ശരിയാണ്, നിലനില്‍പ്പ് സമരമായി മാറിയവര്‍ക്കു വേണ്ടിത്തന്നെയാണ് ഡൂള്‍ന്യൂസ് എഴുതുന്നത്
Editorial
ശരിയാണ്, നിലനില്‍പ്പ് സമരമായി മാറിയവര്‍ക്കു വേണ്ടിത്തന്നെയാണ് ഡൂള്‍ന്യൂസ് എഴുതുന്നത്
മനില സി. മോഹൻ
Friday, 26th April 2019, 8:42 pm

ചില ആരോപണങ്ങള്‍ ഉയരുമ്പോള്‍, അത് ആര് ഉന്നയിച്ചു എന്നറിയുമ്പോള്‍ വലിയ അഭിമാനം തോന്നും സന്തോഷവും. ഡൂള്‍ന്യൂസിനെ ജന്‍മഭൂമി പ്രതിസ്ഥാനത്തു നിര്‍ത്തുന്നു എന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. അതേ സമയം ഡൂള്‍ന്യൂസിന് വിദേശ പണം കിട്ടുന്നുണ്ടെന്നും ഡൂള്‍ന്യൂസ് മാവോയിസ്റ്റുകളെയും ഇസ്ലാമിക തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരാണെന്നുമുള്ള  ജന്മഭൂമി പത്രത്തിന്റെ വ്യാജവാര്‍ത്ത അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമാണ്.

ഞങ്ങളുടെ നിലപാടുകള്‍ നിങ്ങളെ അസ്വസ്ഥപ്പെടുത്തുമ്പോള്‍, നിങ്ങള്‍ പതിവുപോലെ നുണകള്‍ അച്ചടിച്ചുവിടുമ്പോള്‍ ബാബു ഭരദ്വാജിന്റെ പ്രഥമ എഡിറ്റര്‍ഷിപ്പില്‍ പത്ത് വര്‍ഷം മുന്‍പ് തുടങ്ങിയ DoolNews.com ശരിയുടെ പക്ഷത്ത് വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുകയാണ് ജന്മഭൂമീ. വാര്‍ത്തയെഴുതിയ കെ.വി.ഹരിദാസ്, ആ അംഗീകാരത്തിന് നന്ദിയുണ്ട്.

തീവ്രവലതുപക്ഷത്തിന് എതിരാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളായ ഡൂള്‍ന്യൂസും അഴിമുഖവും ദി വയറും ദി കാരവനും സ്‌ക്രോളും ലീഫ് ലെറ്റും എന്നൊക്കെ പറയാന്‍ വേണ്ടി വിദേശപണം എന്ന നുണ മാത്രമേ ആയുധമായി നിങ്ങളുടെ കയ്യിലുള്ളൂ എന്നത് വസ്തുതഞങ്ങളില്‍ ചിരിയാണുണ്ടാക്കിയത്. ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കൊടുത്ത റിപ്പോര്‍ട്ടുകളില്‍, വാര്‍ത്തകളില്‍ ഏതെങ്കിലും കള്ളമാണെന്ന് സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? കഴിയില്ല. കാരണം വാര്‍ത്തകള്‍ നുണകളല്ല എന്ന അടിസ്ഥാനധാരണയുള്ളവരാണ് ഈ മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ടീമുകള്‍.

ഡൂള്‍ന്യൂസിന് വിദേശസഹായമെന്ന ജന്മഭൂമി വാര്‍ത്ത വ്യാജം

മാധ്യമ പ്രവര്‍ത്തനമെന്നാല്‍ ജനപക്ഷ രാഷ്ട്രീയപ്രവര്‍ത്തനമാണ് എന്ന് താങ്കള്‍ക്കോ താങ്കളുടെ മാധ്യമസ്ഥാപനത്തിനോ മനസ്സിലാവാന്‍ സാധ്യത കുറവാണ്. കാരണം താങ്കള്‍ പ്രതിനിധീകരിക്കുന്ന ജേണലിസം സ്‌കൂളും താങ്കള്‍ വാര്‍ത്തയില്‍ പറഞ്ഞിട്ടുള്ള മാധ്യമങ്ങള്‍ പ്രതിനിധീകരിക്കുന്ന ജേണലിസം സ്‌കൂളും തമ്മില്‍ വലിയ പ്രത്യയശാസ്ത്ര അന്തരമുണ്ട്.

ജന്മഭൂമി വാര്‍ത്തയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘ നരേന്ദ്രമോദി സര്‍ക്കാരിനെ എങ്ങനെയും താഴെ ഇറക്കേണ്ടത് ചിലരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനു വേണ്ടി അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കുന്നുണ്ട്” എന്ന്. ശരിയാണ്, നിലനില്‍പ്പ് സമരമായി മാറിയ ചിലര്‍ക്കു വേണ്ടിത്തന്നെയാണ് ഡൂള്‍ന്യൂസ് ഉള്‍പ്പെടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എഴുതുന്നത്, പറയുന്നത്.

