ഐ.എഫ്.എഫ്.കെയുടെ വേദിയിലിരുന്ന് സന്ദേശം എന്ന തന്റെ സിനിമയുടെ മഹനീയതയെ കുറിച്ച് സംസാരിക്കുന്നതിലൂടെ, 1991ല്‍ ആ സിനിമ എടുക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന അരാഷ്ട്രീയ നിലപാടുകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
അതായത്, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവര്‍ സ്വന്തം വീട് നന്നാക്കി, ഒരു കരക്കെത്തിച്ചതിന് ശേഷം മാത്രമേ അതിനിറങ്ങാവു. സ്വയം നന്നാവാത്തവര്‍ അതിലേക്ക് പോകരുത്, രാഷ്ട്രീയക്കാരന്‍ പരിശുദ്ധനായിരിക്കണം തുടങ്ങിയ മാറ്റമില്ലാത്ത നിലപാടുകളാണ് സത്യന്‍ അന്തിക്കാടിനുള്ളത്.
‘നമ്മുടെ മക്കളെ സമരങ്ങള്‍ ഇല്ലാത്ത സ്‌കൂളിലും കോളേജിലും വേണം ചേര്‍ക്കാന്‍, എങ്കിലേ അവര്‍ വളരുമ്പോള്‍ കളക്ടറും, ഡോക്ടറുമൊക്കെ ആയി തീരുകയുള്ളു. അല്ലാതെ രാഷ്ട്രീയമുള്ള സ്‌കൂളിലും കോളേജിലും ചേര്‍ത്താല്‍ അവര്‍ സമരങ്ങള്‍ നടത്തിയും ബസ്സിന് കല്ലെറിഞ്ഞും ഭാവി തുലക്കും. പിന്നീട് വളരുമ്പോള്‍ ഇങ്ങനെയുള്ളവര്‍ നമ്മുടെ മന്ത്രിമാരാകും’ എന്നാണ് അദ്ദേഹം പറയുന്നത്.
ഇനി ഇതിനു പുറമേ, ‘നല്ല കുടുംബത്തില്‍ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയൂ’ എന്നും സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടിട്ടുണ്ട്.
1991ല്‍ പുറത്തിറക്കിയ സന്ദേശം എന്ന സിനിമയിലെ പ്രഭാകരനും പ്രകാശനും നടത്തുന്നതാണ് എക്കാലത്തേയും രാഷ്ട്രീയപ്രവര്‍ത്തനം എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നതും അതാണ് ശരി എന്ന് വാദിക്കുന്നതും തീര്‍ത്തും ബാലിശമായ കാര്യമാണ്.
സത്യന്‍ അന്തിക്കാടിന്റെ ഭാവനയിലെ ‘നല്ല കുടുംബം’ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണുന്നത് പോലെ, നല്ല സ്നേഹസമ്പന്നരായ, കഠിനാധ്വാനിയായ, അനുസരണയുള്ള, സുന്ദരനായ, ആത്മാര്‍ത്ഥതയുടേയും നന്മയുടേയും നിറകുടങ്ങളായ, അരാഷ്ട്രീയരായവരെ നിറച്ച, കുടുംബങ്ങളാണ് എന്ന് തോന്നുന്നു.
കാരണം അവര്‍ സമരത്തിനും ജാഥക്കുമൊന്നും പോകാതെ, ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ചും, നാട്ടിലെ രാഷ്ട്രീയ ചുറ്റുപാടിനെകുറിച്ചുമൊക്കെ യാതൊരു ബോധവുമില്ലാതെ, നല്ല വീടും, നല്ല വെള്ളവും, നല്ല ഭക്ഷണവും, നല്ല വിദ്യാഭ്യാസവും, നല്ല ജോലിയും, സമൂഹത്തില്‍ നല്ല ആക്സപ്പ്റ്റെന്‍സില്‍ ജീവിക്കുന്ന കുടുംബങ്ങളാണ്.
എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന, സമരം ചെയ്യുന്ന, മുദ്രാവാക്യം വിളിക്കുന്ന, സഹജീവീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന, തീപ്പൊരി ലേഖനങ്ങളെഴുതുന്ന, നാടിനും നാട്ടുകാര്‍ക്കും വേണ്ടി തെരുവിലിറങ്ങുന്ന, നേരത്തേ പറഞ്ഞ പ്രിവിലേജുകളെല്ലാം നിഷേധിക്കപ്പെട്ടിരിക്കുന്ന കൂട്ടരാണ് സത്യന്‍ അന്തിക്കാട് പറഞ്ഞതനുസരിച്ച്, എക്കാലവും മോശം കുടുംബങ്ങളില്‍ പെട്ടവരും വഴി പിഴച്ചു പോയവരും.
രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ഇപ്പോഴും ബസ്സിന് കല്ലെറിയല്‍ മാത്രമാണെന്നാണ് ഇവരൊക്കെ കരുതിയിരിക്കുന്നത്. സന്ദേശം എന്ന അരാഷ്ട്രീയത അത്രമാത്രം കുത്തി നിറച്ച, രാഷ്ട്രിയക്കാരെ കോമാളികളായി ചിത്രീകിരിച്ച ആ സിനിമ ഇന്നത്തെ കാലത്തും എന്തോ വല്യ രീതിയില്‍ പ്രസക്തമാണ് എന്ന് ഐ.എഫ്.എഫ്.കെയുടെ വേദിയിലിരുന്ന് ഈ നൂറ്റാണ്ടിലും പൊക്കി പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ.
Content Highlight: Director Sathyan Anthikkad made a-political statements at IFFK.