തൊഴിലാളി ദിന അഭിവാദ്യങ്ങള്‍
ഒന്‍പത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഡൂള്‍ന്യൂസ് ഔപചാരികമായി ആരംഭിക്കുന്നത്. 2009 മെയ് ഒന്നിന്. ഒന്‍പത് വര്‍ഷം പിന്നിടുന്ന ഓണ്‍ലൈന്‍ ന്യൂസ് സ്ഥാപനമെന്ന നിലയില്‍ അഭിമാനവും ആഹ്ലാദവും ഉണ്ട്; വര്‍ദ്ധിച്ച ഉത്തരവാദിത്തബോധത്തിനും ജാഗ്രതയ്ക്കും ഒപ്പം. ഒരു മാധ്യമ സ്ഥാപനത്തിന് ഒന്‍പത് വര്‍ഷം എന്നത് ദീര്‍ഘമായ ഒരു കാലയളവൊന്നുമല്ല. പക്ഷേ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ നിറം പിടിപ്പിച്ച നുണകളും ഗൗരവരഹിതമായ ഊഹാപോഹങ്ങളും ബോധപൂര്‍വ്വമായി മഞ്ഞനിറം കലര്‍ത്തിയ കഥകളും കൊണ്ട് നിറഞ്ഞ കാലത്ത്, ഡൂള്‍ന്യൂസ് ആ ഒഴുക്കില്‍ പെടാതെ പിടിച്ചു നിന്നു.
തെറ്റുകളും അബദ്ധങ്ങളും തീര്‍ച്ചയായും ഞങ്ങള്‍ക്കും പറ്റിയിട്ടുണ്ട്. പക്ഷേ ആ തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ ഏറ്റു പറയാനും കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ, നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തോടെ വാര്‍ത്താമേഖലയില്‍ ഇടപെട്ടിരുന്ന മറ്റ് പല ഓണ്‍ലൈന്‍ ന്യൂസ് സ്ഥാപനങ്ങളും ഉണ്ടായിരുന്നു ഞങ്ങള്‍ക്കൊപ്പം. പുതിയ വാര്‍ത്തമുഖത്തിന്റെ സാധ്യതകള്‍ മുഴുവന്‍ തുറന്നുവരുന്നത് മുമ്പ് വിപണിയോട് എതിരിട്ട് നില്‍ക്കാനാവാതെ അവരില്‍ പലരും ഇല്ലാതാവുകയും ചെയ്തു. ആ സ്ഥാപനങ്ങളെ കൂടെ ഞങ്ങളീയവസരത്തില്‍ ഓര്‍മ്മിക്കുന്നു.
കൂടുതല്‍ സങ്കീര്‍ണ്ണവും ആയാസകരവുമായ ഒരു കാലത്തേയ്ക്കാണ് ഓണ്‍ലൈന്‍ വാര്‍ത്താ രംഗം പ്രവേശിക്കുന്നത്. വാര്‍ത്തായുദ്ധങ്ങളും ആശയയുദ്ധങ്ങളും ഓണ്‍ലൈനിലേയ്ക്ക് ഏതാണ്ട് പൂര്‍ണ്ണമായും മാറിയിരിക്കുന്നു. വര്‍ദ്ധിച്ച സാക്ഷരത എന്ന പുരോഗതിയാണ് റേഡിയോയില്‍ നിന്ന് അച്ചടിമാധ്യമങ്ങളുടെ അധീശത്വത്തിലേയക്ക് ഇന്ത്യയിലെ വാര്‍ത്താവിനിമയം മാറ്റിയത്. ഇലക്ട്രോണിക് യുഗത്തിന്റെ തുടര്‍ച്ചയായി അരങ്ങ് വാണ ടെലിവിഷനില്‍ നിന്ന് ഡിജിറ്റല്‍ സാക്ഷരത എന്ന സാങ്കേതികാശയത്തിന്റെ ചുമലിലേന്തി ഓണ്‍ലൈന്‍ ന്യൂസ് സ്ഥാപനങ്ങള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത സ്രോതസായി മാറുകയാണ്.
