| Saturday, 19th February 2022, 6:34 pm

ലോകത്തെവിടെയും ഫുട്ബോളിന് ഒരേ ഭാഷയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ മറ്റേത് സീസണിനെക്കാളും മികച്ച പ്രകടനം നടത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് കുതിക്കുന്നത്. ഇതുവരെ നടന്ന സീസണുകളേക്കാള്‍ കൂടുതല്‍ പോയിന്റുകള്‍ നേടാനും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാനും ടീമിന് ഈ സീസണില്‍ സാധിച്ചു. ടീം സ്പിരിറ്റിനെക്കാളും മഞ്ഞപ്പട എന്നറിയപ്പെടുന്ന കേരളാ ബ്ലാസറ്റേഴ്സിന്റെ ആരാധകരുടെ പിന്തുണയെക്കാളും കോച്ച് ഇവാന്‍ വുകോമനൊവിച്ച് എന്ന മാന്ത്രികന്റെ കോച്ചിംഗ് പാടവം തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് കൊമ്പുകുലുക്കി മുന്നോട്ട് കുതിക്കുന്ന വേളയില്‍ ടീമിനെ കുറിച്ചും തന്റെ തന്ത്രങ്ങളെ കുറിച്ചും വുകോമനൊവിച്ച് ഡൂള്‍ന്യൂസിനോട് മനസുതുറക്കുന്നു.

1. എന്താണ് താങ്കളുടെ കോച്ചിംഗ് ഫിലോസഫി? എപ്രകാരമാണ് വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധങ്ങളായ പ്ലെയിംഗ് സ്‌റ്റൈലുള്ള താരങ്ങളെ ഒന്നിച്ചു ചേര്‍ക്കാനും പരിശീലിപ്പിക്കാനും സാധിക്കുന്നത്?

ഒരേ ലക്ഷ്യത്തിന് വേണ്ടി പൊരുതുകയും അത് നേടണമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരുടെ ടീമാണ് നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി പരിശ്രമിക്കുകയുമാണ് ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നും പല കളിരീതികളുള്ള താരങ്ങളാണ് ടീമിലുള്ളത്. എന്നാല്‍, പരസ്പരമുള്ള കമ്മ്യൂണിക്കേഷന്‍ തന്നെയാണ് ടീമിനെ ടീമായി നിലനിര്‍ത്തുന്നത്. ലോകത്തെവിടെയായിരുന്നാലും ഫുട്ബോളിന് ഒരേ ഭാഷയാണ്.

2. പരാജയമറിയാത്ത പത്ത് മത്സരങ്ങള്‍ക്ക് ശേഷം മാത്രമാണ് മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയോട് ടീം തോറ്റത്. മത്സരത്തിന് മുന്‍പുതന്നെ ടീമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ താങ്കളടക്കം പങ്കുവെച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലെ സമ്മര്‍ദം എങ്ങനെയാണ് താങ്കളും ടീമും നേരിട്ടത്?

ടീമിനെ തങ്ങളുടെ ബയോ ബബിളിനുള്ളില്‍ തന്നെ സുരക്ഷിതരായി നിര്‍ത്താനുള്ള എല്ലാ വിധത്തിലുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ പൂര്‍ണമായും നമുക്കതിന് സാധിച്ചില്ല. ഒരു സമയത്ത് ടീമില്‍ 20 പേര്‍ വരെ കൊവിഡ് പോസിറ്റീവ് ആവുന്ന സാഹചര്യം ഉണ്ടായിരുന്നു. ആ സമയത്ത് താരങ്ങളുടെ ആരോഗ്യത്തെ കുറിച്ച് മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത.

കാലങ്ങളോളം ബയോ ബബിളിനുള്ളില്‍ തന്നെ ഐസൊലേറ്റ് ചെയ്യപ്പെടുന്നത് അനാവശ്യമാണെന്ന് പോലും തോന്നിയിരുന്നു. ഞാന്‍ പറയുന്നതെന്തെന്നാല്‍ ഇത് ഫുട്ബോളാണ്, ഇവിടെ ഒരു സമ്മര്‍ദവുമില്ല. ഓരോ ദിവസവും നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുക. അപ്പോള്‍ സമ്മര്‍ദമുണ്ടാവില്ല, സന്തോഷം മാത്രമാവും ഉണ്ടാവുക.

