| Tuesday, 4th July 2017, 10:07 am

വസന്തം അവസാനിക്കുന്നില്ല..ജര്‍മ്മനിയില്‍ പുതിയ പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്
കൊഴിഞ്ഞതും, കൊഴിയാനിരിക്കുന്നതുമായ പൂക്കളുടെ സ്ഥാനത്ത് പുതിയ പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞു. ലോകഫുട്‌ബോളിലെ ജര്‍മ്മന്‍ വസന്തം ഈയുടത്ത കാലത്തൊന്നു അവസാനിക്കില്ല എന്നതിനിന്ന് മോസ്‌കോ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ക്ലോസെ, ലാം, മെറ്റസാക്കര്‍ തുടങ്ങിയ വിരമിച്ചവരുടേയും ടോണിക്രൂസ്, ന്യൂയര്‍ തുടങ്ങി വിരമിക്കാനിരിക്കുന്നതുമായ മഹാരഥന്മാരുടെ ഇടങ്ങളിലേക്ക് നിയോഗിക്കപെടാനുള്ളവരെ കണ്ടെത്താനുള്ള പരീക്ഷണ ഇടം മാത്രമായിരുന്നു യൊക്കിം ലോമിന് കോണ്‍ഫെഡറേഷന്‍ കപ്പ്.
ടൂര്‍ണ്ണമെന്റ് തുടങ്ങുബോള്‍ കണ്ടുശീലിച്ച മുഖങ്ങളിലധികവും ജര്‍മ്മന്‍ നിരയിലുണ്ടായിരിന്നില്ല. എങ്കിലും സൈഡ് ലൈനിനപ്പുറത്ത് നിന്ന് കളിനിയന്ത്രിക്കുന്ന/കളിക്കുന്ന ലാമിനെ കണ്ടപ്പോള്‍ സമാധാനമായി. അലക്‌സ് ഫെര്‍ഗൂസന് ശേഷം ഇത്രയേറെ ആരാധകരെ ദീര്‍ഘനാളത്തേക്ക് സൃഷ്ടിച്ച ഒരു പരിശീലകന്‍ വേറെയുണ്ടോ എന്നത് സംശയമാണ്. ഇതയാളുടെ ടൂര്‍ണ്ണമെന്റായിരുന്നു.
പോര്‍ച്ചുഗലും ചിലിയും മെക്‌സിക്കോയും മുന്‍ നിര താരങ്ങളുമായി വന്നപ്പോഴും ലാമിന്റെ കണ്ണ് കോണ്‍ഫഡറേഷന്‍ കപ്പിലേതിനേക്കാള്‍ വരാനിരിക്കുന്ന റഷ്യന്‍ ലോകകപ്പിലായിരുന്നു. ലോകകപ്പിലേക്കിനി ലാമിന് ധൈര്യമായി ടീമിനെ നയിക്കാം..മുള്ളറും, ഓസിലും, ബോട്ടെങ്ങും, സമി ഖദീരയുമടുങ്ങുന്ന ടീമിലേക്ക് ലിയോണ്‍ ഗോറെറ്റ്‌സ്‌ക, അമീന്‍ യുനുസ്, ജൂലിയന്‍ തുടങ്ങിയ പുതിയ താരങ്ങള്‍ കൂടി അണി നിരക്കുന്നതോടെ തുടര്‍ച്ചയായ രണ്ടാം വട്ടവും ലോകകപ്പ് മ്യൂണിക്കിലെത്തിയേക്കാം…….
കിട്ടിയ അവസരം മുതലെടുത്തപ്പോള്‍ ലോകകപ്പിനൊപ്പം കോണ്‍ഫെഡറേഷന്‍ കപ്പും ജര്‍മ്മന്‍ ഷോകേസിലെത്തി….സെമിയില്‍ മെക്‌സിക്കോയുടെ പരിചയസമ്പന്നതയെ യുവത്വത്തിന്റെ വേഗതകൊണ്ട് ജര്‍മ്മനി മറികടന്നെങ്കില്‍ ഫൈനലില്‍ ചിലിക്ക് മുന്നില്‍ പലപ്പോഴും പന്തുകിട്ടാതെ അലഞ്ഞിട്ടുണ്ട് ജര്‍മ്മനിയുടെ യുവത്വം.
