| Saturday, 15th March 2014, 11:19 am

തിരഞ്ഞെടുപ്പും ഞങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞങ്ങള്‍ക്കും ചില നിലപാടുകളും പക്ഷങ്ങളുമൊക്കെയുണ്ട്. പല മാധ്യമങ്ങള്‍ക്കും ഉള്ളതുപോലെ ചില ചിന്താധാരകളോടും ദാര്‍ശനിക നിലപാടുകളോടും ഞങ്ങള്‍ക്ക് ആഭിമുഖ്യമുണ്ട്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയം ഏതെങ്കിലും കക്ഷിയോടോ കൂട്ടുകെട്ടിനോടൊ സഹഭാവം പുലര്‍ത്താന്‍ കഴിയാത്ത വിധം വഷളായിക്കഴിഞ്ഞിരിക്കുന്നു.


[share]

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്


രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അല്ല നീങ്ങിക്കഴിഞ്ഞു. മൂന്നാഴ്ച്ച കൂടി കഴിഞ്ഞാല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസക്കാലം മുഴുവനും വോട്ടെടുപ്പ് തന്നെയായിരിക്കും.

ഒരു മാസമല്ല നാലഞ്ചുനാള്‍ പിന്നെയും അതിന്റെ കൂടെ കൂട്ടണം. എപ്രില്‍ ഏഴിന് തുടങ്ങി മെയ് പതിനാറിനാണ് എല്ലാം അവസാനിക്കുക. എല്ലാം അവസാനിക്കും എന്ന് വിശ്വസിക്കാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കില്ല.  ഒരുപക്ഷേ അതൊരു വല്ലാത്ത ആരംഭമാവാനുള്ള സാധ്യതകളും ഞങ്ങള്‍ കാണുന്നുണ്ട്.

അസ്ഥിരതയുടെയും അനാര്‍ക്കിസത്തിന്റെയും കുതികാല്‍വെട്ടലുകളുടെയും മല്ലയുദ്ധങ്ങളുടെയും ഭാഗം വെക്കലിന്റെയും ഭാഗം പിരിയലിന്റെയുമൊക്കെ ആരംഭം.

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം നടക്കാറുള്ള ഒരുപാട് “പൊറാട്ട് നാടകങ്ങള്‍” കൂടുതല്‍ കേമമായി ഇത്തവണ അരങ്ങേറുന്നുണ്ട്. പല നാടകങ്ങളും തിരഞ്ഞെടുപ്പ് കാലം തെരുവ് നാടകങ്ങളുടെ കാലമാണെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ഇതുവരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് കേരളത്തിലും മറ്റ് ചില സംസ്ഥാനങ്ങളിലും രാഷ്ട്രീയമായ ഉള്ളടക്കമുണ്ടായിരുന്നു. പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ ഒരു വലിയ രാഷ്ട്രീയപ്പോരാട്ടമായി മാറാറുമുണ്ട്.

എല്ലാ കാലത്തേക്കാളും വലിയൊരു വിപത്ത് രാജ്യത്തെ ചൂഴ്ന്ന് തിന്നുന്ന ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് ഒരു തട്ടിപ്പുകാരിയുടെ സാരിത്തുമ്പില്‍ തൂങ്ങിയാണ്. ഭരണക്കാരുടെയും പ്രതിപക്ഷത്തിന്റെയും കൈയ്യിലെ പ്രധാന ആയുധം അതാണ്.

മറ്റൊരു ആയുധമുള്ളത് “പുലി വരുന്നേ പുലി വരുന്നേ” എന്ന് ഇല്ലാത്ത കാര്യം വിളിച്ചുപറഞ്ഞ് കൂവിയാര്‍ത്ത് നടക്കുന്ന കസ്തൂരിരംഗനാണ്. കസ്തൂരിയുടെ നാറ്റം ഇത്ര വൃത്തികെട്ടതാണെന്ന് ഇപ്പോഴാണ് ജനം തിരിച്ചറിയാന്‍ തുടങ്ങുന്നത്. ആ ആയുധത്തിന്റെ വക്ക് തേഞ്ഞുപോയെങ്കിലും ഇടുക്കിയിലെയും പത്തനംതിട്ടിയിലെയും വയനാട്ടിലെയും ചില കാടും പടലങ്ങളും വെട്ടിനീക്കാന്‍ ആ തേഞ്ഞ കൊടുവാളിന് കഴിഞ്ഞേക്കും.

