| Wednesday, 18th May 2022, 9:42 pm

എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്, രാഷ്ട്രീയമില്ലാത്ത സിനിമ എന്നു പറയുന്നത് കള്ളത്തരമാണ്

സഫ്‌വാന്‍ കാളികാവ്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റത്തീന സംവിധാനം  ചെയ്ത  ‘പുഴു’ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജാതിബോധം, ടോക്‌സിക് പേരന്റിംഗ്, മുസ്‌ലിം പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഖാലിദ് റഹ്മാന്‍- മമ്മൂട്ടി ചിത്രം ‘ഉണ്ട’യിലൂടെ മലയാളികള്‍ക്ക് സുപരിചതനായ ഹര്‍ഷാദിന്റെ കഥയ്ക്ക് തിരക്കഥയെഴിതിയിരിക്കുന്നത് ഹര്‍ഷാദും സുഹാസും ഷറഫുവും ചേര്‍ന്നാണ്‌. സിനിമയുടെ വിശേഷങ്ങളും ചിത്രംവന്ന വഴിയും പറയുകയാണ് തിരക്കഥാകൃത്ത് ഹര്‍ഷാദ്. ഹര്‍ഷാദ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖം വായിക്കാം.

പുഴു ഇറങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയിലാകെ ഒരു പുഴു മയമാണ്. സീന്‍ ബൈ സീനായി സിനിമയെ സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. പുഴു ഇങ്ങനെ സ്വീകരിക്കുമെന്ന് കരുതിയിരുന്നോ?

സിനിമ ഇറങ്ങക്കഴിഞ്ഞല്ലോ. അതിന്റെ ഭാഗമായ ആളെന്ന നിലയില്‍ നമ്മുക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. പല രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ നടക്കട്ടെ. നമ്മള്‍ ഒരു സിനിമ ചെയ്ത് ആളുകള്‍ക്കത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആളുകള്‍ അത് ചര്‍ച്ച ചെയ്യുന്നു എന്നത് വളരെ സന്തോഷമായ കാര്യമാണ്.

പുതിയ സിനിമ ചെയ്യാനും അതൊരു പ്രോത്സാഹനമാണ്. നമ്മള്‍ വിചാരിച്ചത് തന്നെ എല്ലാവരും പറയണം എന്ന വാശി എനിക്കില്ല. ഒരു കലാസൃഷ്ടി എന്ന നിലയില്‍ പ്രേക്ഷകന് ഇതിനെ ഏതുവിധത്തിലും വായിക്കാം, കീറിമുറിക്കാം, വിശകലനം ചെയ്യാം എന്തും ചെയ്യാം, ഒരു പ്രശ്നവുമില്ല. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു.

ഹര്‍ഷദിന്റെ എഴുത്തില്‍ പുറത്തിറങ്ങിയ പുഴു ആയാലും ഉണ്ടയായാലും കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളാണ്. ഭാഗമാകുന്ന സിനിമകളില്‍ പൊളിറ്റിക്സ് പറയണമെന്ന് ഹര്‍ഷദ് എന്ന എഴുത്തുകാരന് നിര്‍ബന്ധമുണ്ടോ?

രാഷ്ട്രീയമില്ലാത്ത ഒരു സിനിമയുടെ പേര് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? കഴിയില്ല, എല്ലാ സിനിമയിലും എല്ലാ കലാസൃഷ്ടിയിലും രാഷ്ട്രീയമുണ്ട്. മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ്. അല്ലാന്നുള്ള പരിപാടികളൊക്കെ കള്ളത്തരമാണ്. രാഷ്ട്രീയമില്ലാത്ത സിനിമ എന്നതൊക്കെ വെറുതെയുള്ള വിചാരങ്ങളാണ്. എനിക്ക് മനസിലായ രാഷ്ട്രീയത്തില്‍ നിന്നാണ് ഞാന്‍ സിനിമയെടുക്കുന്നത് . പുഴു എന്ന സിനിമയില്‍ കേരളത്തില്‍ നിന്നുകൊണ്ട് എനിക്ക് കഴിയുന്നവിധം എന്റെ ബോധ്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെ പിന്നേയും വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഉദ്ദേശിച്ചത് പോലെ പ്രേക്ഷകന് മനസിലാകണം എന്ന നിര്‍ബന്ധവും എനിക്കില്ല. എല്ലാ വിമര്‍ശനങ്ങളേയും ഉള്‍ക്കൊള്ളാനാണ് എനിക്കിഷ്ടം. എല്ലാ നിരീക്ഷണങ്ങളേയും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.

