|

ആത്മപ്രശംസയുടെ ആവശ്യമില്ല; കോടതി വിധി സ്വയം സംസാരിക്കുന്നുണ്ട്: 2ജി വിധിയില്‍ പ്രതികരണവുമായി മന്‍മോഹന്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ആത്മപ്രശംസ നടത്തേണ്ട തനിക്കാവശ്യമില്ലെന്നും കോടതി വിധി സ്വയം സംസാരിക്കുന്നുണ്ട് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒട്ടും അടിത്തറിയില്ലാത്ത ആരോപണങ്ങളാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്നതെന്നും അതാണ് ഇപ്പോള്‍ കോടതി വിധിയിലൂടെ വ്യക്തമായെതന്നും മന്‍മോഹന്‍ സിങ് പറയുന്നു. കോടതി വിധിയിലൂടെ സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ടു.ജി.സ്പെക്ട്രം അഴിമതി കേസില്‍ കനിമൊഴിയും എ.രാജയമുടക്കമുള്ളവരെ കോടതി വെറുതെ വിട്ടതിന് പിന്നാലെയായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രതികരണം.

ഡി.എം.കെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി ബി ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്‌നിയാണ് വിധി പുറപ്പെടുവിച്ചത്.

മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായിയായ ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ജോഷി എന്നിവരെയടക്കമാണ് വെറുതെ വിട്ടത്.

ഒറ്റവരിയിലാണ് കോടതി വിധിപ്രസ്താവം നടത്തിയത്. സി.ബി.ഐ അന്വേഷിച്ച രണ്ടുകേസുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസുകളിലെയും വിധിയാണ് പുറത്തുവന്നത്.

അതേസമയം മുന്‍ സി.ഐ.ജി വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് പൂര്‍ത്തിയായത്.

നമ്മുടെ രാജ്യത്ത് നീതി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ടുജി പ്രതികള്‍ നിരപരാധികളാണെന്ന കോടിവിധിയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു.

സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണമായിരുന്നു ഇത്. ഒരു സത്യവുമുണ്ടായിരുന്നില്ല ആരോപണത്തില്‍, ഇന്നാണ് അത് തെളിയക്കപ്പെട്ടതെന്ന് പി.ചിദംബരം പറഞ്ഞു.