ഫുട്ബോള്‍ കളിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നത് ഒരു പ്രിവിലേജായാണ് ഞാന്‍ എന്നും കണക്കാക്കുന്നത്. ഐ.എസ്.എല്ലിനെ കുറിച്ച് പറയുകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ ഷോര്‍ട്ട് ഫോര്‍മാറ്റില്‍ താരങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. കുറച്ചു മാസങ്ങള്‍ മാത്രമുള്ള ഒരു സീസണില്‍ താരങ്ങള്‍ക്ക് അവരുടെ നൂറ് ശതമാനവും ഒരിക്കലും പുറത്തെടുക്കാന്‍ സാധിക്കില്ല. സീസണുകള്‍ തമ്മിലുള്ള ഈ വലിയ ഇടവേളകള്‍ താരങ്ങളെ നെഗറ്റീവായി തന്നെ ബാധിക്കും.

3. ഏതൊരു ടീമിനേയും സംബന്ധിച്ച് അവരുടെ ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും കളിക്കളത്തിലും പുറത്തും ഏറെ സ്വാധീനം ചെലുത്താറുണ്ട്. ടീമിന്റെ വളര്‍ച്ചയ്ക്കായി ‘മഞ്ഞപ്പട’ എത്രത്തോളം സഹായകരമാവുന്നുണ്ടെന്നാണ് താങ്കള്‍ കരുതുന്നത്?

തുടക്കം മുതല്‍ തന്നെ മഞ്ഞപ്പടയുടെ പിന്തുണ ഏറെ മനോഹരമാണ്. കഴിഞ്ഞ സീസണുകളില്‍ മോശം പ്രകടനം കാരണം ടീം തെറ്റായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇത് ഫുട്ബോളില്‍ സാധാരണമാണ്. എന്നാല്‍ ഫുട്ബോളില്‍ കാര്യമായി എന്തെങ്കിലും നേടാന്‍ കഠിനമായി പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

ട്രോഫികളും കിരീടങ്ങളും നേടാനായി ഒരു ടീമിനെ വളര്‍ത്തിയെടുക്കുക എന്ന കാര്യം ഏറെ ശ്രമകരവും സമയമെടുക്കുന്നതുമാണ്. മികച്ച രീതിയിലാണ് നമ്മള്‍ തുടങ്ങിയതും മുന്നോട്ട് പോവുന്നതും. മുന്നോട്ട് പോവും തോറും മികച്ചതാക്കാനാണ് എല്ലായ്പ്പോഴും ശ്രമിക്കാറുള്ളത്. ക്ലബ്ബിനും ആരാധകര്‍ക്കും വേണ്ടി പൊരുതുന്ന ഒരു ടീമിനെയാണ് നമ്മള്‍ക്കാവശ്യം.

ആരാധകരില്‍ നിന്നും ടീമിന് ലഭിക്കുന്ന പിന്തുണ അത്ഭുതാവഹമാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ആരാധകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ മത്സരങ്ങള്‍ കളിക്കാനാവുന്നില്ല എന്നതില്‍ ഏറെ സങ്കടമുണ്ട്. അടുത്ത സീസണില്‍ ആരാധകര്‍ക്കായി, അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

4. ഈ സീസണിലെ റഫറീയിംഗിനെ കുറിച്ച് വ്യാപകമായ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. നിലവിലെ റഫറീയിംഗിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

ഒരിക്കലുമില്ല. ഐ.എസ്.എല്ലില്‍ റഫറീയിംഗിനെ കുറിച്ച് അത്തരത്തിലുള്ള വിവാദങ്ങളുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല, അത്തരത്തില്‍ ഒരു വിവാദങ്ങളും ഉണ്ടാവാന്‍ പാടില്ല. ഒരു സമയത്ത് അവര്‍ വേണ്ട പോലെ ആ കടമ നിര്‍വഹിക്കുന്നതായി തോന്നിയിരുന്നില്ല. ഐ.എസ്.എല്ലിന്റെ ലെവല്‍ ഇനിയും ഉയര്‍ത്തണമെങ്കില്‍ ടീമുകളുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, യൂത്ത് സെക്ടറുകള്‍, റഫറിമാര്‍ പോലുള്ള ചില മാറ്റങ്ങള്‍ കൂടി അടിയന്തരമായി വരുത്തേണ്ടിയിരിക്കുന്നു.