ഏതെങ്കിലും തരത്തില്‍ ജനാഭിലാഷം പ്രകാശിപ്പിക്കുമെന്ന് കരുതിയ പുതിയ രാഷ്ട്രീയകക്ഷി പോലും ലക്ഷങ്ങള്‍ ചിലവാക്കി അത്താഴവിരുന്നുകള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങള്‍ക്കും ചില നിലപാടുകളും പക്ഷങ്ങളുമൊക്കെയുണ്ട്. പല മാധ്യമങ്ങള്‍ക്കും ഉള്ളതുപോലെ ചില ചിന്താധാരകളോടും ദാര്‍ശനിക നിലപാടുകളോടും ഞങ്ങള്‍ക്ക് ആഭിമുഖ്യമുണ്ട്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയം ഏതെങ്കിലും കക്ഷിയോടോ കൂട്ടുകെട്ടിനോടൊ സഹഭാവം പുലര്‍ത്താന്‍ കഴിയാത്ത വിധം വഷളായിക്കഴിഞ്ഞിരിക്കുന്നു.

ഒരു രാഷ്ട്രീയ ഉപജാപക സംഘത്തെ മാറ്റി മറ്റൊരു രാഷ്ട്രീയ വേതാളത്തെ ആയിരം കൈകളുള്ള അപൂര്‍വ്വ വേതാളങ്ങളെ അധികാരം ഏല്‍പ്പിക്കുന്നതില്‍ സഹകരിക്കുക എത്ര അര്‍ത്ഥശൂന്യമാണ്. അന്തസാരശൂന്യമാണ്.

ഇന്ത്യന്‍ ജനാധിപത്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാവുന്നത് ജനപ്പെരുപ്പം കൊണ്ടോ ജനപങ്കാളിത്തം കൊണ്ടോ ജനാധിപത്യ രീതികളുടെ സത്യസന്ധത കൊണ്ടോ നിഷ്‌കളങ്കത കൊണ്ടോ അല്ല. പണത്തിന്റെ കുത്തൊഴുക്കിലും ധൂര്‍ത്തിലും അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ തോളുരുമ്മി നില്‍ക്കുന്നതുകൊണ്ടാണ്. ആര്‍ഭാടത്തിന് ഒട്ടും കുറവില്ല.

ഏതെങ്കിലും തരത്തില്‍ ജനാഭിലാഷം പ്രകാശിപ്പിക്കുമെന്ന് കരുതിയ പുതിയ രാഷ്ട്രീയകക്ഷി പോലും ലക്ഷങ്ങള്‍ ചിലവാക്കി അത്താഴവിരുന്നുകള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നേതാവിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുപതിനായിരം രൂപയുടെ ഭക്ഷണകൂപ്പണ്‍ വില്‍ക്കുന്ന തിരക്കിലാണിപ്പോള്‍.

അടുത്തപേജില്‍ തുടരുന്നു


ഇന്ത്യയിലെ ഒരു ആംആദ്മിക്ക് (സാധാരണ മനുഷ്യന്) ഒരുകൊല്ലം കൊണ്ട് ഇരുപതിനായിരം രൂപയുടെ ഭക്ഷണം തിന്നുതീര്‍ക്കാനാവില്ല. വിശന്ന വയറില്‍ ഒരന്നം കൂടുതല്‍ ചെലുത്തിയാല്‍ അജീര്‍ണ്ണം പിടിക്കും. ഇരുപതിനായിരം രൂപയുടെ ഭക്ഷണമെന്ന് പറഞ്ഞാല്‍ ഒരു ദിവസം അമ്പത്തിയഞ്ച് രൂപയുടെ ഭക്ഷണമെന്നാണ്. ആ തുക ദാരിദ്ര്യ രേഖയുടെ എത്രയോ മുകളിലാണ്. വികസനമുണ്ടെന്ന് കാണിക്കാന്‍ ഭരണകക്ഷികള്‍ ദാരിദ്ര്യരേഖ പിടിച്ചുതാഴ്ത്തി ഇപ്പോഴത് ഭൂമിയില്‍ മുട്ടി നില്‍ക്കുകയാണ്.