ബഹുരാഷ്ട്ര കുത്തകകളുടേയും രാഷ്ട്രീയ-സ്വകാര്യ മൂലധനകേന്ദ്രങ്ങളുടേയും താത്പര്യങ്ങള്‍ക്ക് വേണ്ടി അച്ചടിമാധ്യമങ്ങളും ടി.വി ചാനലുകളും വ്യവസായാടിസ്ഥാനത്തില്‍ വാര്‍ത്ത സൃഷ്ടിക്കുകയും തമസ്‌കരിക്കുകയും ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ രംഗത്ത് വ്യക്തിത്വമുള്ള ബദല്‍ സ്ഥാപനങ്ങള്‍ വളര്‍ന്നു വരുന്നു. ആദ്യകാലത്ത് അച്ചടിമാധ്യമങ്ങള്‍ ഉണ്ടായിവന്ന അതേ രീതിയില്‍ മൂലധനത്തിന് പകരം വാര്‍ത്തകളോടും സമൂഹത്തോടും നൈതികമായ സത്യസന്ധത പുലര്‍ത്തണമെന്നും സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകണം എന്നും കരുതുന്ന ജേര്‍ണലിസ്റ്റുകളുടെ സംരംഭങ്ങളായാണ് ഓണ്‍ലൈന്‍ വാര്‍ത്ത സ്ഥാപനങ്ങള്‍ കൂടുതലായും ഇക്കാലത്തുണ്ടായത്.
ജേര്‍ണലിസമെന്നത് പക്ഷം പിടിക്കാത്ത, രാഷ്ട്രീയമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്താത്ത, സന്തുലിതമായ നിലപാടുകളുള്ള, ഉദാത്തമെന്ന സങ്കല്പത്തോട് നീതിപുലര്‍ത്തുന്ന ഒന്നാണെന്നാണ് നമ്മളെപ്പോഴും ധരിച്ചവശായിരിക്കുന്നത്. എന്നാല്‍ ഡൂള്‍ന്യൂസിനെ സംബന്ധിച്ച് ജേര്‍ണലിസം തികച്ചും പക്ഷം പിടിക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. അത് നൈതികത എന്ന സങ്കല്പത്തോട് ഏതു സമയത്തും ചേര്‍ന്നു നില്‍ക്കും.
നീതിയാണ് ഞങ്ങളുടെ അളവ് കോല്‍. അരുക്കാക്കപ്പെട്ട, വിവേചനമനുഭവിക്കുന്ന, ഒറ്റപ്പെടുന്ന മനുഷ്യരോടും സമൂഹങ്ങളോടും അവരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോടും ഐക്യപ്പെടുക എന്നത് ഇക്കാലത്തെ ജേര്‍ണലിസത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. “ഏതൊരു സമൂഹത്തിന്റേയും പുരോഗതി ആ സമൂഹത്തിലെ സ്ത്രീകള്‍ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ വിലയിരുത്തുക” എന്ന ഡോ. അംബേദ്കറുടെ വിഖ്യാതമായ നിലപാട് ഇപ്പോഴും ഏറ്റവും പ്രസക്തവും പ്രധാനവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സ്വതന്ത്രമായ ജേര്‍ണലിസം സ്വഭാവികമായും വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാര കേസുകളും വമ്പന്‍ അഭിഭാഷകരുടെ സാന്നിധ്യവും കൊണ്ട് വാര്‍ത്തകളെ ഇല്ലാതാക്കാമെന്ന് ഉറപ്പുള്ള മൂലധന-രാഷ്ട്രീയ ലോകം നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍-സ്വതന്ത്ര സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വാര്‍ത്തകളെ ഭയക്കുന്ന ഭരണകൂടം അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയാനുമുള്ള ബില്ലുമായി രംഗത്തുണ്ട്.
സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്കും പരസ്യമായ അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കും പത്ര സ്വാതന്ത്ര്യത്തിനും വെല്ലുവിളിയുയരുമ്പോള്‍ നമുക്ക് കാവല്‍ നില്‍ക്കേണ്ടത് ഇന്ത്യയുടെ ഭരണഘടനയാണ്. എന്നാല്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും അടിസ്ഥാനമായുള്ള ഭരണഘടനയും ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഇത്രയും സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായ വാര്‍ത്താകാലത്തെ ഇന്ത്യ അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. അടിയന്തിരാവസ്ഥകാലത്തുപോലും ഭരണകൂടത്തെ കുറച്ചു കൂടി വിമര്‍ശനാത്മകമായി സമീപിക്കാന്‍ തയ്യാറായ ഒരു മുഖ്യധാര ജേര്‍ണലിസം ഇവിടെ നിലനിന്നിരുന്നു. പക്ഷേ ഭരണകൂടങ്ങളോടും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടും കലഹിച്ചുകൊണ്ടാല്ലാതെ നൈതികത എന്ന ആശയത്തിലൂന്നി ജേര്‍ണലിസം മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമല്ല എന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്.
ഒന്‍പത് വര്‍ഷത്തെ ഹൃസ്വമെങ്കിലും സംഭവബഹുലമായ ചരിത്രത്തില്‍ ഞങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച ഒട്ടേറെ പേരുണ്ടായിരുന്നു. മനസുകൊണ്ടും സാമീപ്യം കൊണ്ടും വിമര്‍ശനം കൊണ്ടും ഇടപെടല്‍ കൊണ്ടും തിരുത്തലുകള്‍ കൊണ്ടും ഹൃദയംഗമായ സൗഹൃദം കൊണ്ടും ഞങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചവര്‍. അത് ഞങ്ങളുടെ സ്ഥാപകപത്രാധിപര്‍ ശ്രീ. ബാബുഭരദ്വാജിന്റെ അസാമാന്യമായ കാന്തിക പ്രഭാവം കൊണ്ടുകൂടി സംഭവിച്ചതാണ്. ഒരു കാലഘട്ടം ഡൂള്‍ പിന്നിടുമ്പോള്‍ സ്നേഹത്തോടും ആദരവോടും അഭിമാനത്തോടും കൂടി ബാബുഭരദ്വാജിനെ ഞങ്ങള്‍ സ്മരിക്കുന്നു.
തീഷ്ണമായ നിലപാടുകള്‍ കൊണ്ടും ജാഗ്രതകൊണ്ടും അദ്ദേഹം തുറന്നു തന്ന വാതിലൂടെയാണ് ഞങ്ങള്‍ ലോകത്തെ കാണുന്നത്. ലോകം ഞങ്ങളേയും കാണുന്നത്. ഇക്കാലത്തെല്ലാം കൂടെ നിന്ന മനുഷ്യരോടുള്ള കടപ്പാടുകൂടി ഈയവരസത്തില്‍ ഉച്ചത്തില്‍ ആവര്‍ത്തിക്കേണ്ടതാണ്. അതോടൊപ്പം തീക്ഷ്ണമായ വിമര്‍ശനം കൊണ്ടും ഞങ്ങള്‍ കൈക്കൊള്ളുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ടും ആക്ഷേപങ്ങളുയര്‍ത്തി അപഹസിച്ചവരുമുണ്ട്. പക്ഷേ അവരുടേയും സമയവും ശ്രദ്ധയും ഞങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കപ്പെട്ടു എന്ന തരത്തില്‍ അവരോടും കളവല്ലാത്ത കടപ്പാടുമുണ്ട്.