റഫറിമാരുടെ ചില മോശം തീരുമാനങ്ങള്‍ കൊണ്ട് മത്സരത്തിന്റെ ജയപരാജയങ്ങള്‍ പോലും മാറി മറിയുന്ന കാഴ്ചകള്‍  ഈ സീസണില്‍ കണ്ടിട്ടുണ്ട്. നമ്മളും ഇതിന് ഇരയായിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. ഇത് മെച്ചപ്പെടുത്താനായി ആദ്യ പടിയെന്ന രീതിയില്‍ ചെയ്യേണ്ടത് വേണ്ട എജ്യൂക്കേഷന്‍ നല്‍കുക എന്നതാണ്.

മികച്ച രീതിയിലുള്ള ഒരു ലീഗാണ് നമുക്ക് വേണ്ടതെങ്കില്‍ മത്സരം നിയന്ത്രിക്കുന്ന റഫറിമാര്‍ എല്ലാ രീതിയിലും പ്രൊഫഷണലുകളും മികച്ച രീതിയിലുള്ള പരിശീലനം നേടിയവരുമാകണം. താരങ്ങളെ പോലെയും പരിശീലകരെ പോലെയും കളി നിയന്ത്രിക്കുന്ന റഫറിമാരെയും പ്രൊഫഷണല്‍ കോണ്‍ട്രാക്ടിന്റെ പുറത്ത് നിയമിക്കണം. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഐ.എസ്.എല്ലില്‍ അങ്ങനെയല്ല. ഇക്കാരണമൊന്നുകൊണ്ടു മാത്രം വിദേശ താരങ്ങളും പരിശീലകരും ഇന്ത്യയിലെത്തി കളിക്കില്ല എന്നുപോലും ഞാന്‍ ഭയപ്പെടുന്നു.

റഫറിമാര്‍ അവരുടെ ലെവല്‍ ബെസ്റ്റായി തന്നെയാണ് ഓരോ മത്സരവും നിയന്ത്രിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അവരും മനുഷ്യരാണ്, തെറ്റുകള്‍ പറ്റുന്നത് മനുഷ്യസഹജവുമാണ്. മികച്ച പരിശീലനം നേടിയ റഫറിമാര്‍ വന്നാല്‍ തന്നെ ഐ.എസ്.എല്ലിന്റെ സ്റ്റാന്‍ഡേര്‍ഡ് ഉയരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വാര്‍ (VAR) സംവിധാനം അടിയന്തരമായി തന്നെ ടൂര്‍ണമെന്റില്‍ നടപ്പിലാക്കണം. ഇപ്പോഴുള്ള റഫറിമാര്‍ക്ക് കുറച്ചു കൂടി നല്ല പരിശീലനം നല്‍കുന്നതിനായി പുറമെ നിന്നുമുള്ള റഫറിമാരെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

എന്റെ ഭാഗത്ത് നിന്നും എല്ലാ റഫറിമാര്‍ക്കും വേണ്ട ബഹുമാനവും പിന്തുണയും നല്‍കുന്നുണ്ട്. ലീഗിന്റെ ലെവല്‍ ഉയര്‍ത്താന്‍ നമ്മള്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യുക തന്നെ വേണം.

5. കഴിഞ്ഞ സീസണുകളില്‍ നമ്മുടെ പല വിദേശ താരങ്ങളെയും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരു സ്ട്രാറ്റജി ഇത്തവണ ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമോ?

ഇല്ല. നമ്മുടെ വിദേശതാരങ്ങളുടെ പ്രകടനത്തില്‍ ടീം സന്തുഷ്ടരാണ്. എന്തിനാണ് അവരെ കൂടെ നിര്‍ത്തുന്നത് എന്ന് വ്യക്തമായ ബോധ്യം ടീമിനുണ്ട്.

