അങ്ങനെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി. ആകെ കൂടെ അല്‍പം പ്രതീക്ഷ വെച്ചിരുന്ന പഞ്ചാബില്‍ വരെ ആം ആദ്മി പാര്‍ട്ടിയാണ് സ്‌കോര്‍ ചെയ്തത്. പഞ്ചാബിലുള്ളവര്‍ക്ക് എന്തെങ്കിലും നിവൃത്തി ഉണ്ടായിരുന്നെങ്കില്‍ അവര്‍ കോണ്‍ഗ്രസിന് വോട്ട് കുത്തിയേനെ. പക്ഷെ ഞങ്ങളതിന് അവസരം കൊടുക്കില്ല എന്ന വാശിയിലായിരുന്നു ഹൈക്കമാന്റ്. എന്തായാലും അരനൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ചിരുന്ന ഒരു മഹാ പ്രസ്ഥാനത്തെ, വെറും രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് ഈ ഒരു നിലയിലെത്തിക്കാന്‍ പറ്റി എന്നുള്ളതോര്‍ത്ത് കോണ്‍ഗ്രസിന് എക്കാലവും അഭിമാനിക്കാം.
ഉത്തര്‍പ്രദേശില്‍ യോഗി തന്നെ ഇനിയും ഇതുവരെയുള്ളതിലും ശക്തമായി തുടരും എന്നുള്ള കാര്യം ഉറപ്പായി. അവിടെ സംഘപരിവാര്‍ അടിത്തട്ടിലുണ്ടാക്കിയെടുത്ത സ്വാധീനം ഊഹിക്കാവുന്നതിലും അപ്പുറമാണ്. സ്വന്തം വീടിന് തീയിട്ടിട്ടായാലും, ബി.ജെ.പി സെറ്റ് ചെയ്തിട്ടുള്ള ശത്രുവായ ന്യൂനപക്ഷങ്ങളുടെ ചേരി കത്തിനശിക്കണം എന്ന തരത്തിലുള്ള മാനസികാവസ്ഥ വോട്ടര്‍മാര്‍ക്കുള്ളില്‍ ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നട്ടും അഖിലേഷ് യാദവിന്റെ നേതത്വത്തില്‍ എസ്.പി തലയും കുത്തി നിന്ന് പരിശ്രമിച്ചിട്ടാണ് യു.പിയില്‍ ബി.ജെ.പിക്കെതിരെ അത്യാവശ്യം ശക്തമായ ഒരു പ്രതിപക്ഷത്തിനുള്ള സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കായത്.
പക്ഷെ യു.പിയില്‍ സമാജ്വാദി പാര്‍ട്ടിക്ക് കിട്ടേണ്ട കുറച്ച് വോട്ട് ഭിന്നിപ്പിക്കാന്‍ പറ്റി എന്നല്ലാതെ, യാതൊരു അടിത്തറയും പ്രവര്‍ത്തനങ്ങളും ഇല്ലാതെ, സെലക്റ്റീവ് ആയ, വൈകാരികമായ
വളരെ കുറച്ച് വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ്സ് വോട്ട് പിടിക്കാന്‍ നോക്കിയത്.
ഗോവയിലെ അവസ്ഥ നമ്മള്‍ ഒരുപാട് നാളുകളായി കാണുന്നതാണ്. സ്ഥാനാര്‍ത്ഥികളെ പിടിച്ച് കുറ്മാറില്ല എന്ന് പ്രതിജ്ഞ ചൊല്ലിക്കുന്നു. റിസ്ള്‍ട്ട് വരുന്ന ദിവസം അവരെ പുറം ലോകവുമായി ബന്ധമില്ലാത്ത തരത്തില്‍ റിസോട്ടില്‍ പൂട്ടിയിടുന്നു. ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും അവിടേയും ബി.ജെ.പി ജയം ഉറപ്പച്ചിരിക്കുകയാണ്.
മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഇതേ അവസ്ഥ തന്നെയാണുള്ളത്. അവിടങ്ങളില്‍ ഉണ്ടായിരുന്ന പ്രാദേശിക രാഷ്ട്രീയ സഖ്യങ്ങളോട് ചേര്‍ന്ന് മത്സരിച്ചൂടെ… എന്ന് ചേദിക്കുന്നവരോട്, അത് ഞങ്ങളുടെ തറവാടിന് ചേരുന്നതല്ല, ഞങ്ങള്‍ക്കൊരു പാരമ്പര്യം ഉണ്ട്, അത് വിട്ടൊരു കളിക്ക് ഞങ്ങളെ കിട്ടില്ല എന്നുള്ള തരത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പെരുമാറ്റം.