ഇന്ത്യയില്‍ ഉത്തരവാദിത്തത്തോടെയും ജനാഭിമുഖ്യത്തോടെയും ജേര്‍ണലിസം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ഐ.പി.എസ്.എം.എഫ്. (ദി ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍) ഫെല്ലോഷിപ് ലഭിക്കുന്ന ഒരേയൊരു മലയാളം വാര്‍ത്ത മാധ്യമമാണ് ഡൂള്‍ ന്യൂസ് എന്ന കാര്യവും ഈയവസരത്തില്‍ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. ദ വയ്ര്‍, ലൈവ് ലോ, ഇക്കണോമികസ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി (ഇ.പി.ഡബ്ലിയു), ഡൗണ്‍ റ്റു എര്‍ത്ത് തുടങ്ങി ഇന്ത്യയിലെ ജേര്‍ണലിസത്തില്‍ ഗൗരവത്തോടെ, അര്‍പ്പണ ബുദ്ധിയോടെ സമീപിക്കുന്ന പല വാര്‍ത്താസ്ഥാപനങ്ങള്‍ക്കുമൊപ്പമാണ് ഡൂള്‍ന്യൂസിന് ഈ ഫെല്ലോഷിപ്പ് ലഭിക്കുന്നത് എന്നുള്ള കാര്യവും അഭിമാനത്തോടെ സൂചിപ്പിക്കുന്നു.
പുതിയകാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് പുതിയ ഒരു രൂപത്തിലേയ്ക്കും കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിലേയ്ക്കും ഞങ്ങള്‍ കടക്കുകയാണ്. ഒന്‍പതുവര്‍ഷങ്ങളില്‍ ഞങ്ങളെ ഞങ്ങളാക്കി മാറ്റിയ ടീമിനൊപ്പം മലയാള മാധ്യമരംഗത്ത് സവിശേഷ വ്യക്തിമുദ്രപതിപ്പിച്ച ജേര്‍ണലിസ്റ്റുകളും ഏറ്റവും പുതുതലമുറയും ഇനി ഡൂള്‍ ന്യൂസിന്റെ ഭാഗമായിക്കും. പരമ്പരാഗത ശൈലിയിലുള്ള വാര്‍ത്താ സ്റ്റോറികള്‍ക്കൊപ്പം ന്യൂമീഡിയ വീഡിയോ സ്റ്റോറികളും ഡോക്യുമെന്ററികളും തുടങ്ങി വാര്‍ത്തകളുടെ സാധ്യമായ എല്ലാ വാതായനങ്ങളും ഞങ്ങള്‍ തുറന്നിടുകയാണ്. പരമ്പരാഗത വായനക്കാര്‍ക്കൊപ്പം പുതുതലമുറയ്ക്കും പുതു ശൈലികള്‍ക്കും പുത്തന്‍ ഭാവുകത്വത്തിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്.
ഇക്കാലത്തെ വെല്ലുവിളികളുടെ കൂട്ടത്തില്‍ പ്രധാനമായുള്ളത് വാര്‍ത്തകളുടെ വ്യാപനമാണ്. വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കുകയാണ് നാമോരുത്തരും. ഫേസ്ബുക്കിലാകട്ടെ, ട്വിറ്ററിലാകട്ടെ, വാട്സ്അപ്പിലാകട്ടെ നമ്മള്‍ കാണുന്ന ലിങ്കുകളിലൂടെയാണ് വാര്‍ത്തകളുടെ പ്രഭവകേന്ദ്രത്തിലേയ്ക്ക് എത്തുന്നത്.