പുഴുവില്‍ കൃത്യമായി സവര്‍ണാധിപത്യത്തെ തുറന്നുകാണിക്കുന്നുണ്ട്. എന്നാല്‍ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രതികാരത്തിന്റെ പ്രതീകമായി ആണ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന് ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റിയും നല്‍കുന്നുണ്ട്. അത് സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെതിരാണെന്നും, ഈ കഥാപാത്രത്തെ ഇസ്ലാമോഫോബിക്കായി ആണ് അവതരിപ്പിച്ചതെന്നും വിമര്‍ശനമുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?

പ്രതികാരം എന്നത് സിനിമയില്‍ ഒരു പുതിയ സംഗതിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇരകള്‍ പ്രതികരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി എഴുതാന്‍ ഞാന്‍ ഡോക്യൂമെന്ററി അല്ല എടുക്കുന്നത്, സിനിമയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനേയും അമ്മയേയുമൊക്കെ കൊന്നു എന്നൊക്കെ പറഞ്ഞ് മലയാളത്തിലും, തമിഴിലും, ഹിന്ദിയിലുമോക്കെ പ്രതികാരം പശ്ചാത്തലമായി ഒരുപാട് സിനിമകള്‍ വരുന്നില്ലേ? അതിനൊക്കെ കയ്യടിയും കിട്ടിയിട്ടുണ്ട്. അത്രമാത്രമേ പുഴുവിലും വന്നിട്ടുള്ളു. ബാക്കി ചര്‍ച്ചകളെയെല്ലാം സ്വാഗതം ചെയ്യുന്നു.

മമ്മൂട്ടി സ്റ്റാര്‍ ആക്ടറാണ്. പുഴുവിലാണെങ്കിലും ഉണ്ടയിലാണെങ്കിലും നല്ല അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നാല്‍, ഉണ്ടയില്‍ ഒരു ദുര്‍ബലനായ പൊലീസുകാരനും, പുഴുവില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവുമാണ്. ഇങ്ങനെയുള്ള കഥകളുമായി മമ്മൂട്ടിയെ സമീപിക്കുമ്പോഴുണ്ടാകുന്ന അനുഭവം എങ്ങനെയുണ്ടായിരുന്നു?

ഉണ്ട ഒരു പത്രക്കട്ടിങ്ങില്‍ നിന്നുണ്ടായ റിയല്‍ സംഭവത്തെ ആസ്പദമാക്കി എഴുതിയതാണ്. 2014 പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഛത്തീസ്ഗഢിലെ ബസ്തറിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോയ കുറച്ച് പൊലീസുകാര്‍ ഉണ്ടയും വേണ്ടത്ര സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍ എന്ന് അന്നത്തെ ഒരു പത്രക്കട്ടിംഗ് കണ്ട് എഴുതിയതാണ്. മൂന്ന് കോളം ഫോട്ടോ സഹിതം വന്ന വാര്‍ത്തയായിരുന്നു അത്. ആ ഫോട്ടോ മൊബൈലില്‍ കാണിച്ചുകൊണ്ടാണ് ഖാലിദ് റഹ്‌മാന്‍ എന്നെ ആദ്യം സമീപിച്ചത്. ആ ഫോട്ടോയിലുള്ള കുറേ പേരെ ഖാലിദ് അതിന് മുമ്പ് കണ്ടിരുന്നു. അവരുടെ അനുഭവങ്ങളുടെയടക്കം ഒരു ധാരണയുണ്ടാക്കിയിട്ടാണ് എന്നെ സമീപിക്കുന്നത്.

