ഭോപാല്‍: ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് അതൃപ്തി. താനിനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെഴുതിയ കത്തില്‍ സുമിത്ര വ്യക്തമാക്കി. ഇന്‍ഡോറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണു സുമിത്ര.
ഇതോടെ 75 വയസുതികഞ്ഞ മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു പുറത്തുപോകുന്നത്. നേരത്തേ എല്‍.കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും മത്സരിക്കുന്നതില്‍നിന്നു പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
പാര്‍ട്ടിക്ക് അതിന്റെ നോമിനിയെ മടിയില്ലാതെ പ്രഖ്യാപിക്കാമെന്നും അവര്‍ പറഞ്ഞു. “ഇതുവരെ പ്രഖ്യാപനമുണ്ടാകാത്തതിനാല്‍ പാര്‍ട്ടിക്ക് അതിലെന്തോ ആശങ്കയുണ്ടെന്നാണു തോന്നുന്നത്. നേരത്തേ മുതിര്‍ന്ന നേതാക്കളുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ക്കു തീരുമാനം വിട്ടുനല്‍കുകയാണ് അന്നുചെയ്തത്. ഇപ്പോഴും അവര്‍ ആശങ്കയിലാണെന്നു മനസ്സിലാകുന്നതുകൊണ്ടാണു ഞാന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്.”- അവര്‍ പറഞ്ഞു.
75 വയസ്സിനു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നു കഴിഞ്ഞദിവസം ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. അദ്വാനിയെയും ജോഷിയെയും മത്സരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്വാനിക്കു പകരം ഗാന്ധിനഗര്‍ സീറ്റില്‍നിന്നു മത്സരിക്കുന്നത് ഷായാണ്.
എട്ടുതവണ എം.പിയായ സുമിത്രയ്ക്ക് ഈ ഏപ്രില്‍ 12-ന് 76 വയസ്സ് തികഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടയില്‍ ഒരിക്കല്‍പ്പോലും പാര്‍ട്ടി നേതൃത്വത്തില്‍നിന്നു മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സുമിത്ര പറഞ്ഞു. എത്രയും പെട്ടെന്നു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പ്രവര്‍ത്തനം തുടങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാണിജ്യകേന്ദ്രമായ ഇന്‍ഡോര്‍ മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ്.