അന്ന കീര്‍ത്തി ജോര്‍ജിന് ലാഡ്‌ലി മീഡിയ റീജിയണല്‍ പുരസ്‌കാരം
media award
അന്ന കീര്‍ത്തി ജോര്‍ജിന് ലാഡ്‌ലി മീഡിയ റീജിയണല്‍ പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 11:23 am

മുംബൈ: ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ അന്ന കീര്‍ത്തി ജോര്‍ജിന് ലാഡ്‌ലി മാധ്യമ പുരസ്‌കാരം. യു.എന്‍.എഫ്.പി.എയുടെയും നോര്‍വീജിയന്‍ എംബസിയുടെയും പിന്തുണയോടെ പോപ്പുലേഷന്‍ ഫസ്റ്റ് സംഘടിപ്പിക്കുന്ന 2021ലെ ലാഡ്‌ലി മീഡിയ ആന്റ് അഡ്വര്‍ട്ടൈസിങ്ങ് അവാര്‍ഡ് ഫോര്‍ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി പുരസ്‌കാരത്തിനാണ് അന്ന കീര്‍ത്തി അര്‍ഹയായത്.

ആശ വര്‍ക്കര്‍ക്കൊപ്പം ഒരു ദിവസം/ A Day with an ASHA Worker എന്ന ഡോക്യുമെന്ററിയാണ് സതേണ്‍ റീജിയണ്‍ വിഭാഗത്തില്‍ വെബ് ഡോക്യുമെന്ററി കാറ്റഗറിയില്‍ അവാര്‍ഡ് നേടിയത്. പത്ത് ഭാഷകളില്‍ നിന്നായി വിവിധ വിഭാഗങ്ങളിലേക്ക് വന്ന 900 എന്‍ട്രികളില്‍ നിന്നും 98 മാധ്യമപ്രവര്‍ത്തകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഇതില്‍ നിന്നും തെരഞ്ഞെടുത്ത എന്‍ട്രികള്‍ അടുത്ത ഘട്ടത്തില്‍ ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കും. ഡിസംബര്‍ അഞ്ചിനായിരിക്കും നാഷണല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

നവംബര്‍ 19ന് ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ വെച്ചായിരുന്നു റീജിയണല്‍ വിഭാഗത്തിനുള്ള പുരസ്‌കാര വിതരണം നടത്തിയത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും സ്വതന്ത്ര മാധ്യമസംരഭകയുമായ ഫയേ ഡിസൂസ, യു.എന്‍.എഫ്.പി.എ പ്രതിനിധി ശ്രീരാം ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

അവാര്‍ഡിന് അര്‍ഹമായ അന്ന കീര്‍ത്തിയുടെ ഡോക്യുമെന്ററി മഹാമാരിക്കാലത്ത് ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന പ്രതിസന്ധികളും ഏറ്റവും മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

‘ഈ ഡോക്യുമെന്ററി ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ ബാഹുല്യം തുറന്നുകാട്ടുന്നതായിരുന്നു. അതേസമയം തന്നെ ജോലിസ്ഥലങ്ങളില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അസൗകര്യങ്ങള്‍, കുറഞ്ഞ വേതനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നു.

ആശ വര്‍ക്കര്‍മാരുടെ നിസ്വാര്‍ത്ഥ സേവനം സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. മാത്രമല്ല, ആശ വര്‍ക്കാര്‍മാരെ ജോലിക്കാരായി പരിഗണിക്കാതെ വൊളന്റിയര്‍മാരെ പോലെയാണ് കാണുന്നതെന്ന വിഷയം പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനും ഡോക്യുമെന്ററി സഹായകരമാകുന്നുണ്ട്,’ ജൂറി പറഞ്ഞു.

നോര്‍ത്തേണ്‍ റീജിയണല്‍ വിഭാഗത്തില്‍ ഭത് ബുര്‍ഹാന്‍ ഗ്രൂപ്പ് ചെയ്ത് ബിസിനസ് ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച A Closer Look Transgender in Kashmir എന്ന ഡോക്യുമെന്ററിയാണ് പുരസ്‌കാരത്തിന് അര്‍ഹമായിട്ടുള്ള മറ്റൊരു ഡോക്യുമെന്ററി.

സതേണ്‍ റീജിയണലില്‍ ദ ഹിന്ദുവില്‍ നിന്നും സോമ ബസു, നവമി സുധീഷ് എന്നിവരും ദ കാരവാനില്‍ നിന്നും ശരണ്യ മണിവണ്ണന്‍, സിദ്ധാര്‍ത്ഥ് ഡുബേ എന്നിവരാണ് ഇംഗ്ലിഷ് ഭാഷയിലെ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായത്. ദ വയറില്‍ നിന്നും ഭാരതി കണ്ണന്‍ ബ്ലോഗ് – ഇംഗ്ലിഷിലും അവാര്‍ഡ് നേടി.

അവാര്‍ഡിന് അര്‍ഹമായ ഡോക്യുമെന്ററി


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DoolNews Sub Editor Anna Keerthy George wind Laadli Media Regional Award for documentary