അന്‍വര്‍ റഷീദ് വഴിയാണ് ഖാലിദ് റഹ്‌മാന്‍ എന്നിലേക്ക് എത്തുന്നത്. അതിന് ശേഷം ഖാലിദ് തന്ന പൊലീസുകാരുടെ അനുഭവങ്ങളില്‍ നിന്നും ഒരു വണ്‍ലൈന്‍ ഉണ്ടാക്കിയാണ് ഞാന്‍ മമ്മൂക്കയുടെ അടുത്ത് എത്തുന്നത്. എന്നാല്‍ പുഴുവിന്റെ കേസില്‍ അതിന്റെ ഒരു ഐഡിയ മാത്രമായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. പുഴുവിലായപ്പോഴേക്കും മമ്മൂക്കയുമായി കുറച്ച് അടുപ്പമുണ്ടാക്കാന്‍ സാധിച്ചതും ഗുണം ചെയ്തു. ഉണ്ട ഷൂട്ട് തീരാറാകുമ്പോഴാണ് പുഴുവിന്റെ കാര്യം ഞാന്‍ മമ്മൂക്കയോട് സംസാരിക്കുന്നത്. അന്ന് പുഴു എന്നൊന്നും പേരില്ല, ഒരു ഐഡിയ മാത്രമേ ഉണ്ടായിരുന്നൊള്ളു. അങ്ങനെ ചെയ്യാം എഴുതിക്കോളു എന്ന് പറയുമ്പോഴാണ് പുഴുവിലേക്ക് വരുന്നത്.

കഥാപാത്രം അതിദുര്‍ബലനാണോ നെഗറ്റീവാണോ എന്നൊന്നും കണ്‍സേണ്‍ ചെയ്യുന്ന ഒരാളല്ല മമ്മൂക്ക. ഉണ്ടയിലഭിനയിച്ച ശേഷമാണ് പുഴു പറയുന്നത്. പെര്‍ഫോം ചെയ്യാനുള്ള സ്‌കോപ് സിനിമയ്ക്കുണ്ടാകുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്. അതുണ്ടാകും എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നീട് എഴുതി ഫസ്റ്റ് ഡ്രാഫ്റ്റ് ആയതിനൊക്കെ ശേഷം മമ്മൂക്കയുടെ വീട്ടില്‍ വിശദമായ സ്‌ക്രിപ്റ്റ് ഡിസ്‌കഷന്‍ ഉണ്ടായി. ഓരോ വരിയും കീറിമുറിച്ചുള്ള ഒരു ചര്‍ച്ചയായിരുന്നു അത്. അത് രസമുള്ള ഒരു അനുഭവമായിരുന്നു.

സംവിധായിക റത്തീന, എഴുത്തുകാരായ ഷറഫു, സുഹാസ്, നിര്‍മാതാവ് ജോര്‍ജേട്ടന്‍ എന്നിവരെല്ലാം ആ ചര്‍ച്ചയുടെ ഭാഗമായിരുന്നു. അതോടുകൂടിതന്നെ ആ സിനിമ ഔദ്യോഗികമായി സംഭവിക്കുകയായിരുന്നു.

റത്തീന, ഷറഫു, സുഹാസ് എന്നീ ടീമിനോടൊപ്പം വര്‍ക്ക് ചെയ്ത അനുഭവം എങ്ങനെയുണ്ടായിരുന്നു? ഈ ടീമില്‍ നിന്ന് ഇനി സിനിമയുണ്ടാകുമോ?

അടിപൊളി അനുഭവമായിരുന്നു. സിനിമയുടെ കാര്യം നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. അത് സംഭവിച്ചാല്‍ തന്നയേ സംഭവിച്ചു എന്ന് പറയാന്‍ പറ്റുകയുള്ളു.

സക്കരിയ, ഖാലിദ് റഹ്മാന്‍, മുഹ്സിന്‍ പരാരി, ആഷിഖ് അബു, അഷ്റഫ് ഹംസ, ഹര്‍ഷാദ് ഇവരെല്ലാം കൂടി ഒരു ടീം ആണെന്ന് പറയപ്പെടുന്നുണ്ട്. ഈ ടീമിന്റെ ഭാഗമായി വ്യത്യസ്ത സിനിമകള്‍ വരുന്നുമുണ്ട്. ഈ കൂട്ടുകെട്ടിനെ ഒരു ടീമെന്ന് പറയുന്നത് ശരിയാണോ?

