കോഴിക്കോട്: മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടന വേളയില്‍ വേദിയിലുണ്ടായിരുന്ന സിംഹാസനം എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട ഡൂള്‍ന്യൂസിന്റെ വാര്‍ത്തയില്‍ ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളിയുടെ പ്രസ്താവന നല്‍കിയിരുന്നു. രാവിലെ 11.34ന് മന്ത്രി ഡൂള്‍ന്യൂസിനോടു പ്രതികരിച്ചത് ഇങ്ങനെയാണ്:
ചോദ്യം: മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടന വേദിയില്‍ നിന്നും കസേര എടുത്തുമാറ്റിയ സംഭവമുണ്ടായില്ലേ…
“അതെ”
എന്തായിരുന്നു സംഭവം?
“അത് പോഷ് ആയ സിംഹാസനം പോലെയുള്ള ഒരു കസേര വേദിയില്‍ കണ്ടു. എനിക്കതു വേണ്ടെന്നു തോന്നി.
ആര്‍ക്കുവേണ്ടിയായിരുന്നു അത് ഒരുക്കിയത്?
“അത് എനിക്ക് അറിയില്ല. പരിപാടിയുടെ ഉദ്ഘാടകന്‍ ഞാനായിരുന്നു. എനിക്കുവേണ്ടിയായിരുക്കുമെന്നാണ് തോന്നിയത്. എനിക്കതിന്റെ ആവശ്യമില്ല. അതുകൊണ്ട് ഞാനങ്ങ് മാറ്റി”
ഇക്കാര്യം വാര്‍ത്തയില്‍ ഉദ്ധരിക്കുകയാണ് ഡൂള്‍ന്യൂസ് ചെയ്തത്. വാര്‍ത്തയെക്കുറിച്ചുള്ള പൂര്‍ണ ഉത്തരവാദിത്തബോധത്തോടെയാണ് ഡൂള്‍ന്യൂസ് ഇതു പറയുന്നത്.
വൈകുന്നേരം 5.44ന് മന്ത്രിയുടേതായി എഫ്.ബി പോസ്റ്റില്‍ “മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് ഞാന്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ സിംഹാസന ഇരിപ്പിടം എടുത്തുമാറ്റിയതെന്ന്” അദ്ദേഹം വിശദീകരിക്കുന്നു.
ചില കേന്ദ്രങ്ങളില്‍ നിന്ന് മന്ത്രിയുടെ പ്രസ്താവന ഡൂള്‍ന്യൂസ് തെറ്റായാണ് റിപ്പോര്‍ട്ടു ചെയ്തതെന്ന് പ്രചരണം നടത്തുന്നുണ്ട്. അതുകൊണ്ടാണ് ഈ വിശദീകരണം.
ഒരിക്കല്‍കൂടി, മന്ത്രി ഡൂള്‍ന്യൂസിനോടു പറഞ്ഞ വാക്കുകള്‍ തെറ്റായി വെട്ടിമാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാതെയാണ് ഞങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പൂര്‍ണ ഉത്തരവാദിത്തത്തോടെ വ്യക്തമാക്കുന്നു..
ടീം ഡൂള്‍ന്യൂസ്