ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഏറെ ചര്‍ച്ചയാവുന്നത് ഈ ചിത്രത്തിന്റെ പ്രൊഡ്യൂസറെ കുറിച്ചാണ്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. പലരും വിചാരിച്ചിരിക്കുന്നത് മമ്മൂട്ടി പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ സിനിമയാണിതെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇതിനു മുന്‍പും മമ്മൂട്ടി സിനിമകളും സീരിയലും പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് കാസിനോ ഫിലിംസ് എന്ന പേരില്‍ കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഒരു പ്രൊഡക്ഷന്‍ ഹൗസ് നടത്തിയിരുന്നു. സെഞ്ച്വറി കൊച്ചുമോന്‍, ഐ.വി. ശശി, സീമ എന്നിവരോടൊപ്പം സംയുക്ത ഉടമസ്ഥതയിലായിരുന്നു കാസിനോ പ്രൊഡക്ഷന്‍ ഹൗസ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമകളും, ഇവരില്‍ ഒരാള്‍ നായകവേഷത്തിലെത്തുന്ന സിനിമകളുമെല്ലാം കാസിനോ നിര്‍മ്മിച്ചിരുന്നു.
കാസിനോ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പത്മരാജന്‍ തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയായിരുന്നു, കരിമ്പിന്‍ പൂവിനക്കരെ. മമ്മൂട്ടി, ഭരത് ഗോപി, മോഹന്‍ലാല്‍, സീമ, ഉര്‍വ്വശി എന്നിവര്‍ അഭിനയിച്ച സിനിമ 1985-ലായിരുന്നു റിലീസായത്. ഏതാനും ഗ്രാമവാസികളുടെ ജീവിതവും പ്രതികാരവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു ചെറിയ ഗ്രാമത്തില്‍ നടക്കുന്ന അനധികൃത കോഴിപ്പോര് മത്സരത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ശിവന്‍ എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി കൈകാര്യം ചെയ്തിരുന്നത്.
ഐ.വി. ശശിതന്നെ സംവിധാനം ചെയ്ത അടിയൊഴുക്കുകള്‍ എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തതും കാസിനോ ഫിലിംസ് ആയിരുന്നു. ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്‌മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടിയൊഴുക്കുകള്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യ കേരള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.
കാസിനോ ഫിലിംസിന്റെ ബാനറില്‍ സത്യന്‍ അന്തിക്കാട് ഡയറക്റ്റ് ചെയ്ത ചിത്രമായിരുന്നു നാടോടി കാറ്റ്. ഈ സിനിമയില്‍ മമ്മൂട്ടി റോളൊന്നും ചെയ്തിരുന്നില്ല. മോഹന്‍ലാലും ശ്രീനിവാസും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ നാടോടിക്കാറ്റ്, കാസിനോ പ്രൊഡ്യൂസ് ചെയ്ത സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഡയറക്റ്റ് ചെയ്തത് സത്യന്‍ അന്തിക്കാട് ആയിരുന്നു.
മോഹന്‍ലാല്‍ മെയിന്‍ റോളിലെത്തിയ ഈ സിനിമയില്‍ കാര്‍ത്തിക, സീമ, ശ്രീനിവാസന്‍, തിലകന്‍, ഇന്നസെന്റ്, സുകുമാരി, കെ.പി.എ.സി. ലളിത എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങള്‍. ഹൗസിങ് കോളനിയില്‍ ഗൂര്‍ഖയായെത്തിയ രാംസിംഗ് എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ആളുകള്‍ മറക്കാന്‍ ഇടയില്ല. മമ്മൂട്ടി ഈ സിനിമയില്‍ കാമിയോ അപ്പിയറന്‍സില്‍ എത്തുന്നുണ്ട്.
