| Tuesday, 12th April 2016, 2:18 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് കുത്തുബുദ്ദീന്‍ അന്‍സാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്:  തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇരയായ കുത്ത്ബുദ്ദീന്‍ അന്‍സാരി. അസാം തെരഞ്ഞെടുപ്പ്  പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു കുത്ത്ബുദ്ദീന്‍ അന്‍സാരി.

ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിത്രം ഉപയോഗിക്കുന്നത് തന്നെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 29 വയസുള്ളപ്പോഴാണ് ഈ ചിത്രമെടുത്തത്. ഇപ്പോള്‍ തനിക്ക് 43 വയസായെന്നും കലാപത്തിനിടെ തന്നെ മരിച്ചിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും കുത്തുബുദ്ദീന്‍ അന്‍സാരി പറഞ്ഞു.

ഞാന്‍ മനപ്പൂര്‍വ്വം ഫോട്ടോയെടുക്കാന്‍ നിന്നു കൊടുത്തതാണെന്നാണ് ചിലര്‍ കരുതുന്നതെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ അന്‍സാരി പറഞ്ഞു.

14 വര്‍ഷമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കും തീവ്രവാദ ബന്ധമാരോപിച്ചും ചിത്രം പ്രചരിപ്പിച്ചു എന്നും ഇനിയെങ്കിലും ഗുജറാത്തില്‍ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അന്‍സാരി പറഞ്ഞു.

2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഒരിക്കലും മറക്കാത്ത മുഖമായ അന്‍സാരിയുടെ ചിത്രം റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായിരുന്ന ആര്‍ക്ക ദത്തയാണ് എടുത്തിരുന്നത്. ഇരു കൈകളുംകൂപ്പി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനോട് ജീവന് വേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഈ ചിത്രമാണ് തന്നെ രക്ഷിച്ചതെന്നും സംഭവം നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാലാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുകാര്‍ തന്നെയും കുടുംബത്തെയും രക്ഷിച്ചതെന്നും അന്‍സാരി പറഞ്ഞു.

കലാപശേഷം അന്‍സാരി ബംഗാള്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം കൊല്‍ക്കത്തയിലേക്ക് താമസം മാറിയിരുന്നെങ്കിലും മാതാവിന്റെ അസുഖകാരണത്താല്‍ അദ്ദേഹം ഗുജറാത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

We use cookies to give you the best possible experience. Learn more