[share]


ഇന്ത്യയിലെ ഒരു ആംആദ്മിക്ക് (സാധാരണ മനുഷ്യന്) ഒരുകൊല്ലം കൊണ്ട് ഇരുപതിനായിരം രൂപയുടെ ഭക്ഷണം തിന്നുതീര്‍ക്കാനാവില്ല. വിശന്ന വയറില്‍ ഒരന്നം കൂടുതല്‍ ചെലുത്തിയാല്‍ അജീര്‍ണ്ണം പിടിക്കും.

ഇരുപതിനായിരം രൂപയുടെ ഭക്ഷണമെന്ന് പറഞ്ഞാല്‍ ഒരു ദിവസം അമ്പത്തിയഞ്ച് രൂപയുടെ ഭക്ഷണമെന്നാണ്. ആ തുക ദാരിദ്ര്യ രേഖയുടെ എത്രയോ മുകളിലാണ്. വികസനമുണ്ടെന്ന് കാണിക്കാന്‍ ഭരണകക്ഷികള്‍ ദാരിദ്ര്യരേഖ പിടിച്ചുതാഴ്ത്തി ഇപ്പോഴത് ഭൂമിയില്‍ മുട്ടി നില്‍ക്കുകയാണ്.

തിരഞ്ഞെടുപ്പ് വളരെ ചിലവേറിയ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായതുകൊണ്ട് ഇങ്ങനെയൊക്കെയാവാമെന്ന് വാദിക്കുന്നുവരുണ്ടാവും. എന്നാല്‍ ഇത്തരം ധൂര്‍ത്ത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഭൂഷണമല്ല, ശോഭനീയമല്ല. ഇങ്ങനെ ഇരുപതിനായിരം രൂപ അത്താഴത്തിന് മുടക്കാന്‍ കഴിയുന്നവര്‍ക്ക് നിശ്ചയമായും ചീത്ത രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടാവും.

ജനങ്ങളുടെ ആശങ്കള്‍ അകന്ന് പോവുന്നതിന് പകരം ആശയറ്റ് പോകുന്ന അവസ്ഥയാണ്. എല്ലാ സ്ഥാപിത താല്‍പ്പര്യക്കാരും രാഷ്ട്രീയ കൊള്ള സംഘങ്ങളും ജനക്കൂട്ടത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയെന്നും അവിവേകത്തിന്റെയും അനാര്‍ക്കിസത്തിന്റെയും രാഷ്ട്രീയാതിക്രമങ്ങളുടെയും കലാപക്കാര്‍ എന്ന് ഈ രാഷ്ട്രീയപ്രസ്ഥാനത്തെ അധിക്ഷേപിച്ച് സംഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഇക്കാലത്ത് കുറച്ചുകൂടി രാഷ്ട്രീയമായ പക്വതയും സംയമനവും ഈ രാഷ്ട്രീയപ്രസ്ഥാനം കാണിക്കേണ്ടതാണ്.

ജനങ്ങള്‍ക്കൊപ്പം ജനകീയ പ്രശ്‌നങ്ങളില്‍ മുന്നണിയില്‍ നില്‍ക്കുന്നവരാണ്. ചുരുക്കത്തില്‍ സമരം ഭക്ഷിച്ച് ജീവിക്കുന്നവരാണ്. അവരുടെ പ്രതീക്ഷകള്‍ അറ്റു കഴിഞ്ഞാല്‍ ഈ പ്രസ്ഥാനത്തിന്റെ ആത്മാവില്ലാതെയാവും.

