ഡൂള്‍ന്യൂസ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു; നടപടി ആവശ്യപ്പെട്ട് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി
Kerala News
ഡൂള്‍ന്യൂസ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു; നടപടി ആവശ്യപ്പെട്ട് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 11:47 pm

കോഴിക്കോട്: ഡൂള്‍ന്യൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ പേജിന്റെ പ്രൊഫൈല്‍ പിക്ച്ചറും കവര്‍ പികും മാറുകയും പേജില്‍ പല ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഡൂള്‍ന്യൂസ് പേജ് റിക്കവര്‍ ചെയ്യാനുള്ള ശ്രമം നടത്തുകയും പൊലീസിലും സൈബര്‍ സ്റ്റേഷനിലും ഉടനടി പരാതി പെടുകയും ചെയ്തു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി മാതൃകപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കമ്മീഷണര്‍ക്കും ഡൂള്‍ന്യൂസിലെ  മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ അഡ്മിന്റെയോ അഡ്മിന്‍ അധികാരമുള്ള സ്റ്റാഫുകളുടെയോ
അറിവില്ലാതെ 7.30 pm ഓടെ പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയും മാറുകയായിരുന്നു. വ്‌ളാദിമിര്‍ പുടിന്റെയും ഷി ജിന്‍പിങിന്റെയും ചിത്രങ്ങളായിരുന്നു ഇത്തരത്തില്‍ ആദ്യം വന്നത്.

സ്റ്റാഫുകളില്‍ ഒരാളുടെ പ്രൊഫൈല്‍ ഹാക്ക് ചെയ്താണ് ഇത് നടന്നതെന്നാണ് കരുതുന്നത്. ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ ഈ ചിത്രങ്ങള്‍ മാറ്റി പഴയ സ്ഥിതിയിലേക്ക് മാറ്റാന്‍ ഡൂള്‍ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയില്‍ വീണ്ടും മറ്റൊരു സ്റ്റാഫിന്റെ പ്രൊഫൈലില്‍ നിന്നും പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയും മാറി.

ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ ചിത്രങ്ങളായിരുന്നു ഇത്തരത്തില്‍ കവറിലും പ്രൊഫൈലിലും വന്നത്. ഇതിനൊപ്പം ഡൂള്‍ന്യൂസിന്റെ പേജില്‍ ഐ.എസ്.ഐ.എസിന്റെ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ബിനാന്‍സ്, ന്യൂയോര്‍ക് ടൈംസ് എന്നിവയുടെ ലിങ്കുകളും പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബയോയിലെ വിവരങ്ങളും കോണ്‍ടാക്ട് നമ്പറുകളും മാറുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ തങ്ങളുടെ അറിവില്ലാതെ വരുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനും പേജ് റിക്കവര്‍ ചെയ്യാനുമുള്ള ശ്രമങ്ങള്‍ സ്റ്റാഫുകള്‍ നടത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് എട്ട് മണിയോടെ പേജിനെ പഴയ നിലയിലാക്കാനായി.

സംഭവം നടന്ന് ഏറ്റവുമടുത്ത മണിക്കൂറുകളില്‍ തന്നെ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഡൂള്‍ന്യൂസ് പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും ഇമെയില്‍ വഴി പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

13 വര്‍ഷമായി ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡൂള്‍ന്യൂസെന്നും സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തുന്നതിന് വേണ്ടി ആരോ ബോധപൂര്‍വം നടത്തിയ പ്രവര്‍ത്തനമാണോ ഇതെന്ന് സംശയിക്കുന്നതായും ഡൂള്‍ന്യൂസ് മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.

Content Highlight: DoolNews official Facebook page got hacked