| Friday, 17th May 2019, 7:21 pm

രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്; തീവ്രവാദത്തെ ബഹുമാനിക്കുന്നവരെ പാഠം പഠിപ്പിക്കണമെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷജാപൂര്‍: രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍.

‘ഇത് ഇന്ത്യയാണ്. ആര്‍ക്കാണോ സഹനശേഷിയുള്ളത് അവര്‍ക്ക് വിവേചനമില്ലാതെ ഇവിടെ ജീവിക്കാന്‍ കഴിയും. നിങ്ങള്‍ ചൈനയിലോ ബ്രിട്ടണിലോ പോവുകയാണെങ്കില്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയില്ല.’മഹേന്ദ്രസിങ് സോളങ്കിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രജ്ഞാ സിങ് ഠാക്കൂര്‍.

എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പോലും വോട്ട് ചെയ്യുമെന്നും ആ മാനസികാവസ്ഥ ഈ സമയത്ത് മാറ്റണമെന്നും ജനങ്ങള്‍ ചെറിയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യരുതെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് തീവ്രവാദം ഇല്ലാതാക്കണമെന്നും ആരാണോ തീവ്രവാദത്തെ ബഹുമാനിക്കുന്നത് അവര്‍ക്ക് ഒരു പാഠം പഠിപ്പിച്ചുകൊടുക്കണമെന്നും പ്രജ്ഞാ സിങ് പറഞ്ഞു.

ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ നിലപാട് വലിയ വിവാദമായിരുന്നു.

ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംങ്.

എന്നാല്‍ അവരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിങ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more