മൂര്‍ത്തമായ ഒരു പ്രത്യയശാസ്ത്രം രൂപീകരിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിയണം. രാഷ്ട്രീയവായ്ത്താരികള്‍ക്കപ്പുറത്തേക്ക് ജനകീയപ്രശ്‌നത്തില്‍ ദിശാബോധമുള്ള ഒരു പ്രത്യയശാസ്ത്രം ഉല്‍പ്പാദിപ്പിക്കാനും അതനുസരിച്ച് ജനകീയ മുന്നേറ്റങ്ങള്‍ക്ക് ദാര്‍ശനികമായ അടിത്തറ ഉണ്ടാക്കാനും അതിന് കഴിയണം.

ഇല്ലെങ്കില്‍ ഇന്നത്തെ രാഷ്ട്രീയ മഴയില്‍ കുരുത്ത “തകര” യായി അത് മാറും. തീയില്‍ കുരുക്കാത്തതുകൊണ്ട് വെയിലത്ത് വാടാന്‍ എളുപ്പമാണ്. രക്തത്തില്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനമല്ല അത്. കള പിഴുതെടുത്ത്  കളയുന്നതുപോലെ ഈ പ്രസ്ഥാനത്തെ പറിച്ച് ദൂരെയെറിയാന്‍ വേഗം കഴിയും.

രാഷ്ട്രീയത്തിന് ഒരു ചരിത്രഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയും പിന്തുണയും വേണം. അതിനര്‍ത്ഥം ചരിത്രമില്ലാതെ ഒരു പാര്‍ട്ടിയും പുതുതായി ഉണ്ടാവരുതെന്നല്ല, പുതിയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കപ്പെടുന്ന ഒരു ചരിത്രഘടന തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്നാണ്.

ആം ആദ്മി പാര്‍ട്ടിയ്ക്ക് അത്തരം ഒരു ചരിത്രഭൂതകാലം ഉണ്ട്.അതവര്‍ ഓര്‍ക്കുന്നില്ലെന്നതാണ് അവരുടെ കുഴപ്പം. ദേശീയപ്രസ്ഥാനങ്ങള്‍ക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും അപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന ഒരു ചരിത്രമാണത്. അതവര്‍ ഓര്‍ക്കാതെ പോവുന്നതും വാഴ്ത്താതെ പോവുന്നതും കഷ്ടമാണ്. അത്തരം ഒരു ചരിത്രം രൂപപ്പെടുത്തിയെടുക്കാനുള്ള രാഷ്ട്രീയ ബാധ്യതയില്‍ നിന്നുള്ള ഒളിച്ചോട്ടമാണത്.

ഈ രാഷ്ട്രീയപ്രസ്ഥാനത്തോട സഹഭാവം ഉള്ള ഒരു വലിയ ജനസഞ്ചയം ഇവിടെയുണ്ട്. ജനകീയാഭിലാഷങ്ങളുടെയും പൊതുബോധത്തിന്റെയും മൂര്‍ത്തരൂപങ്ങളായ ഉജ്വലമനുഷ്യ മാതൃകകള്‍ ഈ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നുണ്ട്.

അവരെല്ലാവരും നിരന്തര പോരാളികളാണ്, പരാജയപ്പെടാന്‍ മനസ്സില്ലാത്തവരാണ്. ജനങ്ങള്‍ക്കൊപ്പം ജനകീയ പ്രശ്‌നങ്ങളില്‍ മുന്നണിയില്‍ നില്‍ക്കുന്നവരാണ്. ചുരുക്കത്തില്‍ സമരം ഭക്ഷിച്ച് ജീവിക്കുന്നവരാണ്. അവരുടെ പ്രതീക്ഷകള്‍ അറ്റു കഴിഞ്ഞാല്‍ ഈ പ്രസ്ഥാനത്തിന്റെ ആത്മാവില്ലാതെയാവും.

