ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സിലെ സിന്ധുവിന്റെ വെള്ളിമെഡല്‍ നേട്ടത്തിലൂടെ ഇന്ത്യയുടെ വനിതാ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമാരാണെന്ന കാര്യത്തില്‍ കായികവിശകലകലര്‍ക്കിടയിലും കളി പ്രേമികള്‍ക്കിടയിലും എതിരഭിപ്രായമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ചിലര്‍ സിന്ധുവിന്റെ പക്ഷം പിടിക്കുമ്പോള്‍ മറ്റ് ചിലര്‍ സൈന നെഹ്‌വാള്‍ തന്നെയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമെന്ന് വാദിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സിന്ധുവിന് വ്യക്തമായ ഉത്തരമുണ്ട്. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയതിലൂടെ സൈനയേക്കാള്‍ വലിയ താരമാണെന്ന് കരുതുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താനങ്ങനെ കരുതുന്നില്ലെന്നായിരുന്നു സിന്ധുവിന്റെ മറുപടി. ി
സിന്ധുവിന് കൂടുതല്‍ പരിഗണന നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടി സൈന ഗോപീചന്ദ് അക്കാദമിയില്‍ നിന്ന് പിന്മാറിയത് ഗുണകരമായില്ലേ എന്ന ചോദ്യത്തിനും ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ താരോദയത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു.
“ഗോപീസര്‍ അക്കാദമിയിലെ എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അക്കാദമി വിടുക എന്നത് സൈനയുടെ തീരുമാനമായിരുന്നു. സൈനയ്ക്ക് എന്താണ് ശരിയെന്ന് തോന്നുന്നതാണ് അവര്‍ ചെയ്തത്. സിന്ധു പറയുന്നു.
എന്തായാലും ലോക ബാഡ്മിന്റണ്‍ അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം സൈന തന്നെയാണ് സിന്ധുവിനെക്കാള്‍ ഒരു പടി മുന്നില്‍. ഒളിമ്പിക്‌സിന് മുമ്പ് ലോക അഞ്ചാം നമ്പറിലായിരുന്ന സൈന നാല് സ്ഥാനം പിന്നോട്ടിറങ്ങി ഒന്‍പതാം സ്ഥാനത്താണ്. സൈനയുടെ തൊട്ട് പിന്നിലായി പത്താം സ്ഥാനത്തായി സിന്ധുവുമുണ്ട്.