കരിച്ച പ്രസംഗങ്ങളാണ് ഇരുവരുടേതുമായി റെക്കോര്‍ഡ് ചെയത് ടെലികാസ്റ്റ് ചെയ്തത്. ആകാശവാണിയിലും ഈ പ്രസംഗങ്ങളുടെ പ്രക്ഷേപണമുണ്ടായിരുന്നു.
content highlights: Doordarshan censoredSitaram Yechury and G. Devarajan’s speeches