അടുത്തപേജില്‍ തുടരുന്നു


ആം ആദ്മി പാര്‍ട്ടിക്ക് അടിതെറ്റാന്‍ പോവുകയാണെന്ന തോന്നല്‍ ഉണ്ടായതോടെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ അവര്‍ തഴയുമെന്നും ഉപേക്ഷിക്കുമെന്നും പറഞ്ഞ അഴിമതിക്കാരെയൊക്കെ പഴയതിനേക്കാള്‍ ഗാഢമായ അനുരാഗത്തോടെ ഇപ്പോള്‍ മാറോടണച്ച് പിടിച്ചിരിക്കുകയാണ്. ബിജെപി മുന്നണിയുടെയും കോണ്‍ഗ്രസ് മുന്നണിയുടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക ജയില്‍പ്പുള്ളികളുടെയും പിടികിട്ടാപ്പുള്ളികളുടെയും പേരുവിവരം പോലെയാണുള്ളത്.


[share]


ഇതിന്റെ വീറും വാശിയും ഇല്ലാതാവും. ഇപ്പോഴത്തെ ഇടതുപാര്‍ട്ടികളപ്പോലെ അലമാരകള്‍ക്കുള്ളില്‍ കെട്ടിഞാണുകിടക്കുന്ന അസ്ഥികൂടമായി അത് മാറും. അതൊരു ഭയാനകമായ അനുഭവമായിരിക്കും. ജനമുന്നേറ്റത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും അത്.

ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയായി അത് മാറും. ഒരുപാട് കാലത്തേക്ക് ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും അതില്ലാതാക്കും. ഇടതുപാര്‍ട്ടികളുടെ അപചയം ഇന്ത്യന്‍ ജനാധിപത്യത്തെ എത്രമാത്രം മലിനമാക്കി എന്ന് നമുക്കറിയാം.

സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഭയത്തോടെയാണ് ഈ പ്രസ്ഥാനത്തെ നോക്കിക്കണ്ടിരുന്നത്. ഭയാശങ്കകള്‍ കാരണം പല രാഷ്ട്രീയപ്രസ്ഥാനങ്ങളും അവരുടെ പ്രവര്‍ത്തനശൈലിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിതുടങ്ങിയതായിരുന്നു. ജനങ്ങള്‍ തങ്ങളെ കയ്യൊഴിയാനും മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങാനും ഈ പ്രസ്ഥാനം കാരണമാവും എന്ന് രാഷ്ട്രീയ ദല്ലാളന്‍മാര്‍ കരുതിയിരുന്നു.

രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറിയെന്ന് ചിലരൊക്കെ വിളിച്ചുകൂവുകയും ചെയ്തിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ അഴിമതിക്കാരെയും കള്ളപ്പണക്കാരെയും അവരുടെ പാര്‍ട്ടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാന്‍ വരെ തയ്യാറായി. ഇന്ത്യന്‍ രാഷ്ട്രീയം പാപനാശിനിയില്‍ മുങ്ങിക്കുളിച്ച് പാപമോക്ഷം നേടാന്‍ പോവുകയാണെന്ന ധാരണ വരെ ഉണ്ടായിരുന്നു.

“പതിവുപോലെ ഇക്കൊല്ലവും ഇന്ത്യന്‍ മഹാക്ഷേത്രത്തിലെ ഉത്സവം കെങ്കേമമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു” എന്നൊരു നോട്ടീസ് ഇലക്ഷന്‍ കമ്മീഷന്‍ അടിച്ചിറക്കി പിരിവിനിറങ്ങിയാല്‍ നന്നായിരുന്നു.

ആം ആദ്മി പാര്‍ട്ടിക്ക് അടിതെറ്റാന്‍ പോവുകയാണെന്ന തോന്നല്‍ ഉണ്ടായതോടെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ അവര്‍ തഴയുമെന്നും ഉപേക്ഷിക്കുമെന്നും പറഞ്ഞ അഴിമതിക്കാരെയൊക്കെ പഴയതിനേക്കാള്‍ ഗാഢമായ അനുരാഗത്തോടെ ഇപ്പോള്‍ മാറോടണച്ച് പിടിച്ചിരിക്കുകയാണ്. ബിജെപി മുന്നണിയുടെയും കോണ്‍ഗ്രസ് മുന്നണിയുടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക ജയില്‍പ്പുള്ളികളുടെയും പിടികിട്ടാപ്പുള്ളികളുടെയും പേരുവിവരം പോലെയാണുള്ളത്.

