പത്തനംതിട്ട: ശബരിമല റിപ്പോര്‍ട്ടിങ്ങിനായി യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ശബരിമല കര്‍മ സമിതിയുടെ കത്ത്. റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള അവകാശമുണ്ട്. പ്രതിഷേധങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും കത്തില്‍ പറയുന്നു.
കര്‍മസമിതി ജനറല്‍ സെക്രട്ടറി എസ് ജെആര്‍ കുമാറിന്റെ പേരിലുള്ള കത്ത് പി.ടി.ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വി.എച്ച്.പിയും ഹിന്ദു ഐക്യവേദിയുമടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മായണ് ശബരിമല കര്‍മ സമിതി.
കഴിഞ്ഞ തവണ അഞ്ച് ദിവസത്തേക്ക് നട തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വന്‍ അക്രമമാണ് പ്രതിഷേധക്കാര്‍ അഴിച്ചുവിട്ടിരുന്നത്. ഇതില്‍ ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കുമ്പോള്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന് ബി.ജെ.പി-സംഘപരിവാര്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരോടും വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.