ഈ ആശ്രയത്വം സ്വതന്ത്ര ഓണ്‍ലൈന്‍ വാര്‍ത്തമാധ്യമങ്ങള്‍ക്കുണ്ട് എന്ന പരിമിതി മനസിലാക്കിക്കൊണ്ടുതന്നെ ഫേസ്ബുക്ക് അവരുടെ നയത്തില്‍ ചില മാറ്റങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തി. അതനുസരിച്ച് വാര്‍ത്തകളുടെ ലിങ്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിട്ടുണ്ടെങ്കില്‍ പുതിയ അല്‍ഗോരിതത്തിന്റെ സഹായത്തോടെ ഫേസ്ബുക്ക് അതിന്റെ വ്യാപനം പരിമിതപ്പെടുത്തും. അതോടെ വായനക്കാരുടെ എണ്ണം തുലോം പരിമിതപ്പെടും. വലിയ ഭൂചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ലോകമറിയേണ്ട ചില വാര്‍ത്തകളുണ്ട്. അതിന്റെ വ്യാപനം ചെറിയതോതിലെങ്കിലും തടസപ്പെടുന്നത് തികച്ചും സങ്കടകരമാണ്.
അതുകൊണ്ട് പ്രിയപ്പെട്ട വായനക്കാരുടെ സഹായം കൂടി ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥിക്കാന്‍ ഈ അവസരം ഞങ്ങളുപയോഗിക്കുകയാണ്. വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്യുന്നതിനൊപ്പം അത് സുഹൃത്തുകളും സമാനമനസ്‌കരുമായി പങ്കുവയ്ക്കാനും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു സ്വതന്ത്രവാര്‍ത്ത സ്ഥാപനത്തിന്റെ നിലനില്‍പ്പ് വായനക്കാരുടെ ഇടപെടലിലാണ്. നിങ്ങളുടെ പ്രോത്സാഹനവും വിമര്‍ശനവും ഏറ്റവുമധികം സ്വാഗതം ചെയ്യുന്നു. ഓരോ വായനക്കാരും/ന്യുമീഡിയ സ്റ്റോറികളുടെ കാഴ്ചക്കാരും യഥാര്‍ത്ഥതത്തില്‍ ജേര്‍ണലിസ്റ്റുകള്‍ കൂടിയാണ്.
നിങ്ങളുടെ കണ്‍മുമ്പിലൊരു അനീതി കാണുന്നുണ്ടോ, നിങ്ങള്‍ക്ക് നിശിതമായ അഭിപ്രായങ്ങളുണ്ടോ, നിങ്ങള്‍ക്ക് മുമ്പില്‍ വാര്‍ത്തകളായി മാറേണ്ട ദൃശ്യങ്ങളുണ്ടോ, നിങ്ങള്‍ക്ക് അതിനോട് പ്രതികരിക്കുവാന്‍ കഴിയുന്നുണ്ടോ? ഇതിലേതെങ്കിലും ഒന്നിന് അതേയെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ജേര്‍ണലിസ്റ്റാണ്. വാര്‍ത്തകളും വിവരങ്ങളും ദൃശ്യങ്ങളും കൈമാറി നിങ്ങളും ഡൂള്‍ ന്യൂസിന്റെ ഭാഗമാകൂ. അതോടൊപ്പം ജേര്‍ണലിസമെന്ന ഉത്തരവാദിത്തമുള്ള പ്രൊഫഷന്റേയും. ഞങ്ങളുടേത് പോലുള്ള ഒരു സ്വതന്ത്രവാര്‍ത്ത സ്ഥാപനത്തെ നിലനിര്‍ത്താനുള്ള നിങ്ങളുടെ എല്ലാ സംഭാവനകളും മൂല്യവത്താണ്.
ഒന്‍പത് വര്‍ഷം കൂടെ നിന്നവര്‍ക്ക്, വിമര്‍ശിച്ചവര്‍ക്ക്, പുതുതായി ഞങ്ങള്‍ക്കൊപ്പം വന്നുചേര്‍ന്നവര്‍ക്ക്, ഇനിവരാനിരിക്കുന്നവര്‍ക്ക്, ഡൂള്‍ന്യൂസിന്റെ നന്ദിയും സ്നേഹവും.
ശ്രീജിത്ത് ദിവാകരന്‍ (എക്സിക്യൂട്ടീവ് എഡിറ്റര്‍)
മുഹമ്മദ് സുഹൈല്‍ (മാനേജിങ് എഡിറ്റര്‍)