ഞാനൊരു ദളിത് സ്ത്രീയാണ്; എന്റെ രാഷ്ട്രീയത്തെ ഹിന്ദുത്വ തീവ്രവാദികള്‍ ഭയപ്പെടുന്നു: ശബരിമല ദര്‍ശനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ബിന്ദു തങ്കം കല്ല്യാണി സംസാരിക്കുന്നു
ജംഷീന മുല്ലപ്പാട്ട്

ലിംഗ സമത്വത്തിനും സ്ത്രീ അവകാശത്തിനും വേണ്ടി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകാന്‍ തയ്യാറെടുത്ത ബിന്ദു തങ്കം കല്ല്യാണിക്ക് നേരെ നിരന്തരമായി ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ഭരണഘടനയേയും പൗരാവകാശങ്ങളേയും വെല്ലുവിളിച്ചാണ് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ആക്രമണം അഴിച്ചു വിടുന്നത്. ഇത്തരം ആക്രമണങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധങ്ങളെ കുറിച്ചും ബിന്ദു തങ്കം കല്ല്യാണി സംസാരിക്കുന്നു..

ശബരിമലയില്‍ പോകാന്‍ ശ്രമിച്ച സ്ത്രീകള്‍ക്കിടയില്‍ നിന്നും ഏറ്റവും ശക്തമായ ആക്രമണം നേരിടുന്ന ഒരാളെന്ന നിലയില്‍ എനിക്കറിയാം അവര്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന്. ഞാന്‍ ഒരു ദളിത് സ്ത്രീയായത് കൊണ്ടാണ്. ഞങ്ങളെ ഹിന്ദുക്കളായാണ് അവര്‍ മുദ്ര കുത്തുന്നത്. ഞങ്ങള്‍ ഹിന്ദുക്കളല്ല. എന്നെ അവര്‍ ആക്രമിക്കുന്നത് ജാതി വെച്ച് തന്നെയാണ്.


അതിന് കൃത്യമായ പ്രത്യക്ഷ ഉദാഹരണം, അവിടെ പോയി എന്ന് പറയുന്ന ഒരുപാട് സ്ത്രീകളുണ്ട്. ലക്ഷ്മി രാജീവിനെ പോലെ ഉള്ളവര്‍, ഒരുപാട് ആള്‍ക്കാര്‍ അവിടെ പണം കൊടുത്ത് പോയി എന്നും പറയുന്നുണ്ട്. എന്നിട്ടും സൈബര്‍ സ്പേസിലോ, വീടുകള്‍ക്ക് നേരെയോ ഒന്നും ആക്രമണങ്ങള്‍ ഉണ്ടാകുന്നില്ല. അവര്‍ വളരെ സുരക്ഷിതരായി ജീവിക്കുന്നുണ്ട്. പോയ എല്ലാവരും ആക്രമിക്കപ്പെടണം എന്നല്ല ഞാന്‍ പറയുന്നത്. ആരും ആക്രമിക്കപ്പെടരുത് എന്ന രാഷ്ട്രീയമാണല്ലോ നമ്മള്‍ മുന്നോട്ടു വെക്കുന്നത്. ആ ഒരു വ്യത്യാസമുണ്ടാകുന്നത് സാമൂഹിക അസമത്വവും ജാതിയുടെ അസമത്വവുമാണ്.

ഞാന്‍ ദളിത് രാഷ്ട്രീയത്തില്‍ നില്‍ക്കുകയും ഗോത്ര സംസ്‌ക്കാരത്തില്‍ ജീവിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയിലൂന്നിയ തുല്യ നീതിയും മതേതരത്വവും ഉണ്ടായാല്‍ മാത്രമേ ആരോഗ്യകരമായ സമൂഹം ഉണ്ടാകുകയുള്ളൂ. അതിന്റെ തിരിച്ചറിവിലാണ് അംബേദ്ക്കറിന്റെ പിന്‍ഗാമികള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. ഭാവിയില്‍ മതതീവ്രവാദത്തെ എതിര്‍ക്കാന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കേ പറ്റൂ. ദളിത് രാഷ്ട്രീയം പറയുന്ന സമൂഹത്തിനു മാത്രമേ ഇന്ത്യയെ മുമ്പോട്ടു കൊണ്ടുപോകാന്‍ പറ്റൂ, ഭാവിയെ മുമ്പോട്ട് കൊണ്ടുപോകാന്‍ പറ്റൂ.