അങ്ങിനെ ഈ തിരഞ്ഞെടുപ്പും എല്ലാ തവണയും കാണുന്ന കെട്ടുകാഴ്ച്ചയായി മാറാന്‍ പോവുകയാണോ? കൊടിയേറ്റവും തിടമ്പെഴുന്നെള്ളിപ്പും കാഴ്ച്ചവരവും മേളപ്പെരുക്കവും ആറാട്ടും വെടിക്കെട്ടും കൊടിയിറക്കവും മാത്രമുള്ള ഒരു പതിവുത്സവം.  “പതിവുപോലെ ഇക്കൊല്ലവും ഇന്ത്യന്‍ മഹാക്ഷേത്രത്തിലെ ഉത്സവം കെങ്കേമമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു” എന്നൊരു നോട്ടീസ് ഇലക്ഷന്‍ കമ്മീഷന്‍ അടിച്ചിറക്കി പിരിവിനിറങ്ങിയാല്‍ നന്നായിരുന്നു.

റസീപ്റ്റ് എഴുതാതെയും എഴുതിയും ധാരാളം പിരിഞ്ഞുകിട്ടും. തിരഞ്ഞെടുപ്പ് ഒരു ഉത്സവമാക്കുന്നതിനോടും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എതിര്‍പ്പ് കാണില്ല. അതൊരു ചടങ്ങാവുമ്പോള്‍ വിശ്വാസമായിരിക്കും പ്രമാണം. വിശ്വാസത്തിന് ഒരു പ്രശ്‌നമുണ്ട്. അതിന് പെട്ടെന്ന് അങ്ങിനെ മാറാന്‍ പറ്റില്ല.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ അല്‍പ്പമെങ്കിലും ഉല്ലസിക്കുന്നത് ഈ വെടിക്കെട്ടും കൂടമാറ്റവും കണ്ടിട്ടാണോ? കൊടിയിറങ്ങിക്കഴിഞ്ഞാല്‍ അടുത്ത കൊടിയേറ്റം വരെ ജനങ്ങള്‍ കാത്തിരിക്കുന്നത് പ്രലോഭനങ്ങളുടെയും വാഗ്ദാനങ്ങളുടെയും കുപ്പിവളകള്‍ വാങ്ങിയണിയാനും നിറപ്പകിട്ടുള്ള പൊങ്ങച്ചത്തിന്റെ വീര്‍ത്ത ബലൂണുകള്‍ വാങ്ങാനുമാണോ?

തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയപ്പോരാട്ടമല്ലാതായി മാറുകയാണോ? ഉത്സവങ്ങളില്‍ വല്ലാതെ രമിയ്ക്കുന്ന ഒരു ജനതയാണ് നമ്മളെന്നത് രാഷ്ട്രീയമുച്ചീട്ടുകളിക്കാര്‍ക്ക് ഉത്സവപ്പറമ്പില്‍ മേഞ്ഞുനടന്ന് ജനങ്ങളെ പറ്റിക്കാന്‍ എളുപ്പമാക്കിയിരിക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


ഇത്തരമൊരു അവസ്ഥയില്‍ കപ്പലില്‍ കള്ളനുണ്ടെന്ന് വിളിച്ചുപറയുന്ന ജോലിയാണ് ഞങ്ങങ്ങള്‍ക്കുള്ളതെന്ന് തോന്നുന്നു. അത് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.  ആരെ പിന്താങ്ങണമെന്നത് ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് ജനങ്ങളെയും ഞങ്ങളെയും ബോധ്യപ്പെടുത്തേണ്ടത്.


