ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രം “പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി” യുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.
ഏപ്രില്‍ അഞ്ചിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ഏപ്രില്‍ 11 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവെക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
മോദിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് കത്തില്‍ പറയുന്നു.
ചിത്രത്തില്‍ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രംഗങ്ങളുണ്ടെന്നും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.
എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഗാനരചയിതാവ് ജാവേദ് അക്തര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിനു വേണ്ടി ഗാനമെഴുതിയിട്ടില്ലാത്ത തന്റെ പേര് പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി എന്ന് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉണ്ടെന്ന വിമര്‍ശനമായിരുന്നു ജാവേദ് അക്തര്‍ ഉയര്‍ത്തിയത്.