അവര്‍ ടീമിലെ പെര്‍ഫെക്ട് ഫിറ്റാണ്, അവരുടെ കളിയും അങ്ങനെ തന്നെ. അവര്‍ മികച്ച താരങ്ങളാണ്. അവര്‍ നമ്മളോടൊപ്പം പ്രാക്ടീസ് ചെയ്യുന്നതിലും കളിക്കുന്നതിലും ഞാന്‍ ഏറെ സന്തോഷവാനാണ്. സീസണിന്റെ അവസാനം എന്താവുമെന്ന് നമുക്ക് നോക്കാം. വിദേശത്ത് ഇതിലും മികച്ച അവസരങ്ങള്‍ വരുമ്പോള്‍ അവരോട് പോവരുത് എന്ന് പറഞ്ഞ് നിര്‍ബന്ധിക്കാനാവില്ലല്ലോ. അടുത്ത സീസണിലും ടീമിനെ ഇതുപോലെ ശക്തമായി തന്നെ നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

6. കെ.പി രാഹുല്‍, സഹല്‍ പോലുള്ള താരങ്ങളുടെ പ്രകടനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? ഇന്ത്യന്‍ താരങ്ങളെ ഇന്ത്യ വേണ്ട പോലെ ഉപയോഗിക്കുന്നില്ല എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ആഭ്യന്തര താരങ്ങളെ ഐ.എസ്.എല്ലില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. സീസണിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള സമയത്ത്, നമ്മുടെ നിരവധി ആഭ്യന്തര താരങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അത് അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അതവര്‍ തുടരുകയും ചെയ്യും.

ആദ്യ മത്സരങ്ങളില്‍ നിന്നുള്ള പരിക്ക് കാരണമാണ് രാഹുലിന് മത്സരങ്ങള്‍ നഷ്ടമാവുന്നത്. മറ്റെല്ലാവരെയും പോല മികച്ച ഒരു തിരിച്ചു വരവിനാണ് അവനും പ്രതീക്ഷിക്കുന്നത്. ഞാന്‍ മറ്റ് ചില അഭിമുഖത്തില്‍ പറഞ്ഞതുപോലെ ആഭ്യന്തര താരങ്ങളുള്ള ടീം തന്നെയായിരിക്കും എല്ലാ തവണയും ഐ.എസ്.എല്ലിന്റെ തലപ്പത്തെത്തുക. ശക്തമായ സാന്നിധ്യമാവാന്‍ വിദേശതാരങ്ങള്‍ ഉണ്ടെങ്കില്‍ പോലും, ഏതൊരു ടീമിന്റെയും കരുത്ത് ആഭ്യന്തര താരങ്ങള്‍ തന്നെയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ടീമിന്റെ പ്രകടനത്തെ മെച്ചപ്പെടുത്താനും ടീമിനെ ഇനിയും ശക്തിപ്പെടുത്താനുമായിരിക്കും ഞങ്ങള്‍ ശ്രമിക്കുന്നത്.

7. ഒരു ലീഗ് എന്ന നിലയില്‍ ഐ.എസ്.എല്‍ മെച്ചപ്പെടാനുള്ള താങ്കളുടെ നിര്‍ദേശങ്ങള്‍

> ടീമിന്റെ ഇന്‍ഫ്രാസ്ട്രക്ചറില്‍ (പ്രാക്ടീസ് ഗ്രൗണ്ടുകള്‍, ട്രെയ്നിംഗ് സെന്ററുകള്‍, സ്റ്റേഡിയങ്ങള്‍) എന്നിവയില്‍ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാണ്.

> എല്ലാ ടീമുകളും യൂത്ത് ഡെവലപ്പിംഗ് സെക്ടറുകളിലും കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, കാരണം അവരാണ് നാളെയുടെ സൂപ്പര്‍ താരങ്ങള്‍.

> മൂന്നോ നാലോ മാസമുള്ള ഷോര്‍ട്ട് ടേം ലീഗ് എന്നതിന് പകരം ഏഴോ എട്ടോ മാസങ്ങള്‍ നീളുന്ന ലീഗ് എന്ന നിലയില്‍ ഐ.എസ്.എല്‍ മാറേണ്ടതുണ്ട്. ഇത് താരങ്ങളുടെ മാത്രമല്ല, ഇന്ത്യന്‍ ഫുട്ബോളിന്റെ ലെവലില്‍ പോലും അത്ഭുതാവഹമായ മാറ്റങ്ങളുണ്ടാക്കും. ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ പോലും ഇത് ആഭ്യന്തര താരങ്ങളെ സജ്ജമാക്കും.