[share]


എല്ലാം ഉത്സവമാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എളുപ്പം കഴിയുന്നു. ഈ ഉത്സവങ്ങളെ ഏതെങ്കിലും തരത്തില്‍ ഓര്‍ത്തുവെക്കണമെങ്കില്‍ ഉത്സവത്തിരക്കിനിടയില്‍ ആനകള്‍ക്ക് മദം പൊട്ടണം,അവ ഇടയണം. കതിനവെടികള്‍ ആകാശത്ത് പോയി പൊട്ടിച്ചിതറുന്നതിന് പകരം ആള്‍ക്കൂട്ടത്തിന്റെ തലമണ്ടയില്‍ തലകുത്തി വീഴണം. പതിവുപോലെ എഴുന്നള്ളത്തിന് മുമ്പ് തന്നെ പല ആനകളും ഇടയാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്ന കാര്യം ഞങ്ങളിപ്പോള്‍ ആലോചിക്കുന്നില്ല. ഒടുക്കം കൊള്ളമുതല്‍ പങ്കുവെക്കാന്‍ ഇവരൊത്തു ചേരാതിരിക്കില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പോയിട്ടു കാലമെത്രയായി.

പുലപ്പേടി, മണ്ണാന്‍പേടി തുടങ്ങിയ പേടികളും പഴയതാണ്. ഇതുപോലെ രസകരമായ രാഷ്ട്രീയഭൂപടം ഇതിന് മുമ്പോരിക്കലും നിവര്‍ന്നിട്ടില്ല. ഇടതുപാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളിലെയും ഇപ്പോഴത്തെ നാട്ടുരാജാക്കന്‍മാര്‍ക്ക് പ്രധാനമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിട്ടുണ്ട്.

നെഹ്രുകുടുംബത്തിന്റെ പാരമ്പര്യത്തിലും പരിവേഷത്തിലും  കോണ്‍ഗ്രസിനെത്രകാലം പിടിച്ചുനില്‍ക്കാനാവും. മോഡിയുടെ കാടിളക്കല്‍ ജനങ്ങള്‍ എത്രകാലം സഹിക്കും.

മൂന്നാംമുന്നണി ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട സി.പി.ഐ.എം ഇപ്പോള്‍ തെരുവാധാരമായിരിക്കുന്നു. കോണ്‍ഗ്രസിന് എല്ലാ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ബിജെപിയുടെ കാര്യവും അതുതന്നെയാണ്. ആന്ധ്ര വെട്ടിമുറിക്കാന്‍ കൂട്ടുനിന്നിട്ടും തെലുങ്കാനയിലെ രാഷ്ട്രീയപ്രസ്ഥാനത്തിനും ഇപ്പോള്‍ കോണ്‍ഗ്രസിനെ വേണ്ട. തമിഴ്‌നാട്ടിലും ബീഹാറിലും ഉത്തര്‍പ്രദേശിലുമൊക്കെ സ്ഥിതി അതാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പഠിക്കാന്‍ പോകുന്ന ഏറ്റവും വലിയ പാഠം വിപ്ലവപ്രവര്‍ത്തനമെന്നതും തിരഞ്ഞെടുപ്പെന്ന് പറയുന്നതുമൊക്കെ ഒരു “”സ്‌റ്റോക്  എക്‌സ്‌ചേഞ്ച് ഊഹക്കച്ചവടമല്ല(stock exchange speculation) എന്നതായിരിക്കും.

നെഹ്രുകുടുംബത്തിന്റെ പാരമ്പര്യത്തിലും പരിവേഷത്തിലും  കോണ്‍ഗ്രസിനെത്രകാലം പിടിച്ചുനില്‍ക്കാനാവും. മോഡിയുടെ കാടിളക്കല്‍ ജനങ്ങള്‍ എത്രകാലം സഹിക്കും.

ഇത്തരമൊരു അവസ്ഥയില്‍ കപ്പലില്‍ കള്ളനുണ്ടെന്ന് വിളിച്ചുപറയുന്ന ജോലിയാണ് ഞങ്ങങ്ങള്‍ക്കുള്ളതെന്ന് തോന്നുന്നു. അത് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.  ആരെ പിന്താങ്ങണമെന്നത് ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് ജനങ്ങളെയും ഞങ്ങളെയും ബോധ്യപ്പെടുത്തേണ്ടത്.

We use cookies to give you the best possible experience. Learn more