അങ്ങനെയൊരു ടീമൊന്നുമില്ല. ഞങ്ങളെല്ലാവരും ഓരോ ഇന്റിവിജ്വലാണ്. ഇവരൊക്കെ സിനിമ ചെയ്യാന്‍ നടക്കുന്ന കുറേ മനുഷ്യര്‍ മാത്രമാണ്. ഞാന്‍ കുറേ കൊല്ലമായി സിനിമയുടെ പിന്നാലെ നടക്കുന്നു. പന്ത്രണ്ടാമത്തെ കൊല്ലമാണ് ഉണ്ട സംഭവിക്കുന്നത്. ഈ നടത്തത്തിനിടയില്‍ നമ്മള്‍ പലരേയും പരിചയപ്പെടും. അതില്‍ ഏതെങ്കിലും ഒരാളുമായിട്ടാവും സിനിമ ചെയ്യാനുള്ള സന്ദര്‍ഭം നമുക്ക് ലഭിക്കുന്നത്. എന്റെ ഭാഗ്യത്തിന് അന്‍വര്‍ റഷീദ് മുഖേനെ ഖാലിദ് റഹ്‌മാന്‍ മമ്മൂക്ക അങ്ങനെയങ്ങനെ പോയി.

അപ്പുണ്ണി ശശി ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട് ഹാര്‍ഷാദിക്ക വഴിയാണ് പുഴുവിലേക്കെത്തിയതെന്ന്. പ്രേക്ഷകര്‍ സ്വീകരിച്ച ബി.ആര്‍. കുട്ടപ്പന്‍ പുഴുവിന്റെ ഭാഗമാകുന്നതെങ്ങനെയാണ്?

കോഴിക്കോട്ടുകാരനായത് കൊണ്ടും നാടകം ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിലും അപ്പുണ്ണി ശശിയെ നേരത്തെ അറിയുമായിരുന്നു. പുഴുവില്‍ നാടകം ഒരു വലിയ ഘടകമാണ്. തക്ഷകന്‍ നാടകം പശ്ചാത്തലമാക്കിയാണ് നമ്മള്‍ തിരക്കഥ രൂപപ്പെടുത്തുന്നത്.

സാധാരണ നാടകമാകുമ്പോള്‍ എല്ലാവരേയും നമുക്ക് പരിഗണിക്കേണ്ടിവരും അങ്ങനെയാണ് ഒറ്റയാള്‍ നാടകം എന്ന നിലയില്‍ തിരക്കഥ രൂപപ്പെടുന്നത്. നാടകവുമായി ബന്ധപ്പെട്ട എഴുത്തില്‍ അപ്പുണ്ണി ശശിയുടെ സഹായം തേടിയിരുന്നു. കഥാപാത്രമായി രൂപം വന്നപ്പോള്‍ അദ്ദേഹത്തെ തന്നെ പരിഗണിക്കുകയായിരുന്നു.

മമ്മൂട്ടി-പാര്‍വതി കാസ്റ്റ് സിനിമയുടെ വലിയ ഹൈലൈറ്റ് ആയിരുന്നു. ആ കാസ്റ്റിലേക്ക് എത്തിയതെങ്ങനെയാണ്. പ്രത്യേകിച്ച് മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ചില പശ്ചാത്തലത്തില്‍?

നമുക്ക് ഏറ്റവും ബെസ്റ്റ് കിട്ടണം എന്ന തോന്നലിന്റെ ഭാഗമായാണ് ആര്‍ട്ടിസ്റ്റുകളെ സെലക്ട് ചെയ്യുന്നത്. പാര്‍വതി ഒരു ഗംഭീര നടിയാണ്. എനിക്ക് നേരത്തേ പരിചയമുണ്ട്. സംവിധായിക റത്തീന ‘ഉയരേ’യില്‍ അവരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവര്‍ ഈ സിനിമയുടെ ഭാഗമാകുന്നത്.

ഹര്‍ഷാദിന്റെ സംവിധാനത്തില്‍ സിനിമ വരുമോ, ഹാഗറിന്റെ വിശേഷങ്ങളെന്തൊക്കെയാണ്?

ഹാഗര്‍ കുറച്ചുകൂടെ വൈകും. അങ്ങനെയൊരു സിനിമ തീര്‍ച്ചയായും ഉണ്ടാകും. അത് എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല.

CONTENT HIGHLIGHTS: Doolnews  Interview with puzhu movie movie script writer HARSHAD

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more