കാമിയോ പ്രൊഡ്യൂസ് ചെയ്ത മിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു. ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന ചിത്രങ്ങള്‍ കൂടിയാണിത്. എന്നാല്‍ പിന്നീട് കാസിനോ ഫിലിംസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
ഇതിനുശേഷം 2009ലാണ് മമ്മൂട്ടി നിര്‍മ്മാണത്തിലേക്കും വിതരണത്തിലേക്കുമെല്ലാം വീണ്ടും കടന്നുവരുന്നത്. പ്ലേ ഹൗസ് എന്നായിരുന്നു ഈ പ്രൊഡക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ സംരഭത്തിന്റെ പേര്.
പ്ലേ ഹൗസ് പ്രൊഡ്യൂസ് ചെയ്ത സിനിമയായിരുന്നു ജവാന്‍ ഓഫ് വെള്ളിമല. നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്തത ഈ സിനിമയില്‍, മമ്മൂട്ടി, ശ്രീനിവാസന്‍, മമ്ത മോഹന്‍ദാസ്, ആസിഫ് അലി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. കാര്യമായ സാമ്പത്തിക വിജയം നേടാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നില്ല.
അക്കു അക്ബറിന്റെ കാണാകണ്മണി, ശ്യാമപ്രസാദ് ഡയറക്റ്റ് ചെയ്ത ഋതു, ഷാഫിയുടെ ചട്ടമ്പിനാട്, ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്നീ സിനിമകള്‍ മമ്മൂട്ടിയുടെ പ്ലേ ഹൗസ് വിതരണം ചെയ്തവയാണ്. നിര്‍മ്മാണത്തേക്കാള്‍ വിതരണരംഗത്താണ് പ്ലേ ഹൗസ് കൂടുതല്‍ സജീവമായിരുന്നത്.
സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളും മമ്മൂട്ടി നിര്‍മ്മിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ജ്വാലയായ്’ എന്ന സീരിയലും പ്രൊഡ്യൂസ് ചെയ്തിരുന്നത് മമ്മൂട്ടിയുടെ മെഗാ ബൈറ്റ്‌സ് എന്ന നിര്‍മാണകമ്പനിയായിരുന്നു. ഷോ ടൈമില്‍ ഇടവേളകളോ ഷിഫ്‌റ്റോ ഇല്ലാതെ രണ്ട് വര്‍ഷത്തോളം ഈ സീരിയല്‍ അതിന്റെ ഓട്ടം തുടര്‍ന്നു.
മികച്ച വ്യൂവര്‍ഷിപ്പ് ഡാറ്റ ഉള്ളതിനാല്‍ സീരിയല്‍ അതിന്റെ രണ്ടാം ഭാഗത്തേക്ക് പോലും വിപുലീകരിച്ചു. ഡി.ഡി പ്രോഗ്രാമുകള്‍ക്ക് സംസ്ഥാനത്തുടനീളം 60 ശതമാനത്തിലധികം കാഴ്ചക്കാര്‍ ഉണ്ടായിരുന്ന സമയത്താണ് മമ്മൂട്ടി ഈ സൂപ്പര്‍ ഹിറ്റ് സീരിയല്‍ നിര്‍മിച്ചത്. വിന്ദുജ മേനോന്‍, ജ്യോതിര്‍മയി, ചന്ദ്ര ലക്ഷ്മണന്‍, യമുന തുടങ്ങിയ അഭിനേതാക്കള്‍ ഈ മെഗാ സീരിയലില്‍ അഭിനയിച്ചിരുന്നു.
മമ്മൂട്ടി കമ്പനിയുമായി സിനിമാ നിര്‍മ്മാണ മേഖലയില്‍ ഒരിക്കല്‍ കൂടി സജീവമാകുകയാണ് മമ്മൂട്ടി. പ്ലേ ഹൗസ് ആരംഭിച്ച സമയത്ത് പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മമ്മൂട്ടി കമ്പനിയും പുതിയ തിരക്കഥാകൃത്തുകള്‍ക്കും സംവിധായകര്‍ക്കുമെല്ലാം അവസരം നല്‍കാനാണ് സാധ്യതയെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
Content Highlight: Films produced by actor mammootty