കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങരുത്: ഇടത് കക്ഷികള്‍
India
കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങരുത്: ഇടത് കക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2013, 6:24 pm

[]ന്യൂദല്‍ഹി: ആണവബാധ്യതാ നിയമം ദുര്‍ബലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇടത് നേതാക്കള്‍ രംഗത്ത്.

കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് ഇടത് നേതാക്കള്‍ ദില്ലിയില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ ബില്ലില്‍ അമേരിക്കന്‍ സമ്മര്‍ദ്ദഫലമായി വെള്ളം ചേര്‍ക്കരുതെന്ന് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.

ബില്ല് ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം രാജ്യതാല്‍പ്പര്യത്തിന് എതിരാവുമെന്ന് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമാണ്. ഇന്ത്യയിലെ പൗരന്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നല്‍കാത്ത നടപടിയാവും ഇത്.

സ്വന്തം താല്‍പ്പര്യത്തിന് അനുസരിച്ച് റിയാക്ടറുകള്‍ വില്‍ക്കാനാണ് യു.എസ് ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിയമങ്ങള്‍ പാലിക്കപ്പെടണം. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ബില്ലിന്‍ വെള്ളം ചേര്‍ക്കാന്‍ നേരത്തെ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നതായും എന്നാല്‍ സ്റ്റാന്‍ഡിങ് കമറ്റിയുടെ എതിര്‍പ്പ് കാരണം നടക്കാതെ പോവുകയായിരുന്നെന്നും കാരാട്ട് വ്യക്തമാക്കി.

സര്‍ക്കാര്‍ നീക്കം സംശയാസ്പദമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജയും പറഞ്ഞു. ബില്ലില്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാറിന്റെ രഹസ്യ നീക്കമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ആണവ ദുരന്തങ്ങളുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍ നിന്ന് ആണവ നിലയങ്ങള്‍ സ്ഥാപിച്ച വിദേശ കമ്പനികളെ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ്  പുറത്ത് വന്നത്.

ഇപ്പോഴുള്ള നിയമപ്രകാരം ആണവ ദുരന്തങ്ങളുണ്ടാകുന്നത് പ്രസ്തുത കമ്പനിയുടെ കുഴപ്പം കൊണ്ടോ കമ്പനിയുടെ ഉപകരണങ്ങള്‍ കൊണ്ടോ ആണെങ്കില്‍ അതിന്റെ അതിന്റെ എല്ലാ ബാധ്യതയും ആ വിദേശ കമ്പനിക്ക് തന്നെ ആയിരിക്കുമെന്നതാണ്.

അത്തരം അപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈ റിയാക്ടറുകള്‍ നിര്‍മിച്ചു നല്‍കിയ വിദേശകമ്പനികളില്‍ ഈടാക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്

എന്നാല്‍ ഈ നിയമമാണ് ദുര്‍ബലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ആണവബാധ്യതാ നിയമത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

ഈ മാസം 21 നാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തുന്നത്. ഈ കൂടിക്കാഴ്ചയില്‍ ആണവോര്‍ജ കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ അമേരിക്കന്‍ കമ്പനികളുമായി കരാര്‍ ഒപ്പുവയ്ക്കാനും ആലോചനയുണ്ടെന്നാണ് സൂചന.