| Sunday, 20th March 2022, 5:47 pm

Popular Roles of Bavana | ഭാവനയുടെ 10 ജനപ്രിയ വേഷങ്ങൾ | Filmy Vibes

അനുപമ മോഹന്‍

അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാര്‍ന്നു’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകായാണ് ഭാവന. ഭാവന ചെയ്ത കഥാപാത്രങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍  പലരുടെയും മനസ്സിലേക്കു പെട്ടെന്ന് വരിക കൊട്ട നിറയെ പൂക്കള്‍ നിറച്ച സൈക്കിള്‍ ഓടിക്കുന്ന പദ്മയെയോ, നിര്‍ത്താതെ ഒച്ചത്തില്‍ സംസാരിക്കുന്ന പരിമളത്തെയോ, തല തിരിച്ചിട്ട ലതയെയോ  ആയിരിക്കും.

സിനിമയില്‍ ആദ്യം ചെയ്ത വേഷങ്ങളിലൂടെ തന്നെ വലിയ രീതിയിലുള്ള പ്രേക്ഷക പ്രീതി നേടാന്‍ ഭാവനയ്ക്ക് സാധിച്ചിരുന്നു. കോമഡി അല്ലെങ്കില്‍ അല്‍പം കുട്ടിത്തമൊക്കെയുള്ള റോളുകളായിരുന്നു തുടക്ക കാലത്ത്  ഭാവന ചെയ്തിരുന്നത്. എന്നാല്‍ ഭാവനയുടെ സിനിമാജീവിതത്തില്‍  ഗൗരവവും ആഴവുമേറിയ  വേഷങ്ങളും നമുക്ക് കാണാന്‍ പറ്റും. എങ്കിലും ജനപ്രിയ വേഷങ്ങളിലൂടെ തന്നെയായിരുന്നു ഭാവനയുടെ കരിയര്‍ വളര്‍ന്നത്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ ആണ് ഭാവനയുടെ ആദ്യ സിനിമ. അതിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. സിനിമയില്‍ ശിവനും ശ്യാമിനും സഹായങ്ങള്‍ ചെയ്ത്കൊടുക്കുന്ന, ഇസ്തിരി വണ്ടിയുമായി നടക്കുന്ന ദാവണിയുടുത്ത ആ കഥാപാത്രം ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ഭാവനയുടെ പ്രകടനം കൊണ്ടുകൂടിയാണ്. ഭാവനയെ അനുകരിക്കുന്ന വേദികളിലിപ്പോഴും പലരും ഉപയോഗിക്കുന്നത്  ഈ കഥാപാത്രവും അതിലെ സംഭാഷണങ്ങളുമാണ്.

ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന സിനിമയിലെ മീന എന്ന കഥാപത്രവും മേനേ പ്യാര്‍കിയ എന്ന പാട്ടിലെ ഭാവനയുടെ പ്രകടനവുമെല്ലാം മികച്ചതായിരുന്നു. കറുപ്പിനഴക് ഓ വെളുപ്പിനഴക് എന്ന പാട്ടും പാടിയെത്തിയ കമല പദ്മ സിസ്റ്റേഴ്സിനെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല.

സ്വപ്നക്കൂടിലെ പദ്മ എന്ന കഥാപത്രത്തെ ഒരു ക്യൂട്ട് റോളാക്കി മാറ്റാന്‍ ഭാവനക്ക് സാധിച്ചു. അഷ്ടമൂര്‍ത്തി  എന്ന ജയസൂര്യയുടെ കഥാപാത്രത്തിനോടുള്ള ഇഷ്ടവും, തമാശകളുമെല്ലാം തന്മയത്വത്തോടു കൂടി നടി കൈകാര്യം ചെയ്തിരുന്നു. സിനിമയിലുടനീളം സജീവമായ കഥാപാത്രമായത് കൊണ്ടാവണം അവസാനം നടി മരിക്കുമ്പോള്‍ കാണികളും വികാരഭരിതരായത്.

ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ ചെയ്ത ഇന്ദിര എന്ന കഥാപാത്രം ഭാവനയെ പ്രേക്ഷകര്‍ക്ക് ഏറെ  പ്രിയപ്പെട്ട നടിയാക്കി മാറ്റി. ഇന്ദിരയുടെ പ്രേമവും പ്രേതമായിട്ടുള്ള പ്രകടനവുമെല്ലാം സിനിമയില്‍ ഏറെ പ്രധാനപെട്ടതായിരുന്നു. ജോഷി സംവിധാനം  ചെയ്ത നരന്‍ എന്ന സിനിമയിലെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ ശരീരഭാഷ, ഗുണ്ടായിസം കാണിക്കുന്ന നായകനോടുള്ള  പേടി എന്നിവ കൃത്യമായി ഭാവന അഭിനയിച്ചു ഫലിപ്പിച്ചു.

