'ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നിലുള്ള സത്യം തിരക്കുമ്പോള്‍ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് അമ്പരപ്പിക്കുന്നു': മെഹ്ബൂബ മുഫ്ത്തി
national news
'ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നിലുള്ള സത്യം തിരക്കുമ്പോള്‍ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് അമ്പരപ്പിക്കുന്നു': മെഹ്ബൂബ മുഫ്ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2019, 5:23 pm

ശ്രീനഗര്‍: ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് പിന്നിലുള്ള സത്യാവസ്ഥ അന്വേഷിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ രാജ്യദ്രോഹികളെന്നു മുദ്രകുത്തുന്നത് താന്‍ അത്ഭുതപ്പെടുത്തുന്നുവെന്നു മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹ്ബൂബ മുഫ്ത്തി. ബി.ജെ.പിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന.

Also Read കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

“രാജ്യത്തെ പ്രതിപക്ഷത്തെ അപ്പാടെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍, നോട്ടുനിരോധനം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍, ജി.എസ്.ടി., തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദിയും ബി.ജെ.പിയും ഇത് ചെയ്യുന്നത്. ഈ കെണിയില്‍ പ്രതിപക്ഷം വീണു പോകരുത്.” മുഫ്ത്തി പറഞ്ഞു.

പാകിസ്ഥാന്‍ അധീന കശ്മീരിലും, പാകിസ്ഥാനിലെ പഖ്ത്തുന്‍ഖ്വായിലും ഇന്ത്യന്‍ വ്യോമസേന ജെയ്ഷെ മുഹമ്മദ് തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നും മെഹ്ബൂബ മുഫ്ത്തി പറഞ്ഞു.

Also Read ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് ഭീകരവാദം ഉണ്ടായിരുന്നില്ല?; ഇപ്പോള്‍ മാത്രം എന്തുകൊണ്ട് ഉണ്ടാവുന്നു: എച്ച്.ഡി കുമാരസ്വാമി

“അതിരാവിലെ നടത്തിയ ആക്രമണത്തില്‍ ഭീകരക്യാമ്പുകള്‍ ഒന്നും തകര്‍ക്കപ്പെട്ടിട്ടില്ലെന്നും, ഇന്ത്യന്‍ വിമാനങ്ങള്‍ ഉടന്‍ തന്നെ തിരിച്ച് പറന്നു എന്നുമാണ് പാകിസ്ഥാന്‍ പറയുന്നത്. അതേസമയം ഭീകര ക്യാമ്പുകള്‍ തകര്‍ത്തു എന്നും ഭീകരര്‍ വധിക്കപ്പെട്ടു എന്നും ഇന്ത്യയും പറയുന്നു. രണ്ട് ഭാഗത്തെയും ഉദ്ദേശലക്ഷ്യങ്ങള്‍ സാധൂകരിക്കപ്പെട്ടു എന്ന് കരുതാം” മെഹ്ബൂബ മുഫ്ത്തി ട്വിറ്ററില്‍ കുറിച്ചു.

ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300ഓളം പാക് ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജെയ്‌ഷെ മുഹമ്മദില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപെട്ടുവെന്നും, നിരവധി ഭീകര ക്യാമ്പുകള്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടുവെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മാധ്യമങ്ങളെ അറിയിച്ചിരുന്നു.