ഞാന്‍ തിരിച്ചു വരുന്ന സമയത്ത് സുഹൃത്തിന്റെ വീട്ടിലേയ്ക്കാണ് പോയത്. അവിടെയാണ് ആദ്യത്തെ ആക്രമണം ഉണ്ടാകുന്നത്. ഉറക്കം ഉണരുന്നതിനു മുമ്പേ കതകില്‍ തട്ടി ശബ്ദമുണ്ടാക്കുകയും വീട്ടുടമയോട് ഞങ്ങളെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നു. അവിടം തൊട്ടേ എന്നെ ജാതീയമായി അധിക്ഷേപിക്കുകയും വേശ്യയെന്നു വിളിക്കുകയും ചെയ്യുന്നുണ്ട്. കായികമായി കൈകാര്യം ചെയ്യാന്‍ നോക്കുന്നുമുണ്ട്.

ജോലി ചെയ്യുന്ന സ്‌കൂളിനു മുമ്പില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പിയുടെ നേതാക്കള്‍ പ്രകടനം നടത്തുകയും ഞാന്‍ മാവോയിസ്റ്റാണെന്നു വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. എന്റെ പേര് ബിന്ദു സക്കറിയ എന്നാണ് എന്നും അവള്‍ അരാജകത്വം സൃഷ്ടിക്കുന്ന മുഴുവന്‍ സമരങ്ങളിലും പങ്കെടുത്ത് സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു നാട്ടുകാര്‍ക്കിടയില്‍ വിഷം കുത്തി വെച്ചിരിക്കുകയാണ്. സ്‌കൂളിനകത്തും കുട്ടികളെ കൊണ്ട് ശരണം വിളിപ്പിക്കുക, തെറിവിളിപ്പിക്കുക തുടങ്ങിയവയും ചെയ്യുന്നുണ്ട്.

രണ്ടാമത്തെ നാമജപഘോഷയാത്ര ആരാണ് നടത്തിയതെന്ന് ഇപ്പോഴും അവ്യക്തമാണ്. അവരുടെ ലക്ഷ്യം സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുക, എന്നെ പഠിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ്. അവരെ വിശ്വസിക്കരുത്, അവര്‍ ദളിത് ആണെന്നോ ഉള്ളൂ, ദളിത് എന്ന പേരില്‍ അവര്‍ നടത്തുന്നത് തീവ്രവാദമാണ്, എന്റെ അച്ഛന്‍ വലിയ തീവ്രവാദിയാണ്, അവരെ അടുപ്പിക്കരുത് എന്നൊക്കെ സ്‌കൂളില്‍ എന്നോട് വളരെ അടുപ്പമുള്ള അധ്യാപകരോട് പറയുന്നുണ്ട്. സ്‌കൂളിനകത്തെ മനസ്സാമാധാനം തകര്‍ക്കാന്‍ വളരെ ആസൂത്രിതമായി നടത്തിയതാണ് രണ്ടാമത്തെ നാമജപയാത്ര.

 


ശബരിമല വിഷയത്തില്‍ ആക്രമണം നടത്തുന്നതും പ്രതിഷേധിക്കുന്നതും സാമൂഹിക ദ്രോഹികളാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്നവരും, സുപ്രീം കോടതിയെ എതിര്‍ക്കുന്നവരും എന്തു സംഭാവനയാണ് സമൂഹത്തിനു കൊടുക്കുന്നത്. ആ സാഹചര്യത്തിലാണ് ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ബാബയുടെ പിന്‍ഗാമികളായിട്ടുള്ള ആള്‍ക്കാര്‍ ദളിത് രാഷ്ട്രീയം പറയുന്നത്. ആ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഭാവിയുണ്ട്.

