| Wednesday, 12th September 2012, 12:46 pm

ഹിന്ദി ഗാനത്തിന് ഇംഗ്ലീഷ് പരിഭാഷയുമായി ഷാരൂഖ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ ചിത്രമായ “ജബ് തക് ഹെ ജാന്‍” ലെ അവതരണഗാനത്തിന് ഇംഗ്ലീഷ് പരിഭാഷയുമായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ഗുല്‍സാര്‍ രചിച്ച വരികളോടുള്ള അടങ്ങാത്ത താത്പര്യമാണ് ഇംഗ്ലീഷ് പരിഭാഷയിലേക്ക് വഴിതുറന്നതെന്ന് ബോളിവുഡ് ബാദ്ഷാ ട്വിറ്ററില്‍ കുറിച്ചു.

ഗാനത്തിന്റെ ഹിന്ദി വരികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എ.ആര്‍ റഹ്മാനാണ്. ഷാരൂഖ് നായകനാകുന്ന ചിത്രത്തില്‍ കത്രീന കൈഫും അനുഷ്‌ക ശര്‍മയുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[]

ഷാരൂഖിന്റെ പരിഭാഷ കണ്ട് അദ്ദേഹത്തിന്റെ താളബോധത്തെയും വരികളുടെ ഘടനയെയും മിക്കയാളുകളും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും ഷാരൂഖിന് സമാധാനമായില്ല. ചില മാറ്റങ്ങള്‍ വരുത്തി മറ്റൊരു പരിഭാഷ കൂടി ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

ജബ് തക് ഹെ ജാന്‍ എന്ന കവിതയുടെ പരിഭാഷ തനിക്ക് അയച്ചുതരാന്‍ ഷാരൂഖ് തന്റെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

1994ല്‍ പുറത്തിറങ്ങിയ “വീര്‍ സാറ”യ്ക്കുശേഷം സംവിധായകന്‍ യാഷ് ചോപ്രയുടെ മടങ്ങിവരവുകൂടിയാണ് “ജബ് തക് ഹെ ജാന്‍”. കത്രീന കൈഫ് ആദ്യമായി ഷാരൂഖിന്റെ നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദീപാവലിക്കാണ് ചിത്രം തിയേറ്ററുകളിലെത്തുക.

We use cookies to give you the best possible experience. Learn more