പറക്കും ലത എന്ന മാസ് പേരൊക്കെയുള്ള കഥാപാത്രമായാണ് ഛോട്ടാ മുംബൈയില്‍ ഭാവന എത്തിയിരുന്നത്. ഓട്ടോറിക്ഷ  ഓടിക്കുന്ന, ബോള്‍ഡായ ഈ കഥാപാത്രം ചെയ്ത പല സീനുകളും പ്രേക്ഷകരില്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്. ‘ആ സുനിയെന്നെ പറഞ്ഞു ചതിക്കുവായിരുന്നു.അവനു വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന്’ പറഞ്ഞ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സുനിയെ ഇടിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ലത സിനിമയില്‍ അത്യാവശ്യം നല്ല ഓളം ഉണ്ടാക്കിയിരുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയില്‍ കുറച്ചു മിനുട്ടുകള്‍ മാത്രമായിരുന്നു നടിയുണ്ടായിരുന്നത്. എന്നാലും
ഈ  സിനിമയില്‍ അതിഥി കഥാപാത്രമായെത്തിയ ഭാവനയുടെ ക്യാരക്ടര്‍ തിയേറ്റര്‍ മുഴുവന്‍ ചിരിയുണര്‍ത്തുന്നതായിരുന്നു. തന്റെ കളഞ്ഞു പോയ മകനാണെന്നും പറഞ്ഞ് നായകനെ പിടിച്ചിരുത്തി കൊഞ്ചിക്കുന്നതും ഡാന്‍സ് കളിക്കുന്നതുമെല്ലാം അതുവരെ ആ സീന്‍ ബില്‍ഡ് ചെയ്ത സീരിയെസ്നെസിനെ പൊളിക്കുന്നതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു കോമഡി  റോളായിരുന്നു ഭാവന ആ സിനിമയില്‍ ചെയ്തിരുന്നത്.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയില്‍ മുഴുനീള നായികവേഷത്തിലായിരുന്നു ഭാവനയെത്തിയത്. സോളമന്‍ എന്ന നായക കഥാപാത്രവുമായുള്ള, നിഷ്‌കളങ്കമെന്നു തോന്നിപ്പിക്കുന്ന പ്രേമ രംഗങ്ങള്‍ രസമുള്ള കാഴ്ചയായിരുന്നു.

2012-ല്‍ പുറത്തിറങ്ങിയ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയിലെ ഭാവന ചെയ്ത ബാലാമണി എന്ന കഥാപാത്രം ഏറെ അഭിനയമികവ് പുലര്‍ത്തുന്നതായിരുന്നു. കന്യാകുമാരി ഭാഗത്തെ ഭാഷ ശൈലിയടക്കം കഥാപാത്രത്തെ പൂര്‍ണ്ണമായി കൃത്യമായി പിന്തുടരാന്‍ നടിക്ക് സാധിച്ചിരുന്നു.

ആസിഫ് അലിക്കൊപ്പം തന്നെ ഒന്നിച്ചെത്തിയ ഹണി ബീ ഒന്നും രണ്ടും ഭാഗങ്ങളിലും ഭാവനയുടേത് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു.ഹണി ബി ഒന്നാം ഭാഗത്തില്‍ ഒരു പാട് കോമഡി രംഗങ്ങളില്‍ ഭാവന സജീവമായി  നില്‍ക്കുന്നുണ്ട്. ആരെയും മടുപ്പിക്കാത്ത രീതിയില്‍ കോമഡി റോളുകള്‍ കൈകാര്യം ചെയ്യാന്‍ ഭാവനക്ക് സാധിച്ചിരുന്നു.

മലയാള സിനിമയില്‍ അവസാനം ചെയ്ത സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന ആദം ജോണ്‍  എന്ന സിനിമയില്‍ അതുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള റോളാണ് ചെയ്തിരുന്നത്. അല്‍പം നിഗൂഢതയുള്ള കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ ഭാവന ചെയ്തത്.
ഇവ കൂടാതെ ഇവിടെ, വിന്റര്‍, സാഗര്‍ ഏലിയാസ് ജാക്കി, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലായി മലയാളത്തില്‍ ധാരാളം നല്ല റോളുകള്‍ ഭാവന ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ഈ വേഷങ്ങള്‍ ചെയ്യുന്ന അതേസമയത്ത് തന്നെ തമിഴിലും കന്നടയിലും തെലുങ്കിലും ഭാവന ഒരുപോലെ ആക്ടീവായിരുന്നു.
ദീപാവലി, കൂടല്‍ നഗര്‍, ആര്യ, രാമേശ്വരം തുടങ്ങിയ നിരവധി തമിഴ് സിനിമകള്‍,  ഹീറോ, മഹാത്മാ, നിപ്പു തുടങ്ങിയ തെലുങ്കു ചിത്രങ്ങള്‍, കന്നടയില്‍ ജാക്കി, റോമിയോ, മുകുന്ദ മുരാരി, 99 എന്നീ സിനിമകള്‍ അങ്ങനെ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളില്‍ ജനപ്രിയ വേഷങ്ങളുമായി ഭാവന നിറഞ്ഞുനിന്നിരുന്നു.

ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


Content Highlight : 10 Popular Roles of Bhavana Menan

അനുപമ മോഹന്‍