ലണ്ടന്‍: ലവ് ജിഹാദ് പ്രചരണങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ഹിന്ദുത്വ വേട്ടയെക്കുറിച്ച് അല്‍ജസീറ തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ഡൂള്‍ന്യൂസിന്റെ പ്രവര്‍ത്തനങ്ങളും. ‘ഫെയ്ത് ആന്റ് ലവ് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ അല്‍ജസീറക്ക് വേണ്ടി വിക്രം സിംഗ് തയ്യാറാക്കിയ ഡോക്യുമെന്ററിയിലാണ്, ലവ് ജിഹാദ് പ്രചരണങ്ങളുടെ തുടക്കകാലം മുതല്‍ വിഷയത്തിലെ സത്യാവസ്ഥകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഡൂള്‍ന്യൂസ് നടത്തിയ ഇടപെടലുകള്‍ ചിത്രീകരിക്കപ്പെട്ടത്.
ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ലവ് ജിഹാദ് പ്രചരണങ്ങളുടെ തുടക്കവും അവയുടെ വ്യത്യസ്ത ഘട്ടങ്ങളും വിശദമായി വിവരിക്കുന്ന ഡോക്യുമെന്ററിയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള, ലവ് ജിഹാദ് ഇരകള്‍ ഭാഗമാകുന്നുണ്ട്. കേരളത്തിലെ ലവ് ജിഹാദ് പ്രചരണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് വിഷയത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഡൂള്‍ന്യൂസ് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ വിവരിക്കപ്പെടുന്നത്.
2009 മുതല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൂള്‍ന്യൂസ് ലവ് ജിഹാദുമായി ബന്ധപ്പെട്ട ആദ്യ ആരോപണങ്ങള്‍ സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍, ആരോപണങ്ങള്‍ നേരിട്ടവരുമായുള്ള അഭിമുഖങ്ങള്‍, വിവിധ ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിരുന്നു.
മുസ്‌ലിം വിഭാഗക്കാരെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവര്‍, വധഭീഷണികളെ തുടര്‍ന്ന് നാടുവിട്ടു പോകേണ്ടി വന്നവര്‍, ഇന്നും മറ്റു സ്ഥലങ്ങളില്‍ ഒളിച്ചു കഴിയുന്നവര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലവ് ജിഹാദ് വ്യാജ ആരോപണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.
ബേല്‍ഗാവിലെ തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാം സേനയെയും ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ബേല്‍ഗാവില്‍ ശ്വേത കുമാരി എന്ന ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്ന അര്‍ബാസ് മുല്ല എന്ന മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീരാം സേനയിലെ അംഗങ്ങള്‍ അറസ്റ്റിലായിരുന്നു.
മിശ്ര വിവാഹം അനുവദിക്കാനാവില്ലെന്നും തങ്ങളുടെ ജാതിക്കും സമുദായത്തിനും മാനക്കേടുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശ്രീരാം സേന നേതാക്കള്‍ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 2050ഓടെ ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ലവ് ജിഹാദിലൂടെ നടക്കുന്നതെന്നും ഇത് തടയാനായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നതും ഡോക്യുമെന്ററിയില്‍ കാണാം.
ചില ഒറ്റപ്പെട്ട തീവ്ര ഗ്രൂപ്പുകള്‍ മാത്രമല്ല, യോഗി ആദിത്യനാഥിനെ പോലുള്ള ബി.ജെ.പി മുഖ്യമന്ത്രിമാര്‍ വരെ ഇതേ നിലപാടാണ് മുന്നോട്ടുവെക്കുന്നതെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നു.
ലവ് ജിഹാദ് ആരോപണങ്ങള്‍ക്ക് പിന്നില്‍ കടുത്ത പുരുഷാധിപത്യ മനോഭാവമാണുള്ളതെന്നും സ്ത്രീകളെ വ്യക്തിത്വമില്ലാത്തവരായി കാണുന്നതിന്റെ പ്രതിഫലനം കൂടിയാണിതെന്നും നിരവധി പേര്‍ ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അല്‍ജസീറ ഡോക്യുമെന്ററി ഇവിടെ കാണാം
Content Highlight: DoolNews got featured in an Al Jazeera documentary