എങ്കിലും മോസ്‌കോയില്‍ ചിലിക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്ന പതിനായിരങ്ങള്‍ക്ക് നടുവില്‍ പതറിയില്ല അവര്‍. ആളൊഴിഞ്ഞ വേദികളില്‍ നിന്നും പതിനായിരങ്ങള്‍ നേരിട്ടും ലക്ഷങ്ങള്‍ ടിവിയിലും വീക്ഷിക്കപ്പെടുന്നതിന്റെ സമ്മര്‍ദ്ദം മറികടക്കാനുള്ള പാഠഭാഗമാണ് മോസ്‌കോ ജര്‍മ്മന്‍ യുവത്വത്തിന് നല്‍കിയത്.
ഗോള്‍ ദാഹവുമായി കാളക്കൂറ്റനെപ്പോലെ പാഞ്ഞടുക്കുന്ന വിദാലിനും, വര്‍ഗാസിനും, സാഞ്ചസിനും മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ ‘ജര്‍മ്മന്‍ മതില്‍’ തീര്‍ത്താണ് ചിലിയെ ജര്‍മ്മനി തളച്ചത്. മുന്നേറ്റത്തില്‍ ചിലി മുന്നിട്ടു നിന്നപ്പോള്‍ കിട്ടിയ അവസരങ്ങളില്‍ ലിയോണും കുട്ടരും ഒപ്പത്തിനൊപ്പം തന്നെ നിന്നു. ഒരു ഫൈനലിന്റെ എല്ലാവിധ ആവേശവും മൈതാനത്തുണ്ടായിരുന്നു. ആവേശം ചിലപ്പോള്‍ സൈഡ് ലൈനിനപ്പുറവും കടന്നു.
ആദ്യമായെത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് തന്നെ ചിലി അവിസ്മരണീയമാക്കി..ഒരു നിമിഷത്തെ അശ്രദ്ധ അവരെ നാല് വര്‍ഷത്തേക്ക് രണ്ടാം സ്ഥാനക്കാരിലേക്ക് എത്തിച്ചു എന്നത് മാറ്റിനിര്‍ത്തിയാല്‍ ചിലി കളിയാരാധകര്‍ക്ക് ടൂര്‍ണമെന്റിലുടനീളം സുന്ദര കളിമുഹുര്‍ത്തങ്ങള്‍ സമ്മാനിച്ചു. ലാറ്റിനമേരിക്കയില്‍ ബ്രസീലിനും അര്‍ജന്റീനക്കും പിന്നില്‍ മുന്നാം സ്ഥാനത്തോ അതിനപ്പുറം ടൂര്‍ണമെന്റുകളിലെ കറുത്ത കുതിരകളായോ വിശേഷിക്കപ്പെടേണ്ടവരല്ല ഇനിയും ചിലി.
കഴിഞ്ഞ രണ്ട് കോപ്പ കൊണ്ട് അവരത് തെളിയിച്ചതാണ്. മെസ്സിയും ക്രിസ്റ്റ്യനോയും മാത്രമല്ല താനും അവര്‍ക്കൊപ്പം നില്‍ക്കാന്‍ അര്‍ഹാനാണെന്ന് സാഞ്ചസ് പറഞ്ഞത് വെറും വാക്കായിരുന്നില്ല. അതേ ആത്മവിശ്വാസത്തോടെ ചിലിക്കും പറയാം ബ്രസീലിനും അര്‍ജന്റീനക്കൊപ്പം തന്നെ ലാറ്റിനമേരിക്കന്‍ ശക്തികളാണ് തങ്ങളെന്ന്..
ഒരുപടി കൂടി കടന്ന് ഇവര്‍ക്ക് മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന് തീര്‍ത്തുപറഞ്ഞാല്‍ അതൊരിക്കലും അഹങ്കാരമാവില്ല..കളിമികവിലൂടെ ലോകഫുട്‌ബോളിന് കാട്ടികൊടുത്ത ആത്മവിശ്വാസമാണത്.
We use cookies to give you the best possible experience. Learn more