കക്കൂസ് ഇല്ലാത്ത വീട്ടിലേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കരുത്: നിതീഷ് കുമാര്‍
India
കക്കൂസ് ഇല്ലാത്ത വീട്ടിലേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കരുത്: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2013, 12:22 pm

[]പാട്‌ന: കക്കൂസ് ഇല്ലാത്ത വീടുകളിലേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കരുതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

കക്കൂസുകള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ അനുഭവിക്കുന്നത് സത്രീകളാണെന്നും നീതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറിലെ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ അനാരോഗ്യത്തിന്റെ 90 ശതമാനം കാരണവും വേണ്ടത്ര ശുചിത്വ സൗകര്യമില്ലാത്തതാണ്.

ശുചിത്വ ക്രമീകരണങ്ങള്‍ ഇല്ലാത്തത് വൃത്തിയുടെ മാത്രം കാര്യമല്ലെന്നും അന്തസ്സിന്റേത് കൂടിയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ എ.പി.എല്‍, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് കക്കൂസ് നിര്‍മിക്കുന്നതിനായി 10,000 രൂപ വീതം നല്‍കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കക്കൂസ് ഇല്ലാത്ത വീട്ടിലേക്ക് പെണ്ണിനെ നല്‍കരുതെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി ജയറാം രമേശും പറഞ്ഞിരുന്നു. കക്കൂസില്ലെങ്കില്‍ പെണ്ണില്ല എന്ന മുദ്രാവാക്യം സ്വീകരിക്കാനും ജയറാം രമേശ് ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്ത് ക്ഷേത്രങ്ങളെക്കാള്‍ കൂടുതല്‍ വേണ്ടത് കക്കൂസുകളാണെന്ന ജയറാം രമേശിന്റെ പ്രസ്താവനയും വലിയ വിവാദമായിരുന്നു. പിന്നീട് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഇതേ പ്രസ്താവന നടത്തിയിരുന്നു.