| Tuesday, 25th April 2023, 5:29 pm

ഞങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കരുത്: അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തങ്ങളെ തമ്മിലടിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കങ്ങള്‍ ദിവസേന പുറത്തു വന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സച്ചിന്റെ പേരെടുത്തു പറയാതെയുള്ള മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന.

‘മാധ്യമങ്ങള്‍ സത്യത്തിലും വസ്തുതകളിലും ഉറച്ച് നില്‍ക്കണം. മാധ്യമങ്ങള്‍ ഞങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തി അവരുടെ കടമകള്‍ നിര്‍വ്വഹിക്കണം. തെറ്റായ കാര്യങ്ങളും കണക്കുകളും പറയണമെന്നോ ശരിയല്ലാത്ത കാര്യത്തിനെ പിന്തുണക്കണമെന്നോ ഞാന്‍ പറയില്ല, എന്നാല്‍ സത്യത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാവണം പ്രവര്‍ത്തിക്കേണ്ടത്. മാധ്യമങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ അവര്‍ ഉറപ്പായും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം,’ ഗെലോട്ട് പറഞ്ഞു.

2018ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണത്തിലെത്തിയതു മുതല്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കങ്ങള്‍ പതിവായിരുന്നു. അടുത്തിടെ ബി.ജെ.പി നേതാക്കളുടെ അഴിമതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് ഉപവാസ സമരം നടത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കുമെന്നുള്ളത് 2018ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും എന്നാല്‍ വിഷയത്തില്‍ ശരിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നും വ്യക്തമാക്കിയാണ് സച്ചിന്‍ ഉപവാസ സമരം പ്രഖ്യാപിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെ മുന്‍നിര്‍ത്തിയാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടപ്പിലാക്കിയെന്നും അത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുകയാണെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. 2023 അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക.

‘വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും റോഡ് ഷോകളുടെ ഭാഗമാകും, പണമിറക്കും, ജയിക്കാനായി എന്തും ചെയ്യും. എന്നാല്‍ ഞങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികളെ മുന്‍നിര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക,’ ഗെലോട്ട് പറഞ്ഞു.

Content Highlights:Dont try to make us fight with each other: Ashok gehlot

We use cookies to give you the best possible experience. Learn more