| Tuesday, 31st May 2022, 10:04 am

ഐ.പി.എല്‍ 2022; ടീം ഓഫ് ദി ടൂര്‍ണമെന്റ്; രാജസ്ഥാന്റെ രണ്ട് താരങ്ങള്‍, ഒരാള്‍ പോലുമില്ലാതെ സൂപ്പര്‍ ടീമുകള്‍; ഡൂള്‍ന്യൂസ് ഇലവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവുമായി ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണ്‍ കൊടിയിറങ്ങിയിരിക്കുകയാണ്. പുതിയ രണ്ട് ടീമുകള്‍ ടൂര്‍ണമെന്റിലേക്ക് കടന്നുവന്നതും, അതില്‍ തന്നെ ഒരു ടീം ചാമ്പ്യന്‍മാരായതും ഐ.പി.എല്ലിന്റെ ആവേശം ഇരട്ടിയാക്കിയിരുന്നു.

സൂപ്പര്‍ ടീമുകളും സൂപ്പര്‍ താരങ്ങളും നിറം മങ്ങിയ സീസണില്‍ പുത്തന്‍ താരോദയങ്ങളും പിറവിയെടുത്തിരുന്നു. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും അടിപതറി വീണപ്പോള്‍ ഒന്നുമാകില്ല എന്നുകരുതിയ പലടീമുകളും പ്ലേ ഓഫിന്റെ പടിവാതില്‍ കടക്കുകയും (കപ്പടിക്കുകയും) ചെയ്തു.

പ്ലേ ഓഫില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും ഫാന്‍ ഫേവറിറ്റായ രാജസ്ഥാന്‍ റോയല്‍സിനും കപ്പിനും ചുണ്ടിനും ഇടയ്ക്ക് കിരീടം നഷ്ടമായപ്പോള്‍ മികച്ച മത്സരങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചു എന്നതാവും ഇരുവരുടേയും നേട്ടം.

ഐ.പി.എല്‍ 2022 അവസാനിക്കുമ്പോള്‍ സീസണിലെ പല ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ക്രിക്കറ്റിന്റെ അണ്‍പ്രഡിക്ടബിലിറ്റി വ്യക്തമാക്കുന്ന തരത്തില്‍ പല താരങ്ങളും ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

അത്തരത്തില്‍ എല്ലാ ടീമുകളിലെ താരങ്ങളെയും ഉള്‍പ്പെടുത്തിയ ഡൂള്‍ന്യൂസിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ്:

ഓപ്പണര്‍

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), കെ.എല്‍. രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

ഐ.പി.എല്‍ 2022യിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരായിരുന്നു ജോസ് ബട്‌ലറും കെ.എല്‍. രാഹുലും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഇവരോളം മികച്ച ഓപ്പണിംഗ് പെയര്‍ ടീം ഓഫ് ദി ടൂര്‍ണമെന്റിന് ഉണ്ടാവില്ല.

മിഡില്‍ ഓര്‍ഡര്‍

രാഹുല്‍ ത്രിപാഠി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഹര്‍ദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റന്‍സ്), ലിയാം ലിവിംഗ്സ്റ്റണ്‍ (പഞ്ചാബ് കിംഗ്‌സ്), ദിനേഷ് കാര്‍ത്തിക് (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ഏതൊരു ടീമിന്റെയും കരുത്ത് അവരുടെ മധ്യനിര കൂടിയാണ്. ഓള്‍ റൗണ്ടര്‍മാരും വമ്പനടിക്കാരും കരുത്തേകുന്ന മധ്യനിര വമ്പന്‍ സ്‌കോറുകള്‍ പടുത്തുയര്‍ത്താന്‍ അനിവാര്യവുമാണ്.

സണ്‍റൈസേഴ്‌സ് യുവരക്തമായ രാഹുല്‍ ത്രിപാഠിയും പഞ്ചാബ് കിംഗ്‌സിന്റെ വമ്പനടി വീരന്‍ ലിയാം ലിവിംഗ്‌സ്റ്റണും കരുത്താകുന്ന മധ്യനിരയില്‍, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക്കും റാഷിദും എത്തുന്നതോടെ ടീം ഡബിള്‍ സ്‌ട്രോംഗാവും.

വിക്കറ്റിന് പിന്നിലെ കരുത്തായും, അവശ്യസമയങ്ങളില്‍ ആഞ്ഞടിക്കാന്‍ ഡി.കെ കൂടിയാകുമ്പോള്‍ മധ്യനിര സുശക്തമാവുമെന്നുറപ്പ്.

ബൗളേഴ്‌സ്

ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു), മൊഹ്‌സിന്‍ ഖാന്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), യുസ്വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍ റോയല്‍സ്), വാനിന്ദു ഹസരങ്ക (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു)

ഹര്‍ഷല്‍ പട്ടേലിന്റെ വലം കയ്യും യുവതാരം മൊഹ്‌സിന്‍ ഖാന്റെ ഇടംകയ്യും ടീമിന് കരുത്താവും. ഒപ്പം തന്നെ പര്‍പ്പിള്‍ ക്യാപ്പിനായി ഇഞ്ചോടിഞ്ച് പൊരുതിയ ചഹലും ഹസരങ്കയും ലെഗ്‌സ്പിന്നിലെ കരുത്താവുമ്പോള്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ് പൂര്‍ത്തിയാവും.

ഐ.പി.എല്‍ 2022 ടീം ഓഫ് ദി ടൂര്‍ണമെന്റ്

1. ജോസ് ബട്‌ലര്‍
2. കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍)
3. രാഹുല്‍ ത്രിപാഠി
4. ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍)
5. ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)
6. ലിയാം ലിവിംഗ്‌സ്റ്റണ്‍
7. റാഷിദ് ഖാന്‍
8.ഹര്‍ഷല്‍ പട്ടേല്‍
9. യുസ്വേന്ദ്ര ചഹല്‍
10. മൊഹ്‌സിന്‍ ഖാന്‍
11. വാനിന്ദു ഹസരങ്ക

Content Highlight: DoolNews’s team of the tournament

We use cookies to give you the best possible experience. Learn more