മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ പൗരാവകാശങ്ങള്‍ ലംഘിക്കരുത്: ആര്‍.എം.പി
Daily News
മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ പൗരാവകാശങ്ങള്‍ ലംഘിക്കരുത്: ആര്‍.എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2015, 3:08 pm

Revolutionary-Marxist-Partyകോഴിക്കോട്: കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പോലീസ് പൗരാവകാശങ്ങള്‍ ലംഘിക്കരുതെന്ന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കേന്ദ്ര ഫണ്ടില്‍ കണ്ണുനട്ടുള്ള പോലീസിന്റെ നീക്കങ്ങള്‍ മാവോയിസ്റ്റ് ഭീതി പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രൂപേഷിനും ഷൈനയ്ക്കുമെതിരെ നിലവിലുള്ള കേസുകള്‍ ദുര്‍ബലമായതിനാല്‍ പുതിയ കേസുകള്‍ കെട്ടിച്ചമയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ആര്‍.എം.പി പത്രപ്രസ്താവനയില്‍ ആരോപിച്ചു.

രൂപേഷിന്റേയും ഷൈനയുടേയും മകള്‍ ആമിയെ ചോദ്യം ചെയ്യാനും കേസില്‍ പെടുത്താനുമുള്ള ശ്രമങ്ങള്‍  കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും ആര്‍.എം.പി. പത്രപ്രസ്താവനയില്‍ പറയുന്നു.

ഭരണകൂടത്തിനെതിരെ മാവോയിസ്റ്റുകള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ആക്രമണങ്ങള്‍ വഴിതെറ്റിപ്പോയ രാഷ്ട്രീയ പാതയുടെ സൂചനകളാണ്. നീറ്റ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസിനു നേരെ നടത്തിയ ആക്രമണം ഫലത്തില്‍ ജനകീയ സമരങ്ങളെ പ്രതികൂലമായാണ് ബാധിച്ചത്.

രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ ജനകീയ രാഷ്ട്രീയ പാതയിലേക്ക് എത്തിച്ചേരേണ്ട ബാധ്യത മാവോയിസ്റ്റുകള്‍ക്കുണ്ടെന്നും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണകൂടം ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്ക് മാറുന്നതിനെതിരെ ഐക്യപ്പെടേണ്ടതുണ്ടെന്നും ആര്‍.എം.പി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.