| Friday, 18th October 2024, 9:41 pm

സംസ്ഥാന ഗാനത്തില്‍ നിന്ന് 'ദ്രാവിഡം' വിട്ടുപോയി; മാപ്പുപറഞ്ഞ് ദൂരദര്‍ശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് വാഴ്ത്തുപാട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പുപറഞ്ഞ് ദൂരദര്‍ശന്‍. തമിഴ് തായ് വാഴ്ത്തുപാട്ടിനെ ബോധപൂര്‍വം അവഹേളിച്ചിട്ടില്ലെന്നാണ് ദൂരദര്‍ശന്റെ പ്രതികരണം. സംസ്ഥാന ഗാനത്തില്‍ നിന്ന് ‘ദ്രാവിഡം’ എന്ന വാക്കുവരുന്ന വരി വിട്ടുപോയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിവാദങ്ങളില്‍ ഡി.ഡി പ്രതികരിച്ചിരിക്കുന്നത്. തായ് പാട്ടിനോട് മനഃപൂര്‍വം അനാദരവ് കാണിച്ചിട്ടില്ലെന്നാണ് ഡി.ഡി പറയുന്നത്. വരി അബദ്ധത്തില്‍ വിട്ടുപോയതാണെന്നും ദൂരദര്‍ശന്‍ പറയുന്നു.

അശ്രദ്ധ സംഭവിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്നും ദൂരദര്‍ശന്‍ പറഞ്ഞു. ഡി.ഡി ഔദ്യോഗിമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞത്.

ഗവര്‍ണര്‍ ആര്‍.എന്‍. രവി പങ്കെടുത്ത ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു സംഭവം നടന്നത്. ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദൂരദര്‍ശന്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തെ ഹിന്ദി ദിനാചരണത്തിനെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ദൂരദര്‍ശന്റെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്ന ഹിന്ദി പരിപാടികളില്‍ അപലപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയെ ഭാഷയെ അടിസ്ഥാനമാക്കി പരിപാടികള്‍ നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

ഹിന്ദി അധിഷ്ഠിതമായി പരിപാടികള്‍ നടത്താന്‍ തന്നെയാണ് തീരുമാനമെങ്കില്‍ പ്രാദേശിക ഭാഷകള്‍ക്കും തുല്യപരിഗണന നല്‍കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയ പദവി നല്‍കുന്നില്ലെന്നും എം.കെ. സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാഴ്ത്തുപാട്ട് വിവാദത്തിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. പാട്ടില്‍ നിന്ന് ദ്രാവിഡം എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിന്റെ നിയമത്തിന് വിരുദ്ധമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാടിനെയും സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെയും ബോധപൂര്‍വം അവഹേളിക്കുന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തിരിച്ചുവിളിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Content Highlight: Doordarshan apologizes for the controversy related to the Tamilnadu’s state song

Latest Stories

Video Stories

We use cookies to give you the best possible experience. Learn more