| Wednesday, 30th March 2022, 8:11 pm

WORKER'S STRIKE |എന്തിനാണ് പണിമുടക്ക് ? അവകാശങ്ങള്‍ ഇങ്ങോട്ട് വരട്ടെ |Trollodu Troll| Anusha Andrews

അനുഷ ആന്‍ഡ്രൂസ്

48 മണിക്കൂര്‍ നീണ്ടുനിന്ന തൊഴിലാളികളുടെ പണിമുടക്ക് സമരത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ എതൊക്കെ മാധ്യമങ്ങള്‍ ശ്രമിച്ചു എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം മുട്ടും.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതുമേഖല സ്വകാര്യവത്കരണം നിര്‍ത്തുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ബജറ്റ് വിഹിതം കൂട്ടിക, ഇന്ധനവില കുറക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക, സമ്പന്നരുടെ മേല്‍ കൂടുതല്‍ നികുതി, സംയുക്ത കര്‍ഷക മുന്നണിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, കൊവിഡില്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് സഹായം നല്‍കുക. എന്നിങ്ങനെയാണ് പണിമുടക്കിലെ തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍.

പക്ഷെ, തൊഴിലാളികളുടെ അതിജീവനവും നിലനില്‍പ്പുമായി ബന്ധപ്പെട്ട്, അവര്‍ നേരിടുന്ന രൂക്ഷമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ രാജ്യത്തെ തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കിയ ഈ രണ്ട് ദിവസ്സത്തെ വിലയിരുത്താന്‍, അതില്‍ പങ്കെടുക്കുന്ന ട്രേഡ് യൂണിയനുകളുടെ ഫുള്‍ ഫോം പോലും അറിയാത്ത കിറ്റെക്‌സിന്റെ സാബു സാറിനെപോലെയുള്ളവരാണല്ലോ പ്രൈം ടൈം ചര്‍ച്ചകളിലിരിക്കുന്നത്.

ഇല്ലെങ്കില്‍, ‘രണ്ട് മണിക്കൂര്‍ ഈ തൊഴിലാളികള്‍ക്ക് കൂലി വാങ്ങാതെ പണിയെടുത്ത് പ്രതിഷേധിച്ചൂടെ’ എന്ന് ചോദിക്കുന്ന സാബു മൊതലാളിയുടെ നിഷ്‌കളങ്കതയെ ന്യൂസ് ചാനലിലെ അവതാരകര്‍ തലയാട്ടി കേട്ടിരിക്കില്ലല്ലോ.

പണിമുടക്കിന്റെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ, അടിസ്ഥാനവര്‍ഗത്തെ അടിച്ചമര്‍ത്താന്‍ കൂട്ടുനില്‍ക്കുന്ന ഒരു പ്രത്യേക തരം മാധ്യമസ്വാതന്ത്ര്യവും, മാധ്യമധര്‍മ്മവുമാണ് നമ്മുടെ നാട്ടില്‍ നടപ്പാവുന്നത് എന്ന് തന്നെ പറയണം.

ഈ ദേശീയ പണിമുടക്ക് എന്നത്, കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ഇന്‍ട്രസ്റ്റില്‍ വരുന്ന കാര്യമാണ് എന്നുണ്ടോ? കാരണം, പല നേതാക്കന്‍മാരുടേയും പത്രങ്ങളുടേയും നവമാധ്യമങ്ങളിലെ ചിലരുടേയും പെരുമാറ്റം കാണുമ്പോള്‍ അങ്ങനെയാണ് തോനുന്നത്.

ഈ സമരത്തെ കുറിച്ച് ഒരു മാസം മുന്നേ അറിയിപ്പും വാര്‍ത്തകളുമൊക്കെ വന്നപ്പോള്‍, ബി.ജെ.പിയുടെ ബി.എം.എസ് ഒഴികെ, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ടി.യു, എച്ച്.എം.എസ്… തുടങ്ങി പത്തിലധികം ട്രേഡ് യൂണിയനുകള്‍ നടത്തുന്ന, രാജ്യത്തെ അസംഖ്യം വരുന്ന തൊഴിലാളികള്‍ സംഘടിക്കുന്ന പണിമുടക്കാണെന്നായിരുന്നു അറിയാന്‍ കഴിഞ്ഞിരുന്നത്. എന്നിട്ടും ഈ പറഞ്ഞ ട്രേഡ് യൂണിയനുകളുടെ മാതൃപ്രസ്ഥാനങ്ങളായ കോണ്‍ഗ്രസും, ലീഗും, കേരളാ കോണ്‍ഗ്രസുകാരുമൊക്കെ സമരത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തള്ളിപറഞ്ഞിട്ടുണ്ട്.

അടിത്തട്ടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഒന്ന് പണിമുടക്കിയാല്‍ തീരാവുന്നതേയുള്ളു ഏതൊരു മുതലാളിയും എന്ന് മധ്യവര്‍ഗത്തേയും, പ്രിവിലേജുകൊണ്ട് ആറാടുന്നവരേയും, ഫാസിസ്റ്റ് ഭരണകൂടത്തെയും, തൊഴിലാളി ചൂഷണം നടത്തുന്നവരേയും ഒന്ന് ഓര്‍മ്മപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മറന്ന് തൊഴിലാളികള്‍ ഒന്നിക്കുന്ന പണിമുടക്കിന്, നാട്ടിലെ ജനങ്ങളുടെ മുഴുവന്‍ ഭാവിയെയും അവകാശങ്ങളെയും മുന്നില്‍ കണ്ട് നടത്തുന്ന ഒരു സമരത്തിന്, എത്രകാലം മുന്‍പ് ഡേറ്റ് ഫിക്‌സ് ചെയ്താലും, നോട്ടീസടിച്ച് കൊടുത്താലും, ജാഥകള്‍ നടത്തി ബോധവത്കരണം നടത്തിയാലും, അത് ഒരിക്കലും നമ്മുടെ കണ്ണില്‍ പെടില്ല. കാരണം ആരോഗ്യം, വിദ്യാഭ്യാസം, ഇന്ധനവില ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങളേയല്ലല്ലോ.


Content Highlight :the demands of the 48-hour long workers’ strike degraded by media

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.