ഹൈദരാബാദ്: ചലച്ചിത്ര താരങ്ങളായ കമല്‍ഹാസനും രജനികാന്തിനും മികച്ച രാഷ്ട്രീയക്കാരാകാന്‍ കഴിയുമെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മണിശങ്കര്‍ അയ്യര്‍. ഹൈദരാബാദില്‍ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് തമിഴ് രാഷ്ട്രീയത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ കഴിയില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.
രജനീകാന്ത് നല്ല മനുഷ്യനാണെന്നും എന്നാല്‍ നല്ല മനുഷ്യന്‍ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞാല്‍ അത് താന്‍ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നതുപോലെ നടക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. “രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. നമുക്ക് നല്ല മനുഷ്യരെയാണ് ആവശ്യവും. എന്നാല്‍ നല്ല മനുഷ്യര്‍ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നത് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നതു പോലെ നടക്കാത്ത കാര്യമാക്കണ്ട അദ്ദേഹം പറഞ്ഞു.
എം.ജി.ആറും ജയലളിതയും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കാരണം അവര്‍ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതാണെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ രാഷ്ട്രീയ തത്വചിന്തയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ സിനിമയെ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെ രാഷ്ട്രീയത്തിലേക്ക പകര്‍ത്താന്‍ കഴിയില്ലെന്ന പറഞ്ഞ മണിശങ്കര്‍ അയ്യര്‍ ശിവാജി ഗണേശന്റെയും വിജയ കാന്തിന്റെയും കരിയര്‍ ഇതിനു ഉദാഹരണമാണെന്നും പറഞ്ഞു. “ശിവാജി ഗണേശനും ക്യാപ്റ്റന്‍ വിജയകാന്തിന്റെയും സിനിമ കരിയര്‍ വിജയമാണ്. പക്ഷേ അവര്‍ക്കത് രാഷ്ട്രീയത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരിന്നില്ല.” അയ്യര്‍ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നീച് ആദ്മി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായിരുന്ന മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.