ശബരിമല വിധി വന്നപ്പോള്‍ ഒരു സാമൂഹിക അനിശ്ചിതത്വം ഉണ്ടായി. അതിനെ മറികടന്ന് ആദ്യം ശബരിമല വിധിയെ സ്വാഗതം ചെയ്തത് ദളിത് സമൂഹത്തിനകത്തു നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമാണ്. കേരളം മൊത്തത്തില്‍ സഞ്ചരിക്കുന്ന ഒരു അരാഷ്ട്രീയതയില്‍ നിന്നും അതിനെ പിടിച്ചു നിര്‍ത്തുന്നത് ദളിത് രാഷ്ട്രീയമാണ്. ഇടതു പക്ഷവും,ഫാസിസ്റ്റ് സംഘടനകളും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ അതിനെ പ്രതിരോധിച്ചാണ് ദളിത് രാഷ്ട്രീയം നില്‍ക്കുന്നത്.

സാമാന്യ ജനങ്ങള്‍ വിശ്വാസികളായാലും അവര്‍ ആക്രമിക്കാന്‍ പോവില്ല. അതിനു സാക്ഷിയായി വന്നയാളാണ് ഞാന്‍. എരുമേലിയില്‍ നിന്നും പമ്പയിലേക്കുള്ള ബസ്സില്‍ പൊലീസ് കയറ്റി വിട്ടു. പൊലീസുകാരും കൂടെ വന്നു. ബസ് നിറയെ ആളുകളുണ്ട്. ഇതിനകത്ത് ഇരിക്കുന്ന ആളുകള്‍ അരമണിക്കൂര്‍ നേരെത്തേക്ക് എനിക്കെതിരെ ഒരാക്രമണവും നടത്തിയില്ല. ഇരുമുടി കെട്ടെടുത്ത പ്രായമായ ഒരാളുടെ കൂടെയാണ് ഞാന്‍ ഇരുന്നത്. പേടിക്കാനൊന്നും ഇല്ല, അവര്‍ ആക്രമിക്കില്ല എന്നൊക്കെ പറഞ്ഞ് എന്നെ സമാധാനപ്പെടുത്താനാണ് അദ്ദേ്ഹം ശ്രമിച്ചത്.


പക്ഷേ, അക്രമകാരികള്‍ ഇവരെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. നിങ്ങള്‍ എന്ത് വിശ്വാസികളാണ്. നിങ്ങള്‍ അയ്യപ്പന്മാരല്ലേ, ഇവളുമാര്‍ ടി.വിയില്‍ സ്റ്റാര്‍ ആവാന്‍ വന്നതല്ലേ, ഇവള്‍ക്ക് കയറാന്‍ പാടില്ല എന്നറിഞ്ഞൂടെ, എന്നൊക്കെ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് ബസ്സിലിരിക്കുന്ന ആളുകള്‍ എന്നോട് എന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങിയത്. അക്രമകാരികള്‍ ബസ്സിനകത്ത് ഉള്ളവരെ എന്റെ നേര്‍ക്ക് തിരിച്ചു. ഇതാണ് ഇവര്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ യാഥാര്‍ഥ വിശ്വാസികളല്ല സ്ത്രീകളെ ആക്രമിക്കുന്നത്.

ജോലിസ്ഥലത്തും വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും ഞാന്‍ മുന്നോട്ടു പോകുന്നുണ്ട്. ഞാന്‍ അവരുടെ യഥാര്‍ത്ഥ രാഷ്ട്രീയ ശതുവാണ് എന്നുള്ളത് കൊണ്ടാണ് അവര്‍ ഇപ്പോഴും എന്നെ ആക്രമിക്കുന്നത്. ഞാന്‍ പറയുന്ന രാഷ്ട്രീയം ദളിത് രാഷ്ട്രീയമാണ്. എനിക്ക് അതിനകത്ത് കൃത്യമായ ബോധ്യങ്ങളുണ്ട്. ദളിത് രാഷ്ട്രീയം പറയുന്നതിനെ അവര്‍പേടിക്കുന്നുണ്ട്. അതുകൊണ്ടാണ് ജാതീയമായും വംശീയമായും ആക്രമിക്കുന്നത്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം