'തോറ്റവരുടെ ഉപദേശം വേണ്ട'; യു.എന്നില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ
National
'തോറ്റവരുടെ ഉപദേശം വേണ്ട'; യു.എന്നില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2018, 2:38 pm

യു.എന്‍: യു.എന്നില്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാക് ശ്രമത്തെ കടുത്ത ഭാഷയില്‍ വിമര്‍ഷിച്ച് ഇന്ത്യ. പരാജിതരുടെ ഉപദേശം വേണ്ട എന്നാണ് ഇന്ത്യന്‍ സെക്രട്ടറി മിനി ദേവി കൂമാം പ്രതികരിച്ചത്. പാക്കിസ്ഥാന്റെ ആരോപണങ്ങളെ നിഷ്പ്രഭമാക്കിയായിരുന്നു ഇന്ത്യയുടെ മറുപടി.

“പരാജിതമായ ഒരു രാജ്യത്തില്‍ നിന്ന് ലോകത്തിന് ജനാധിപത്യം പഠിക്കേണ്ട ആവശ്യമില്ല. തീവ്രവാദികള്‍ പോലും തെരുവുകളില്‍ സൈ്വര്യവിഹാരം നടത്തുന്ന രാജ്യമാണോ മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത്”- ഇന്ത്യന്‍ സെക്രട്ടറി ചോദിച്ചു.


Also Read: സര്‍ക്കാര്‍ ജോലിക്ക് മതം വെളിപ്പെടുത്തണം; വിവാദ ഉത്തരവുമായി പാകിസ്ഥാന്‍ കോടതി


യു.എന്നിലെ പാക് പ്രതിനിധി താഹില്‍ അഡ്രാബിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു മിനി ദേവി കുമാം. സ്വയം നിര്‍ണയാവകാശമാണ് കാശ്മീരിന്റെ പ്രശ്‌നമെന്നും, ഇക്കാര്യം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു തന്നെ പറഞ്ഞിരുന്നെന്നുമാണ് താഹിര്‍ വെള്ളിയാഴ്ച യു.എന്നില്‍ പറഞ്ഞത്.

അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെയും മുല്ലാ ഒമറിനെയും സംരക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാനെന്നും മുംബൈ, ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാക്കിസ്ഥാന്‍ ശിക്ഷിക്കുന്നത് കാത്തിരിക്കുകയാണ് ഇന്ത്യയെന്നും മിനി ദേവി കുമാം പറഞ്ഞു.


Also Read:  വീണ്ടും പ്രോട്ടോക്കോള്‍ തെറ്റിച്ച് മോദി; ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചു


മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും മുന്‍ പാക് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഒപ്പുവച്ച 1974ലെ ഷിംല കരാറില്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച് വ്യക്തമായി തീരുമാനമുള്ളതാണെന്നും മറ്റൊരാള്‍ക്ക് അതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വളര്‍ന്നു വരുന്ന ഭീകരവാദമാണ് കാശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നമെന്നും പാക്കിസ്ഥാന്‍ അതിന് ചുക്കാന്‍ പിടിക്കുകയാണെന്നും ഇന്ത്യ യു.എന്നില്‍ ആരോപിച്ചു.