അതുകൊണ്ട് തന്നെ അവിടെയും ആരംഭത്തിലേ പരാജയം ആയിരുന്നു കോണ്‍ഗ്രസ്സിനുണ്ടായത്. രണ്ടിടങ്ങളിലും ബി.ജെ.പി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നിട്ടും എന്തെങ്കിലും തരത്തിലൊരു പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടെങ്കില്‍ തന്നെ അതിന് മറ്റ് പാര്‍ട്ടികളും കനിയണം.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഡ്രസില്ലാതാവുന്ന കാഴ്ചയാണ് കാണാനാകുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ശക്തമായ ബി.ജെ.പി വിരുദ്ധ വികാരം പഞ്ചാബില്‍ ഉണ്ടായിട്ടും അതിന്റെ ഒരു ഗുണവുമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെകൊണ്ട് കഴിഞ്ഞിട്ടില്ല. പക്ഷെ അത് ശരിയായി ഉപയോഗപ്പെടുത്താനും അതിനനുസരിച്ച് കരുക്കള്‍ നീക്കാനും ആംആദ്മിക്ക് സാധിച്ചു.
എന്തായാലും ഇതോടെ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടിലേക്ക് ചുരുങ്ങിയിട്ടുണ്ട്. രാജസ്ഥാനിലും ചത്തിസ്ഗഡ്ഢിലും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ കുടുംബക്കാര്‍ക്ക് പിടിയുള്ളത്.
എന്താണ് കോണ്‍ഗ്രസ്സിന് സംഭവിച്ചത്? എന്താണ് ഏഴ് തവണ ഒറ്റയ്ക്ക് രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം നേടിയ ഒരു കരുത്തുറ്റ പാര്‍ട്ടിക്ക് സംഭവിച്ചത്? എന്താണ് നെഹ്റു അടക്കമുള്ള നിരവധി ശക്തരായ നേതാക്കന്‍മാരുടെ ലെഗസി ഉയര്‍ത്തിപിടിച്ചിരുന്ന പാര്‍ട്ടിക്ക് സംഭവിച്ചത്? എന്നൊക്കെയുള്ള ചേദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിനൊഴികെ ബാക്കി നാട്ടുക്കാര്‍ക്കെല്ലാം ഉത്തരമറിയാം.
വേണ്ട പോലെ പണി എടുത്തില്ല. സ്വയം നശിക്കാന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി. ഹിന്ദുത്വ പൊളിറ്റിക്‌സ് എടുത്ത് ഇടുന്നവര്‍ക്ക് ബദലാവാന്‍ ശ്രമിച്ച്, ഒടുക്കം ഹിന്ദുത്വ പൊളിറ്റിക്‌സ് തന്നെ കുറേ കൂടെ മൃദുവായി പറഞ്ഞ് വോട്ട് വാങ്ങാന്‍ നോക്കി. വളരെ സലക്റ്റീവ് ആയ വിഷയങ്ങളില്‍ മാത്രം പ്രതിപക്ഷത്തിന്റെ മിടുക്ക് കാട്ടാന്‍ ശ്രമിച്ചു. അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ വേണ്ടെന്ന് വെച്ചു. പ്രചരണത്തിന്റെ സമയത്ത് ഫോറിന്‍ ട്രിപ്പ് നടത്തി, ഇലക്ഷന്റെ തലേന്ന് വയനാട്ടില്‍ ഫലൂഡയും കഴിച്ച് നടന്നു. നേതൃത്വം മാറണമെന്ന് പറഞ്ഞവരെ പുറത്ത് നിര്‍ത്തി, സ്തുതിപാഠകരെ ചുറ്റും നിര്‍ത്തിയങ്ങോട്ട് സുഖിച്ചിരുന്നു.
എന്നിട്ടൊരു പറച്ചിലും. വോട്ട് കിട്ടാഞ്ഞത് രാജ്യത്ത് ഇ.വി.എം തിരിമറി നടക്കുന്നത്കൊണ്ടാണ് എന്ന്.
എന്തായാലും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തിയ സ്ഥിതിക്ക് ഇനിയങ്ങോട്ട് നാട്ടുകാര്‍ക്ക് ശുക്രനായിരിക്കും എന്ന് എടുത്ത് പറയേണ്ടല്ലോ. പിന്നെ കോണ്‍ഗ്രസിന്റെ ഭാവിയിലും ഇനി ശുക്രനോട് ശുക്രനായിരിക്കും.
Content Highlight: why Congress failed in the 2022 assembly elections