ആ ചിലര്‍ തീവ്രവലതുപക്ഷത്തിന്റെ ‘വ്യാജമായ ശരി’ കളെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത ഇന്ത്യന്‍ ഭൂരിപക്ഷമാണ്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, ആദിവാസികള്‍, സവര്‍ണരല്ലാത്ത ഹിന്ദുക്കള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍ തുടങ്ങി രാഷ്ട്രീയ ഹിന്ദുത്വയുടെ പരിധിയില്‍ വരാത്ത സകലരും.

എന്നാല്‍ താങ്കള്‍ ഉദ്ദേശിച്ച ‘ചിലര്‍ ‘ ആ ഇന്ത്യന്‍ ഭൂരിപക്ഷമല്ല എന്നറിയാം. ആ ചിലര്‍, ഹിന്ദുത്വയുടെ പരിധിയ്ക്ക് പുറത്തുള്ളവര്‍ക്കു വേണ്ടി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന, മുഖ്യധാരയല്ലാത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് എന്നും അറിയാം.

പ്രമുഖരായ നിരവധി മുഖ്യധാര മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞതുപോലെ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ വിലയ്‌ക്കെടുക്കാന്‍ കഴിയാത്തതിലുള്ള ജന്മഭൂമിയുടേയും പത്രം പിന്‍താങ്ങുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും അതിന്റെ രാഷ്ട്രീയ പാര്‍ടിരൂപത്തിന്റെയും നിരാശയും അമര്‍ഷവുമാണ് ഇങ്ങനെയൊരു വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയ ബോധ്യത്തോടു കൂടിയ നിരീക്ഷണം മാത്രം മതിയാവും.  മാവോയിസ്റ്റുകളെയും ഇസ്ലാമിക തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരാണ് എന്ന ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെ ദുരുദ്ദേശ്യവും ഞങ്ങള്‍ക്ക് മനസ്സിലാകും.

മുഖ്യധാരാ മാധ്യമങ്ങളെ ഹിന്ദുത്വ ലൈനിലേക്ക് പിടിച്ചെടുക്കുന്നത് പരസ്യ വരുമാനത്തിന്റെ സ്രോതസ്സുകളെ നിങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്നിട്ടാണല്ലോ? വിപണിയുടെ ഹൈന്ദവവത്ക്കരണവും മാധ്യമങ്ങളുടെ കാവിവത്കരണവും സമാന്തരമായി നടത്തിയാണല്ലോ ഈ പിടിച്ചെടുക്കല്‍. അതില്‍ വലിയ പരിധിവരെ വിജയിച്ചിട്ടുമുണ്ട്. പരസ്യത്തിന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ചു കൊണ്ട് ന്യൂസ് ഡസ്‌കുകളില്‍ കാവിക്കൊടി വിരിച്ചിട്ട തന്ത്രം.

ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ബില്‍ക്കിസ് ബാനുവിന് നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിട്ട വാര്‍ത്തയും സൈഡ് സ്റ്റോറിയുമൊക്കെ കൊടുക്കുമ്പോള്‍ അബദ്ധത്തില്‍ പോലും വംശഹത്യയെന്നോ സംഘപരിവാര്‍ കൊലയാളികള്‍ എന്നോ എഴുതാതിരിക്കാന്‍ മലയാളത്തിലെ ദേശീയ മാധ്യമങ്ങള്‍ കാണിച്ച ആ ജാഗ്രതയുണ്ടല്ലോ! അതാണ് രാഷ്ട്രീയ ഹിന്ദുത്വ, വിപണിയിലൂടെ കേരളത്തില്‍ നേടിയ വിജയം.

മുഖ്യധാരയുടെ അപ്രമാദിത്വത്തിന് രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നിലനില്‍ക്കുന്നത് എന്ന് പറയാം. ഓര്‍മകളുടെ രാഷ്ട്രീയവും ജനപക്ഷ രാഷ്ട്രീയവും ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയവും അതിശക്തമായി പറയുന്നുണ്ട് ഇവയില്‍ പലതും. തീവ്രവലതുപക്ഷത്തിന് വേണ്ടി പണിയെടുക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും ധാരാളമുണ്ടാവാം. അക്കൂട്ടത്തില്‍ പര്‍ച്ചേസ് ചെയ്യാന്‍ പറ്റാതെ വന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ലിസ്റ്റാണ് ജന്മഭൂമി എടുത്തെഴുതിയത്.

