'വെയിലത്ത് നിരാഹാരമിരുന്നാല്‍ കറുത്തുപോകും, നല്ല പയ്യനെ കിട്ടുകയുമില്ല': നഴ്‌സുമാരോട് ഗോവ മുഖ്യമന്ത്രി
Daily News
'വെയിലത്ത് നിരാഹാരമിരുന്നാല്‍ കറുത്തുപോകും, നല്ല പയ്യനെ കിട്ടുകയുമില്ല': നഴ്‌സുമാരോട് ഗോവ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2015, 11:22 am

പനാജി: നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. വെയിലറ്റ് നിരാഹാര സമരം നടത്തേണ്ടെന്നും അത് നിങ്ങളെ കറുമ്പിയാക്കുമെന്നും അതുവഴി വിവാഹസാധ്യത ഇല്ലാതാവുമെന്നുമാണ് പര്‍സേക്കര്‍ പറഞ്ഞത്.

“ആവശ്യങ്ങള്‍ അറിയിക്കാനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് പെണ്‍കുട്ടികള്‍ വെയിലറ്റ് നിരാഹാര സമരം നടത്തരുതെന്നാണ്, അത് ഞങ്ങള്‍ കറുക്കാനും അതുവഴി നല്ല വരനെ കിട്ടാത്ത അവസ്ഥവരുമെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ ഉപദേശം.”  നഴ്‌സുമാരിലൊരാളായ അനുഷസാവന്ത് പറഞ്ഞു.

നഴ്‌സുമാരുടെ കാര്യത്തില്‍ വേദനയുണ്ടെങ്കില്‍ മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതായി തങ്ങള്‍ക്കറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അദ്ദേഹം ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കി.

ഗോവയില്‍ നഴ്‌സുമാരും 108 ആംബുലന്‍സ് സേവനം നടത്തുന്ന തൊഴിലാളികളും കുറച്ചുദിവസമായി നിരാഹാര സമരം തുടരുകയാണ്. സ്വകാര്യ സ്ഥാപനം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത സേവനമാണ് 108 ആംബുലന്‍സ്. സ്ഥാപനം 33 ആംബുലന്‍സിനു തുകവാങ്ങുന്നുണ്ടെങ്കില്‍ 13 ആംബുലന്‍സ് മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് ഇവരുടെ ആരോപണം.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഇവരുടെ പ്രതിനിധികള്‍ രണ്ടുതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പൊതുപരിപാടി ഉപരോധിക്കാനാണ് ഇവരുടെ തീരുമാനം.