അച്ചാറുകള്‍ എന്നും മലയാളികള്‍ക്ക് ഒരു വീക്ക്‌നെസ് തന്നെയാണ്. വെജ് എന്നോ നോണ്‍വെജ് എന്നോ വ്യത്യാസമില്ലാതെ അച്ചാറുകള്‍ തയ്യാറാക്കാന്‍ റെഡിയാണ് മലയാളികള്‍. ഇതില്‍ ഏറെ ഹിറ്റാണ് ചെമ്മീന്‍ അഥവാ കൊഞ്ച് അച്ചാര്‍. ഉണക്ക ചെമ്മീനോ, പച്ച ചെമ്മീനോ അച്ചാറായി ഇടാറുണ്ട്. ഇത്തവണ ചെമ്മീന്‍ അച്ചാര്‍ എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
വലിയ ചെമ്മീന്‍/ കൊഞ്ച് -അരക്കിലോ
ഇഞ്ചി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 5 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കശ്മീരി മുളകുപൊടി- 1ടീസ്പൂണ്‍
അച്ചാര്‍പൊടി – 1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ഉലുവ-1 ടീസ്പൂണ്‍
നല്ലെണ്ണ
വെള്ളം – അര കപ്പ്
വിനാഗിരി -അര കപ്പ്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി വെള്ളം കളഞ്ഞ് ഇതില്‍ പകുതി മഞ്ഞള്‍പ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. മസാല നന്നായി പിടിച്ചതിന് ശേഷം എണ്ണയില്‍ വറുത്ത് കോരുക.
ശേഷം ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. ശേഷം അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് വഴറ്റി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതിന് ശേഷം ഇതേ ചട്ടിയില്‍
അല്‍പം കൂടി എണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റണം.
ഇതിലേക്ക് ബാക്കി മഞ്ഞള്‍പൊടി, മുളകുപൊടി, അച്ചാര്‍ പൊടി എ്ന്നിവ ചേര്‍ത്തിളക്കുക. ഇത് മൂത്ത് എണ്ണ മുകളിലായി വരുമ്പോള്‍ അല്‍പം വെള്ളമൊഴിയ്ക്കുക. ഇത് പതുക്കെ തിളച്ചുവരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കണം.
രണ്ടു മിനിറ്റ് ഇളക്കിയ ശേഷം മൂപ്പിച്ചു മാറ്റി വച്ചിരിയ്ക്കുന്ന കൂട്ട് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. വിനാഗിരി ഒഴിയ്ക്കുക. ഇത് തിളച്ചു കുറുകി മസാല ചെമ്മീന്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ചാറ് കൂടുതല്‍ വേണമെങ്കില്‍ ഇതനുസരിച്ച് വെള്ളമോ വിനാഗിരിയോ ചേര്‍ക്കാം.
ശേഷം ചൂടാറി കഴിയുമ്പോള്‍ അല്‍പം നല്ലെണ്ണ ചൂടാക്കി ഇതിന് മുകളില്‍ ഒഴിച്ച് മൂടിവെയ്ക്കാം.