പ്രൊഫഷണലുകളായുള്ള റഫറിമാരും അത്യന്താപേക്ഷിതമാണ്. മെച്ചപ്പെടലിന്റെ പ്രധാനഭാഗമാണ് റഫറിമാര്‍. കളിക്കളത്തില്‍ കൃത്യമായ തീരുമാനമെടുക്കുന്നതില്‍ അവര്‍ക്ക് പ്രാപ്തിയുണ്ടാകണം, അല്ലാത്തപക്ഷം ലീഗ് വെറുമൊരു സര്‍ക്കസായി മാറും.

മറ്റ് പല കാര്യങ്ങളും ഇതുമായി ചേര്‍ത്ത് പറയാനുണ്ട്. ഒരു കോച്ച് എന്ന നിലയില്‍ ഞാന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എല്ലാ രീതിയിലും മികച്ചതാക്കാന്‍ ശ്രമിക്കുകയും അതുവഴി ഐ.എസ്.എല്ലിനെയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

8. കോച്ച് എന്ന പദവിയില്‍ താങ്കളുടെ കാലാവധി നീട്ടിയിരിക്കുകയാണ്. എന്തൊക്കെയാണ് ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള താങ്കളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും?

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. എന്നെ സംബന്ധിച്ച് ഈ സീസണ്‍ ടീമിനെയും എതിരാളികളെയും ലീഗിനെയും കുറിച്ച് വ്യക്തമായി മനസിലാക്കുക എന്നതായിരുന്നു. കഴിഞ്ഞ സീസണിലെ നിരാശ മറികടക്കുന്നതിനായി ഈ സീസണില്‍ ടീമിന്റെ മാക്സിമം ഞങ്ങള്‍ പുറത്തെടുക്കും, ഞങ്ങളെക്കൊണ്ടാവുന്ന രീതിയില്‍ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭാവിയിലേക്ക് ടീമിനെ ശക്തിപ്പെടുത്താനായും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.

സ്പെഷ്യലായി എന്തെങ്കിലുമൊന്ന് ഉണ്ടാക്കിയെടുക്കാനും അതൊരു ലെഗസിയായി പിന്തുടര്‍ന്ന് വരും തലമുറയ്ക്ക് പ്രചോദനമാവാനും ഞങ്ങള്‍ ശ്രമിക്കും. കേരളത്തിലെ ആരാധകര്‍ ഇതിലും ശക്തമായ ഒരു ടീമിനെ അര്‍ഹിക്കുന്നവര്‍ തന്നെയാണ്.

9. ഐ.എസ്.എല്ലിലെ മറ്റേതെങ്കിലും ടീമിന്റെ പ്രകടനം താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത് ടീം?

മറ്റൊരു ടീമിന്റെ പ്രകടനവും എന്നെ സ്വാധീനിച്ചിട്ടില്ല, എന്നെ സ്വാധീനിച്ചത് ബ്ലാസ്റ്റേഴ്സ് മാത്രമാണ്. കേരളത്തിലെ ആരാധകര്‍ നല്‍കുന്ന പിന്തുണയാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്, കൊച്ചിയിലും കേരളത്തിലും കാണുന്ന ഓരോ കാഴ്ചകളാണ് എന്നും എന്നെ സ്വാധീനിച്ചിട്ടുള്ളത്, അതില്‍ നിന്നും ലഭിക്കുന്ന വികാരമാണ് എല്ലാത്തിലുമുപരി എന്നെ സ്വാധീനിക്കുന്നത്.

ടീമിന് വേണ്ടി ഇനിയും കഠിനമായി പരിശ്രമിക്കാനും ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

തയ്യാറാക്കിയത്: ആദര്‍ശ് എം. കെ, അഞ്ജന പി.വി

Content Highlight: Doolnews’ exclusive interview with Kerala Blasters coach Ivan Vukomanovich.

We use cookies to give you the best possible experience. Learn more