|

DoolNews Impact: 14 ദിവസത്തിന് ശേഷവും അനധികൃതമായി ക്വാറന്റൈനില്‍ താമസിപ്പിച്ച അതിഥി സംസ്ഥാന തൊഴിലാളിയെ വിട്ടയച്ച് കോഴിക്കോട് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ച ശേഷവും ക്വാറന്റൈനില്‍ നിന്നും പുറത്തുപോകാനോ ജോലിയില്‍ പ്രവേശിക്കാനോ അനുവദിക്കാതിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയെ ഡൂള്‍ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ അധികൃതര്‍ വിട്ടയച്ചു.

പത്ത് വര്‍ഷമായി കേരളത്തില്‍ പെയ്ന്റിംഗ് തൊഴില്‍ ചെയ്തിരുന്ന ഗുജറാത്ത് സ്വദേശിയായ സൊഹൈല്‍ നസറുദ്ദീന്‍ ഷെയ്ക്ക് ലോക്ക്ഡൗണ്‍ സമയത്ത് നാട്ടിലേക്ക് പോയിരുന്നു. കേരളത്തില്‍ നിര്‍മ്മാണ മേഖല ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജൂലൈ 21ന് തിരിച്ചെത്തി. സര്‍ക്കാര്‍ നിര്‍ദേശിച്ച 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ദിവസം 900 രൂപ നിരക്കിലായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞത്.

14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ച ശേഷം, രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും സൊഹൈലിനെ പുറത്തുവിടാന്‍ അധികൃതര്‍ അനുവദിച്ചില്ല. 14 ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണമെന്നും ദിവസം 1000 രൂപ നിരക്കില്‍ 28,000 രൂപ നല്‍കണമെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.

ആദ്യ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയാനുള്ള പണം പോലും താന്‍ കടം വാങ്ങിയാണ് കണ്ടെത്തിയതെന്നും ഇനിയും പണം നല്‍കാന്‍ സാധിക്കില്ലെന്നും സൊഹൈല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. ‘ജോലി പോലും ഇല്ല. ഈ സമയത്ത് എങ്ങനെയാണ് ഞാന്‍ ഇത്രയും തുക കണ്ടെത്തുക. ഇപ്പോഴത്തെ കടം തീര്‍ക്കണമെങ്കില്‍ പോലും ഒരു മാസം ജോലി ചെയ്യേണ്ടി വരും. വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഭാര്യയും കുട്ടികളും എന്നെ ആശ്രയിച്ചാണ് കഴിയുന്നത്.’ സൊഹൈല്‍ പറയുന്നു.

സൊഹൈലിനെ ക്വാറന്റൈനില്‍ നിന്നും വിട്ടയക്കണമെന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്ററുമായ ജോര്‍ജ് മാത്യു രംഗത്തെത്തിയിരുന്നു. ‘മറ്റു എല്ലാ ജില്ലകളിലും 14 ദിവസത്തെ ക്വാറന്റൈന് ശേഷം അതിഥി സംസ്ഥാന തൊഴിലാളികളെ വിട്ടയക്കുന്നുണ്ട്. അതിനുശേഷം രോഗലക്ഷണമെന്തെങ്കിലും ഉണ്ടായാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോഴിക്കോട് അധികൃതര്‍ മാത്രമാണ് ഇത് പാലിക്കാത്തത്.’ ജോര്‍ജ് മാത്യു ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാട്ടില്‍ തിരിച്ചെത്തിയ സമയത്ത് സൊഹൈലിനോട് തിരിച്ചുപോകാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചുവെന്ന് സുഹൃത്തും അതിഥി സംസ്ഥാന തൊഴിലാളിയുമായ ഷംസുദ്ദീന്‍ ഷെയ്ക്ക് പറയുന്നു. ‘അതിഥികളാണെന്നാണ് ഇവിടുത്തെ സര്‍ക്കാര്‍ ഞങ്ങളെ വിളിക്കുന്നത്. പക്ഷെ ഇവിടെയുള്ളവര്‍ ഞങ്ങളോട് എന്തോ ദേഷ്യത്തിലാണ് പെരുമാറുന്നത്. ചീത്ത വിളിക്കുന്നു, എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിക്കുന്നു, തിരിച്ചുപോകാന്‍ പറയുന്നു. റെയില്‍വെ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും ഇതുതന്നെയാണ് അവസ്ഥ. ക്വാറന്റൈനില്‍ നില്‍ക്കാനുള്ള പണം പോലും കടം വാങ്ങി നല്‍കുകയാണ്. പത്ത് വര്‍ഷമായി ഇവിടെയാണ്. വേറെ എവിടെയും ഞങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ല.’ ഷംസൂദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആഗസ്ത് 12ന് സംഭവത്തെക്കുറിച്ച് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അതേ ദിവസം തന്നെ അധികൃതര്‍ സൊഹൈലിനെ ക്വാറന്റൈനില്‍ നിന്നും വിട്ടയച്ചു. 14 ദിവസം പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റും നല്‍കി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആദ്യം നല്‍കിയ തുകയേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിതായും ഷംസുദ്ദീന്‍ അറിയിച്ചു.

സൊഹൈലിന്റെ കാര്യത്തില്‍ ഗുണകരമായ തീരുമാനങ്ങളുണ്ടായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ഭീമമായ തുക നല്‍കി ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജോലി പോലും നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ എങ്ങിനെയാണ് ഇത്രയും ഭീമമായ തുക വഹിക്കുക എന്നാണ് പ്രധാനമായും ചോദ്യമുയരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Guest Labourer made to stay at paid quarantine even after 14 days released after DoolNews report

Video Stories