വാട്ട്‌സ്ആപ്പ് വഴിയുള്ള അവധി അപേക്ഷയ്ക്ക് വിലക്കുമായി കമ്പനികള്‍
Big Buy
വാട്ട്‌സ്ആപ്പ് വഴിയുള്ള അവധി അപേക്ഷയ്ക്ക് വിലക്കുമായി കമ്പനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th August 2016, 5:38 pm

ന്യൂദല്‍ഹി: അവധിയ്ക്ക് അപേക്ഷിക്കാനും ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് രാജ്യാന്തര കമ്പനികള്‍.

അഡിഡാസ്, ആംവെ, ഹീറോ സൈക്കിള്‍സ്, ആര്‍.പി.ജി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ സെര്‍വറുമായി ബന്ധമില്ലാത്തതിനാല്‍ വാട്ട്‌സ്ആപ്പ് മുഖേന ഔദ്യോഗിക സന്ദേശങ്ങള്‍ അയക്കുന്നത് സ്ഥാപനത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നും, അതിനാലാണ് ഇതിനെതിരെ പൊതുനയം തയ്യാറാക്കിയതെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

മാത്രമല്ല ജീവനക്കാരുടെ ഫോണ്‍ നഷ്ടപ്പെടാന്‍ ഇടയായാലോ, ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് രാജി വെച്ച് പോയാലോ സ്ഥാപനത്തിന്റെ സ്വകാര്യവിവരങ്ങളുടെ സുരക്ഷയെ ഇത് ബാധിക്കുമെന്നും വിശദീകരിച്ചു. ഒഴിവുദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ ഒരുപക്ഷേ അസൗകര്യം സൃഷ്ടിച്ചേക്കാമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

ഇമെയില്‍ പോലെ ഒരു ഔദ്യോഗിക വിനിമയമായി വാട്ട്‌സ്ആപ്പിനെ പരിഗണിക്കാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രാജ്യത്തെ മിക്ക കമ്പനികളും.