രാജമുണ്‍ട്രി: ബി.ജെ.പിയെ കോണ്‍ഗ്രസ് രാജ്യസ്‌നേഹം പഠിപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് അമിത് ഷാ. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്ന കോണ്‍ഗ്രസ് ഭീകരാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ഭീകരാക്രമണത്തിന്റെ ഭീതിയിലായിരിക്കുമ്പോൾ മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അമിത് ഷാ.മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ പ്രതിപക്ഷം ഭീകരവാദികളുടെ പോലും സഹായം തേടിയെന്നും അമിത് ഷാ ആരോപണമുയർത്തി.
പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. 2016ൽ പാകിസ്ഥാനെതിരെ നടന്ന മിന്നലാക്രമണത്തിൽ വരെ സംശയം പ്രകടിപ്പിച്ചവരാണ് കോണ്‍ഗ്രസ് എന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു പാക്ക് കരസേനാ മേധാവിയെ ആലിംഗനം ചെയ്തതിനെ കുറിച്ചും അമിത് ഷാ സൂചിപ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജെ.എന്‍.യു സര്‍വകലാശാലയില്‍ എത്തി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ പ്രശംസിച്ചുവെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാത്തതിന് കാരണം മുന്‍ പ്രധാനമന്ത്രി നെഹ്‌റുവാണെന്നും പട്ടേല്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.