അപ്പോള്‍പ്പിന്നെ വേറെന്ത് ചെയ്യാന്‍? മേല്‍പ്പടി ലിസ്റ്റിലെ പോര്‍ട്ടലുകളുടെ സാമ്പത്തിക സോഴ്‌സ് അന്വേഷിച്ച് പോവുകയല്ലാതെ. IPSMF എന്ന് ചുമ്മാ ഗൂഗിളില്‍ തെരഞ്ഞാല്‍ മതി കിട്ടും. ജന്മഭൂമി ആരോപിച്ച ‘വിദേശ പണ ‘ ത്തിന്റെ സോഴ്‌സ്. ആര്‍ക്കും വായിക്കാവുന്നതേയുള്ളൂ. സമയം കിട്ടുകയാണെങ്കില്‍ കെ.വി.ഹരിദാസും വായിക്കണം.

സ്വതന്ത്രമായും പൊതുജനതാത്പര്യാര്‍ത്ഥവും പ്രവര്‍ത്തിക്കുന്ന, സാമൂഹികമായ സ്വാധീനശേഷിയുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന, സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് independent and public spirited media foundation. http://ipsmf.org ലിങ്ക് ഇതാണ്. ഇതിലെ വിദേശ പണം ഏതാണെന്ന് ipsmf നോ ഡൂള്‍ന്യൂസിനോ ഇത് വരെ പിടികിട്ടിയിട്ടില്ല. ജന്‍മഭൂമിക്ക് പിടി കിട്ടിയാല്‍ പറഞ്ഞ് തരണം.

ജന്മഭൂമിയുടെ നുണ വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘അഴിമുഖവും ഡൂള്‍ ന്യൂസും ബി.ജെ.പിക്കും നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ മിടുക്കരാണ്. ഇവരൊക്കെ പ്രഖ്യാപിത ഹിന്ദു വിരോധികളാണ്. ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് രാജ്യത്ത് അസഹിഷ്ണുതാവാദവും ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുമൊക്കെ പ്രചരിപ്പിച്ചത് ‘

1-  വ്യാജവാര്‍ത്തകള്‍ ഏതൊക്കെയാണ് എന്ന് നിങ്ങള്‍ വ്യക്തമാക്കണം.

2-  ഹിന്ദുത്വയും ഹിന്ദുവും തമ്മിലുള്ള വ്യത്യാസത്തെ കൃത്യമായി അറിഞ്ഞ് വെച്ചു കൊണ്ട് ഹിന്ദുത്വയ്‌ക്കെതിരായ നിലപാടുകളെ ഹിന്ദുവിനെതിരായ നിലപാടുകളായി വ്യാഖ്യാനിക്കുന്ന ജന്‍മഭൂമിയന്‍ കൗശലവും പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ നീചമായ രാഷ്ട്രീയ തന്ത്രമാണ്.

3-  പൊളിറ്റിക്കല്‍ ഹിന്ദുത്വ രാഷ്ട്രീയ അധികാരം കയ്യാളിയ കഴിഞ്ഞ അഞ്ച് വര്‍ഷവും അസഹിഷ്ണുത എന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായിരുന്നു. ഹിന്ദുത്വയുടെ അസഹിഷ്ണുത കൊണ്ട് കൊല്ലപ്പെട്ട അനേകരില്‍ നിന്ന് ഒറ്റപ്പേര് മാത്രം ഇവിടെ ഓര്‍മ്മിപ്പിക്കാം. മുസ്ലിമായത് കൊണ്ട് മാത്രം അസഹിഷ്ണുക്കളായ ഹിന്ദുക്കളുടെ കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്.

4-  ഇനിയൊരു തെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പ്രചാരണമല്ല, യാഥാര്‍ത്ഥ്യത്തിന്റെ പരക്കലാണ്.

സംഘപരിവാറിനെ എതിര്‍ക്കുന്ന എല്ലാവരെയും ഇസ്ലാമിക തീവ്രവാദികളായോ മാവോയിസ്റ്റുകളായോ മുദ്രകുത്തി ഇല്ലാതാക്കാനാണ് ഫാസിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ജന്മഭൂമി അതിന്‍റെ നാവാണ്. ഈ നുണ പ്രചരണത്തെ ഡൂള്‍ന്യൂസ് നിയമപരമായി നേരിടും.

പറയുമ്പോള്‍ ഒരുപക്ഷേ ജന്മഭൂമിയ്ക്ക് അത്ഭുതം തോന്നിയേക്കാം. അറിയാമോ, നുണ പറയാതിരിക്കല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളിലൊന്നാണ്.

 

 

മനില സി. മോഹൻ
ഡൂള്‍ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍, മാതൃഭൂമി ആഴ്ചപതിപ്പ്, കൈരളി ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം